04:14pm 29 April 2026
NEWS
2026 അനന്തം അജ്ഞാതം അവർണ്ണനീയം; സമ്പൂർണ വർഷഫലം
30/12/2025  09:18 PM IST
nila
2026 അനന്തം അജ്ഞാതം അവർണ്ണനീയം; സമ്പൂർണ വർഷഫലം


2026 പൊതുഫലങ്ങൾ

ഭാരതത്തിന്റെ വളർച്ച ശത്രുക്കളിലൂടെ സമ്പത്ത് വ്യവസ്ഥകൾ ഏകീകരിക്കും. നൂതന സംരംഭങ്ങളുടെ കടന്നുവരവ് തൊഴിൽ മേഖലകളിൽ നവോന്മേഷം പകരും. ആരോഗ്യരംഗത്ത് പുത്തൻ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. കാർഷികമേഖല നല്ല വളർച്ച നേടും. കേരളത്തിൽ കേന്ദ്ര സർക്കാർ വഴി തൊഴിൽ ലഭ്യത വർദ്ധിക്കും. വിലക്കയറ്റം നിയന്ത്രിക്കാൻ പലവഴികൾ ജനങ്ങൾ നോക്കേണ്ടിവരും. അയൽരാജ്യങ്ങളുമായി സ്വരച്ചേർച്ച പലപ്പോഴും നഷ്ടമാകും.

അശ്വതി

ഈശ്വര അനുഗ്രഹം ലഭിക്കുന്നതാണ്. തൊഴിലിൽനിന്നും വിജയം കൈവരിക്കും. സുഹൃത്തുക്കളിൽനിന്നും സഹായസഹകരണങ്ങൾ കിട്ടുവാൻ യോഗം കാണുന്നു. വിവാഹം നടക്കാനും പുതുഗൃഹനിർമ്മാണത്തിനും ഉചിതമായ വർഷമാണ്. പഴയ വാഹനം മാറ്റി നൂതന വാഹനം സ്വന്തമാക്കാം. ഇഷ്ടനമ്പർ ലഭിക്കാത്തതിൽ ചെറിയ മനോവിഷമം കാണുന്നു. വിദേശത്ത് തൊഴിലിനായും, പഠിത്തകാര്യങ്ങൾക്കായും ശ്രമിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കും. കലാ, കായിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനചലനം വഴിയും പുതുസംരംഭം വഴിയും ധനലാഭം വരുവാൻ സാധ്യത. വസ്തുവകകൾ സമ്പാദിക്കാൻ ഇടവരും. കിട്ടുവാനുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കേസുവഴക്കുകൾ അനുകൂലമായിത്തീരും. മുൻകോപത്താൽ വിഷമിക്കാൻ ഇടവരും. ആയുരാരോഗ്യസൗഖ്യം കാണുന്നു. ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. വ്യായാമം വഴി ശരീരകാന്തി വർദ്ധിപ്പിക്കും. തലമുടിയുടെ കാര്യത്തിൽ അൽപ്പം വിഷമത്തിന് ഇടവരും. മറവി ചില ബുദ്ധിമുട്ടുകൾക്കും കലഹത്തിനും കാരണമാകാതെ ശ്രദ്ധിക്കുക.

