
2026-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്‌കാരം അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാളിനും മൈക്കിൾ വുഡ്‌ഫോർഡിനും. സാമ്പത്തിക സുസ്ഥിരതയും മാക്രോ ഇക്കണോമിക് സ്ഥിരത ഉറപ്പാക്കുന്നതിനുള്ള മൈക്രോ ഇക്കണോമിക് അടിത്തറകളും സംബന്ധിച്ച ഗവേഷണങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം.
സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നതിനും അപ്രതീക്ഷിത ആഘാതങ്ങളുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിനും കേന്ദ്ര ബാങ്കുകൾക്കും സർക്കാരുകൾക്കും സഹായകമാകുന്ന സൈദ്ധാന്തിക ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിൽ ഇരുവരുടെയും പഠനങ്ങൾ നിർണായക പങ്കുവഹിച്ചു. ഊർജ പ്രതിസന്ധികൾ, ഗാർഹിക ഉപഭോഗത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ തുടങ്ങിയ സാമ്പത്തിക വെല്ലുവിളികളെ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഈ ഗവേഷണങ്ങൾ സഹായകമാണെന്നാണ് വിലയിരുത്തൽ.
12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 ദശലക്ഷം യുഎസ് ഡോളർ) ആണ് പുരസ്‌കാരത്തുക. ഒക്ടോബർ 12-ന് സ്റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പുരസ്‌കാരം പ്രഖ്യാപിച്ചു.
കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ സാമ്പത്തികശാസ്ത്രജ്ഞനായി പ്രവർത്തിക്കുന്നയാളാണ് റോബർട്ട് ഇ. ഹാൾ. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ സാമ്പത്തികശാസ്ത്രജ്ഞനാണ് മൈക്കിൾ വുഡ്‌ഫോർഡ്.










