03:06pm 01 May 2026
NEWS
പശ്ചിമേഷ്യയിൽ സമാധാനത്തിനായി പരിശ്രമിച്ചു; ഈ വർഷത്തെ സമാധാന നോബൽ പുരസ്കാര പട്ടികയിൽ ഡൊണാൾ‍ഡ് ട്രംപും?
01/05/2026  10:47 AM IST
nila
പശ്ചിമേഷ്യയിൽ സമാധാനത്തിനായി പരിശ്രമിച്ചു; ഈ വർഷത്തെ സമാധാന നോബൽ പുരസ്കാര പട്ടികയിൽ ഡൊണാൾ‍ഡ് ട്രംപും?

സമാധാനത്തിനുള്ള 2026-ലെ നോബൽ പുരസ്കാര തിരഞ്ഞെടുപ്പ് നടപടികൾക്ക് നോർവെയിൽ തുടക്കമായി. ഇത്തവണ ആകെ 287 പേരും സംഘടനകളും പരിഗണന പട്ടികയിൽ ഇടം നേടിയതായി നോർവീജിയൻ നോബൽ കമ്മിറ്റി അറിയിച്ചു. ഇതിൽ 197 വ്യക്തികളും 90 സംഘടനകളും ഉൾപ്പെടുന്നു. സ്ഥാനാർഥികളുടെ പേരുകൾ ഔദ്യോഗികമായി 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നതാണ് പതിവ്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശ പട്ടികയിൽ ഉണ്ടാകാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കുറയ്ക്കാൻ അമേരിക്ക നടത്തിയ നയതന്ത്ര ഇടപെടലുകളാണ് ട്രംപിന്റെ പേരും സമാധനത്തിനുള്ള നൊബേൽ സമ്മാനത്തിനുള്ള പട്ടികയിൽ ഇടംപിടിക്കാൻ കാരണമായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ നടന്ന വെടിനിർത്തൽ ശ്രമങ്ങളിലും സുരക്ഷാ ചർച്ചകളിലും ട്രംപ് ഭരണകൂടം സജീവ പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തൽ. ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ മേഖലയിലെ സമാധാന സാധ്യതകൾക്ക് വഴിയൊരുക്കിയെന്നുമാണ് നാമനിർദ്ദേശം നൽകിയവരുടെ വിലയിരുത്തൽ.

അതേസമയം, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ ഈ വർഷത്തെ തിരഞ്ഞെടുപ്പിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. നാറ്റോ രാജ്യങ്ങൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും ഹോർമുസ് കടലിടുക്ക് സംബന്ധിച്ച സംഘർഷാവസ്ഥയും ലോക ഊർജ്ജ വിപണിയെ സമ്മർദ്ദത്തിലാക്കിയ സാഹചര്യത്തിലാണ് സമാധാന പുരസ്കാരത്തിനുള്ള പരിഗണന നടക്കുന്നത്. ആൽഫ്രഡ് നോബലിന്റെ ആശയങ്ങളോട് യോജിക്കുന്ന വ്യക്തിയെയോ സംഘടനയെയോ കണ്ടെത്തുക ഇത്തവണ നോബൽ കമ്മിറ്റിക്ക് വലിയ വെല്ലുവിളിയായേക്കുമെന്നാണ് വിലയിരുത്തൽ.

പാർലമെന്റ് അംഗങ്ങൾ, സർവകലാശാലാ അധ്യാപകർ, മുൻ നോബൽ ജേതാക്കൾ എന്നിവർക്കാണ് സമാധാന നോബലിലേക്ക് നാമനിർദ്ദേശം നൽകാനുള്ള അവകാശം. ഇത്തവണ രാഷ്ട്രീയ നേതാക്കളോടൊപ്പം മനുഷ്യാവകാശ-ദുരിതാശ്വാസ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനകളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുന്നത് ഒക്ടോബറിലായിരിക്കും. അതിന് മുമ്പായി ഈ വർഷത്തിന്റെ മധ്യത്തോടെ ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കുമെന്ന് നോബൽ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img