ഭരണി

ഗൃഹം മോടിപിടിപ്പിക്കും. തൊഴിൽ മെച്ചപ്പെടും. പുതിയ പല ആശയങ്ങളും പ്രവർത്തിപഥത്തിൽ കൊണ്ടുവരും. വസ്ത്രവ്യാപാരം മെച്ചപ്പെടുത്തും. പുതിയ യൂണിറ്റുകൾ ആരംഭിക്കാൻ വേണ്ട പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. ചെലവ് കൂടുകയാൽ പല കാര്യങ്ങൾക്കും അവധി പ്രഖ്യാപിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ തൊഴിൽ ലഭിക്കും. വിദേശയാത്രകൾക്ക് തടസ്സം മാറികിട്ടും. കുടുംബഐക്യം നിലനിർത്താൻ ശ്രദ്ധിക്കണം. തൊഴിൽസ്ഥാനത്ത് കഴിവ് തെളിയിക്കുന്നതിനുള്ള അവസരം ലഭിക്കും. നഷ്ടപ്പെട്ട വിഷയങ്ങളിൽ എഴുതിയെടുത്തു അഭിമാനം വർദ്ധിപ്പിക്കും. സ്‌നേഹബന്ധങ്ങളിൽ നിന്നും മനഃശാന്തി നഷ്ടപ്പെടും. കലാ, കായിക, രാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനഷ്ടം വരാതെ ശ്രദ്ധിക്കുക. ഉദരസംബന്ധരോഗങ്ങൾക്ക് സാധ്യത കാണുന്നു. അലർജി, തൊലിപ്പുറത്ത് ചൊറിച്ചിൽ തുടങ്ങിയവ വരുവാൻ സാധ്യത കാണുകയാൽ പുതിയ സാധനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. സൗഭാഗ്യം വരുമെങ്കിലും മനസ്സ് പൂർണ്ണത ഇല്ലാതെ അലയുന്നതാണ്. ദാനധർമ്മങ്ങൾ വഴി മനഃസന്തോഷം ലഭിക്കും.

കാർത്തിക

കലാകായിക, രാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വളരെ അനുകൂലമായ സാഹചര്യമാണ്. പഠിതാക്കൾക്ക് വിജയവും തൊഴിൽ ലഭ്യതയും, വിദേശ രാജ്യങ്ങളിൽ പോകാൻ ശ്രമിക്കുന്നവർക്ക് അവസരങ്ങൾ ലഭിക്കുന്നതാണ്. സ്വന്തമായി തൊഴിൽരംഗത്ത് അവസരങ്ങൾ സൃഷ്ടിക്കും. സുഹൃത്തുക്കളിൽനിന്നും, സഹോദരങ്ങളിൽനിന്നും മനഃസന്തോഷം ലഭിക്കും. ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു. ചെലവുകൾ നിയന്ത്രിക്കാൻ പറ്റിയ മാർഗ്ഗങ്ങൾ അവലംബിക്കും. അംഗീകാരം പ്രശസ്തി തുടങ്ങിയവയും ശമ്പളവർദ്ധനവ്, തൊഴിലിൽ മാറ്റം, ഗൃഹനിർമ്മിതി, വാഹനലാഭം തുടങ്ങിയ ഗുണഫലങ്ങൾ കാണുന്നു. വിവാഹതടസ്സം മാറി ഉത്തമ വിവാഹത്തിന് സാധ്യതയുണ്ടാകും. സന്താനഗുണവും മുഖപ്രസാദവും, സംസാരം കൊണ്ട് ബന്ധങ്ങൾ നിലനിർത്തുകയും ഐശ്വര്യം വന്നുചേരുകയും  ആയുരാരോഗ്യസൗഖ്യം കൈവരുകയും ദീർഘവീക്ഷണത്തോടെ ധനം ചെലവഴിക്കും. അയൽപക്കത്തുള്ളവരുമായി സമാധാന ഉടമ്പടിയിൽ എത്തും. സൗന്ദര്യവർദ്ധക വസ്തുക്കൾക്കുവേണ്ടി ധനം വിനിയോഗിക്കും. ഷെയർമാർക്കറ്റ്, ലോട്ടറി, വസ്തുകച്ചവടം തുടങ്ങിയവ വഴി ധനലാഭം കാണുന്നു. ഗൃഹത്തിൽ ആധുനിക വസ്തുക്കൾകൊണ്ട് അലങ്കാരം മെച്ചപ്പെടുത്തും. അടുക്കളത്തോട്ടങ്ങൾ പുതിയ അതിഥികൾ എത്തും.

രോഹിണി

തൊഴിലിൽ മഹത്വവും, ആത്മവിശ്വാസവും വർദ്ധിക്കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമങ്ങൾ വിജയിക്കും. വിദേശയാത്രകൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂല പ്രതികരണങ്ങൾ വന്നുചേരാം. സാമ്പത്തിക ചെലവുകൾ വർദ്ധിക്കുന്നതിനാൽ ചെലവുചുരുക്കൽ പദ്ധതികൾ ആലോചിക്കും. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ പരിഹരിക്കും. കൈവിഷദോഷമോ, വിഷാംശം കലർന്ന ഭക്ഷണപാനീയങ്ങളോകൊണ്ട് പ്രയാസങ്ങൾ നേരിടാം. ബന്ധുജനങ്ങളുമായി കലഹസാധ്യത കാണുകയാൽ ശ്രദ്ധിക്കുക. ഗുഹ്യരോഗങ്ങൾക്കോ സ്‌കിൻ രോഗങ്ങൾക്കോ, അലർജി മുതലായ രോഗങ്ങൾക്കോ സാധ്യത കാണുന്നു. കലാ, കായിക പ്രവർത്തനങ്ങൾ വഴി മാനസിക ഉല്ലാസം കൈവരും. പുതിയ ലോണുകൾ എടുക്കേണ്ട സാഹചര്യം വന്നുചേരാം. കിട്ടുവാനുള്ള സ്വർണ്ണം, കാശ് പ്രതീക്ഷിക്കാത്ത സമയത്ത് വന്നുചേരാം. സ്‌നേഹബന്ധങ്ങൾ വഴി മനഃസമാധാനം നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. ആരോഗ്യകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഇല്ലാത്തതിനാൽ, ഹോസ്പിറ്റൽ വാസം വരെ കാണുന്നു. രോഗങ്ങൾ വരുവാൻ സാധ്യത. 

മകയിരം

ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. സ്വഭാവത്തിൽ സ്ഥിരത കൈവരിക്കും. തൊഴിൽമേഖല വിപുലീകരിക്കും. വിവാഹതടസ്സങ്ങൾ മാറിക്കിട്ടും. വിദേശയാത്രകൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശ്രമിക്കുന്നവർക്ക് ലോണുകൾ അനുവദിച്ചുകിട്ടും. വാഹനലാഭവും കാണുന്നു. റിയൽ എസ്റ്റേറ്റ്, ഷെയർമാർക്കറ്റ്, ലോട്ടറി പോലുള്ളവ ലാഭത്തിൽ വരാം. കുടുംബബന്ധങ്ങളിൽ സന്തോഷിക്കാൻ തക്ക സംഭവങ്ങൾ ഉണ്ടാകും. സന്താനഗുണവും, സന്താനത്തെക്കൊണ്ട് മനഃസന്തോഷവും കാണുന്നു. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ അവസരങ്ങൾ, അവാർഡുകൾ, സ്‌നേഹാദരവ് തുടങ്ങിയ സാധ്യതകളും കാണുന്നു. കുടുംബാംഗങ്ങൾ ഒത്തുചേരുവാനുള്ള സാധ്യതയും, യാത്രകളും കാണുന്നു. ചില ഇഷ്ടപ്പെട്ട വ്യക്തികളുമായി അടുത്ത് ഇടപഴകാൻ അവസരം കാണുന്നു. സ്‌നേഹിതരിൽനിന്നും സമ്മാനങ്ങൾ ലഭിക്കാം. സ്വർണ്ണാഭരണങ്ങൾ വാങ്ങാനോ, പണയത്തിലുള്ളത് തിരികെ എടുക്കാനോ ഇടയാകും. മധുരസ്വപ്നങ്ങൾ കണ്ടുതുടങ്ങും.

തിരുവാതിര

വലിയ ശാഠ്യത്തോടുകൂടിയ വാക്കുകൾ ശ്രദ്ധിക്കുക വഴി മനഃസന്തോഷം നഷ്ടപ്പെടും. മറ്റുള്ളവരുടെ സ്വകാര്യങ്ങളെ മാനിക്കുക വഴി സൽപ്പേര് ഉണ്ടാകും. അധികം സംസാരിക്കുന്ന ശീലം പല വൈഷമ്യങ്ങൾക്കും കാരണമാകാതെ നോക്കണം. സന്താനഗുണം കാണുന്നു. കണ്ടകശനി സമയമാകയാൽ കാര്യതടസ്സങ്ങൾ വരുമെങ്കിലും അവസാനം വിജയം കൈവരിക്കും. അലസത കൂടുന്ന സമയമാണ്. വിദ്യാസംബന്ധമായ കാര്യങ്ങൾക്ക് സാമ്പത്തിക ചെലവ് വർദ്ധിക്കും. മുടങ്ങിയ വിവാഹകാര്യങ്ങൾ അനുകൂലമാകും. ഗൃഹനിർമ്മാണത്തിനായി ലോണുകൾ അനുവദിക്കും. പഴയ വാഹനങ്ങളിൽ നിന്നും കൈനഷ്ടം കാണുകയാൽ ശ്രദ്ധിക്കുക. മത്സരപരീക്ഷകളിൽ ഉദ്ദേശിച്ച വിജയം ലഭിക്കാൻ സാധ്യത കുറവാണ്. ഒന്നിലധികം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുകയാൽ സമയനിഷ്ഠത പാലിക്കാൻ ബുദ്ധിമുട്ടും. സിനിമാ, സീരിയൽ മേഖലകളിൽ പല അവസരങ്ങൾ ലഭിക്കുമെങ്കിലും സാമ്പത്തിക ബാധ്യത വന്നുചേരാം. സന്താനങ്ങൾ വഴി മനഃസന്തോഷം വന്നുചേരും.

പുണർതം

ദാനശീലം ആപത്തുകളെ ഹനിക്കുന്നതാണ്. ദുഃഖത്തിലും സന്തോഷം കണ്ടെത്തും. ധനപരമായ അധികച്ചെലവുകൾ നിയന്ത്രിക്കാൻ പരിശ്രമിക്കും. അസൂയാലുക്കളുടെ എണ്ണം വർദ്ധിക്കും. സന്താനങ്ങളുടെ കാര്യത്തിൽ ആശങ്ക നിലനിൽക്കും. ഹൃദയസംബന്ധരോഗങ്ങൾക്ക് സാധ്യത കാണുകയാൽ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. കാര്യതടസ്സങ്ങൾ വരുമെങ്കിലും വിജയം കൈവരിക്കും. സഹായം മറ്റൊരാളിൽ നിന്നു വന്നുചേരും. സ്ഥാനമാനങ്ങൾക്ക് ചലനമുണ്ടാകാം. പിതാവിനോ, പിതൃവർഗ്ഗത്തിനോ അരിഷ്ടതയുടെ കാലമാകയാൽ വേണ്ട മുൻകരുതലുകൾ ആവശ്യമായി വരാം. കുടുംബവിഷയങ്ങളിൽ പുറത്ത് നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതുവഴി ബന്ധങ്ങളിൽ ഉലച്ചിൽ വരാം. വിദേശരാജ്യങ്ങളിൽ വിദ്യാ, തൊഴിൽ സംബന്ധമായി പോകാൻ ശ്രമിക്കുന്നവർക്ക് ഉചിതമായ അവസരങ്ങൾ ലഭിക്കും. വിവാഹതടസ്സങ്ങൾ മനോവിഷമം ഉണ്ടാക്കുമെങ്കിലും ഉത്തമപങ്കാളിയെ ലഭിക്കും. ഗൃഹനിർമ്മിതിക്ക് തടസ്സങ്ങൾ വരുവാനോ നിശ്ചയിച്ച കാര്യങ്ങളിൽ മാറ്റം വരുത്താനോ ഇടയാകും.

പൂയം

ഈശ്വരാനുഗ്രഹത്താൽ ആപത്ഘട്ടങ്ങളിൽ നിന്നും രക്ഷ പ്രാപിക്കും. രോഗദുരിതങ്ങൾക്ക് ശമനം വരും. കേസ്, വഴക്കുകളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. ശത്രുക്കളോട് വൈരബുദ്ധിയാൽ സാമ്പത്തികനഷ്ടം വരുത്താതെ ശ്രദ്ധിക്കുക. അറിവുകൾ ഉപകാരപ്പെടും. കലാകായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പല അവസരങ്ങളും ശത്രുക്കൾ തട്ടിയെടുക്കാം. തന്റെ സ്വതന്ത്ര ചിന്തകൾക്ക് ഭംഗം വരുന്നതുവഴി ഗൃഹാന്തരീക്ഷം യുദ്ധവേദിയാകാതെ ശ്രദ്ധിക്കണം. അപകീർത്തിക്ക് സാധ്യതയുള്ളതിനാൽ അത്തരം സാഹചര്യങ്ങളിൽ നിന്നും ബുദ്ധിപൂർവ്വം ഒഴിഞ്ഞുമാറും. തൊഴിൽ സ്ഥാനത്തെ ക്ലേശങ്ങൾക്ക് പരിഹാരം കണ്ടെത്തും. സന്താനങ്ങൾ വഴി വിജയം കൈവരും. ബന്ധുജനങ്ങൾ വേണ്ടതായ സഹായസഹകരണങ്ങൾ ചെയ്യും. ഗൃഹനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കും. വാഹനലാഭം കാണുന്നു. വിവാഹതടസ്സങ്ങൾ മാറിക്കിട്ടും. മതപരമായ ചടങ്ങുകൾക്ക് പങ്കെടുക്കേണ്ടി വരാം. ധനപരമായ മുന്നേറ്റം കാണുന്നു.

ആയില്യം

നേതൃസ്ഥാനം വഹിക്കാൻ ഇടവരും. പല നല്ല കാര്യത്തിനായും സാമ്പത്തികച്ചെലവുകൾ വർദ്ധിക്കും. പുണ്യസ്ഥാനങ്ങൾ സന്ദർശിക്കാനും, സൽക്കർമ്മ നിർവ്വഹണങ്ങൾക്കും ഇടയാകും. ഗവൺമെന്റ് തലത്തിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനചലനങ്ങൾക്ക് സാധ്യത. ആനുകൂല്യങ്ങൾക്കുവേണ്ടി പ്രയത്‌നിക്കേണ്ടി വരും. മത്സര ഇനങ്ങളിൽ ഏർപ്പെടുന്നവർ വളരെ ശ്രദ്ധിക്കേണ്ടതായ സമയമാണ്. ഗൃഹനിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കും. കുറ്റം പറയുന്നവരെ അവഗണിച്ചു മുന്നോട്ടുപോകും. വിദേശപഠനത്തിന് ശ്രമിക്കുന്നവർ പറ്റിക്കപ്പെടാതെ ശ്രദ്ധിക്കുക. തൊഴിൽസ്ഥാനത്ത് ചില തിരിച്ചടികൾ പ്രതീക്ഷിക്കാം. സ്‌നേഹബന്ധങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെടുക നിമിത്തം മാനസികസംഘർഷങ്ങൾ നേരിടും. പുതിയ ഇലക്ട്രിക് ഉപകരണങ്ങൾ സ്വന്തമാക്കും. സന്താനങ്ങൾക്ക് ഉന്നതിയും, വിദ്യാഗുണവും തൊഴിൽ ലഭ്യതയും കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. കേസുവഴക്കുകൾ തീർപ്പാക്കും. പുതിയ പ്രവർത്തനമേഖലകൾ അന്വേഷിക്കും. സുഹൃത്തുക്കളിൽ നിന്നും സന്തോഷം ലഭിക്കും. വേണ്ടാത്ത കാര്യങ്ങൾക്ക് പുറകെപോയി സമയം, ധനം, ആരോഗ്യം കളയാൻ സാധ്യതയും കാണുന്നു.

മകം

തൊഴിലിൽ അഭിവൃദ്ധി കൈവരിക്കും. സമൂഹത്തിൽ മതിപ്പുളവാക്കുന്ന കർമ്മങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് തൊഴിൽ ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും, ധനവർദ്ധനവിനും സാധ്യത കാണുന്നു. വിദേശരാജ്യങ്ങളിൽ ജോലിക്കും, പഠന ആവശ്യങ്ങൾക്കും ശ്രമിക്കുന്നവർക്ക് ഉചിതമായ അവസരങ്ങൾ ലഭിക്കും. വിവാഹതടസ്സങ്ങൾ മാറി ഉത്തമ ജീവിതപങ്കാളിയെ ലഭിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും, സൽകർമ്മങ്ങൾ അനുഷ്ഠിക്കാനും യോഗം കാണുന്നു. മുൻകോപം പല വിഷമതകളും വരുത്തുമെങ്കിലും ഇഷ്ടപ്പെട്ടവർ കൂടെ കാണും. ആഗ്രഹിച്ച കാര്യങ്ങൾ നിറവേറ്റാൻ അവസരങ്ങൾ ലഭിക്കും. ബാക്കിവെച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കും. നിക്ഷേപങ്ങൾ വഴി ധനലാഭം കാണുന്നു. കലാ-കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂല സാഹചര്യമാണ്.

പൂരം

പുഞ്ചിരി മായാത്ത മുഖം, ആകർഷകമായതും വശീകരിക്കുന്നതുമായ സംസാരരീതി. ആത്മാർത്ഥതയുള്ളവരാകയാൽ തൊഴിൽമേഖല മെച്ചപ്പെടും. അംഗീകാരങ്ങളോ, ആശംസകളോ തന്നെ തേടിവരും. ആഗ്രഹിച്ച വാഹനം സ്വന്തമാക്കാൻ സാധിക്കും. വിദേശത്ത് തൊഴിൽ, വിദ്യാസംബന്ധ കാര്യങ്ങൾക്ക് ആഗ്രഹിക്കുന്നവർക്ക് അനുകൂല സാഹചര്യം വരുന്നതാണ്. കടബാധ്യതകളിൽ നിന്നും മോചനം ലഭിക്കും. കുടുംബബന്ധത്തിൽ സന്തോഷം കൈവരും. സ്‌നേഹബന്ധങ്ങളിൽ നിന്നും നന്മ ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായസഹകരണങ്ങൾ വഴി മനഃസന്തോഷം ലഭിക്കും. അന്യഭാഷകളിൽ മനസ്സ് കീഴടക്കുന്ന ചിത്രങ്ങൾ കാണാനും സാമ്പത്തിക സഹായങ്ങൾ നൽകാനും ഇടവരും.

ഉത്രം

ജന്മസിദ്ധമായ വാക്ചാതുര്യം ആരെയും ആകർഷിക്കും. ലോണുകൾക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കും. സിവിൽ സ്‌കോർ പ്രശ്‌നം പരിഹരിക്കും. തൊഴിൽമേഖല മെച്ചപ്പെടുത്തും. പുതു ആശയങ്ങൾ വിജയം വരിക്കും. മുടങ്ങിക്കിടന്നമ പല വിഷയങ്ങൾക്കും നവോന്മേഷം പകരും. സിനിമാ, സീരിയൽ കലാകാരന്മാർക്ക് വിദേശത്ത് പല സാധ്യതകളും കാണുന്നു. വിലപിടിപ്പുള്ള സാധനസാമഗ്രികൾ നഷ്ടപ്പെടാനോ, മോഷണത്തിനോ സാധ്യത കാണുന്നു. തന്റെ സേവനങ്ങൾ അംഗീകരിക്കപ്പെടും. ചില യാത്രകൾ പ്രതീക്ഷിക്കാതെ ചെയ്യേണ്ടി വരും. മതപരമായ ചില അചാര അനുഷ്ഠാനങ്ങളിൽ പങ്കുവഹിക്കും. ശബരിമല ദർശനം നടത്തുകയോ, നെയ്‌ത്തേങ്ങ, കാണിക്ക സമർപ്പണം തുടങ്ങിവയ്ക്ക് സാധ്യത. വിവാഹതടസ്സങ്ങൾ മാറിക്കിട്ടും. സന്താനഗുണം കാണുന്നു. തന്റെ സഹപ്രവർത്തകരിൽ നിന്നും ചില മാനസിക പ്രയാസങ്ങൾ നേരിടും. ഗൃഹനിർമ്മിതി പുരോഗമിക്കും. തടസ്സങ്ങൾ മാറിക്കിട്ടും.

അത്തം

കൗശലത നിലനിർത്തും. വിദേശ യാത്രകൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യം ഉണ്ടാകും. ഗൃഹനിർമ്മിതിക്ക് തടസ്സങ്ങൾ മാറിക്കിട്ടും. ലോണുകൾ അനുകൂല സ്ഥിതിയിൽ വരുന്നതാണ്. കടബാധ്യതകൾ വരാതെ സൂക്ഷിക്കുക. വാഹനത്തിൽ നിന്നും സാമ്പത്തിക നഷ്ടങ്ങൾ വരാതെ ശ്രദ്ധിക്കണം. ഭാര്യാഭർത്തൃബന്ധത്തിൽ സ്വരച്ചേർച്ച കുറയുന്നതായി കാണുകയാൽ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക. സുഹൃത്തുക്കൾ വഴി സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. പഴയ വസ്തുക്കളിൽ നിന്നും ധനലാഭം പ്രതീക്ഷിക്കാം. ദീർഘകാല നിക്ഷേപങ്ങൾ നടത്താൻ സാഹചര്യം വരുന്നതാണ്. കർമ്മരംഗത്ത് ശോഭിക്കും. സമയനിഷ്ഠ പാലിക്കാൻ സാധിക്കാതെ വരാം. പ്രതീക്ഷിക്കാത്ത യാത്രകൾ വഴി ധനലാഭം കാണുന്നു. ലോട്ടറിപോലുള്ള ഭാഗ്യപരീക്ഷണങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും. ലഹരിവസ്തുക്കളുടെ ഉപയോഗസാധ്യത കാണുകയാൽ വേണ്ടത്ര ശ്രദ്ധ നല്ലതാണ്. അന്യനാട്ടിലോ ഗൃഹത്തിലോ അന്തിയുറങ്ങാൻ സാധ്യതയും അതുവഴി ധനനഷ്ടം വരാതെ സൂക്ഷിക്കുക. സൽകർമ്മങ്ങൾ വഴി ഉയർച്ച നേടും.

ചിത്തിര

ഭാഗ്യവർദ്ധനവ് കാണുന്നു. കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. തൊഴിൽസ്ഥാനത്ത് മാറ്റങ്ങൾ സംഭവിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കൊടുക്കും. ദുഃസ്വപ്നങ്ങൾ ഉറക്കത്തെ നശിപ്പിക്കും. വിദേശയാത്രകൾക്ക് തടസ്സങ്ങൾ നേരിടുമെങ്കിലും വിജയം കൈവരും. സന്താനങ്ങൾക്ക് വേണ്ടി പല ഇഷ്ടങ്ങളും മാറ്റിവയ്ക്കും. ഈശ്വരകാര്യങ്ങളിൽ ശ്രദ്ധ കുറയും. മാതാവുമായി അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. വാഹനകാര്യങ്ങളിൽ ധനച്ചെലവ് കാണുന്നു. വസ്തുവകകൾക്ക് വേണ്ടി ധനം ചെലവഴിക്കും. നാൽക്കാലികൾക്ക് ആപത്ത് കാണുന്നു. മരണസംബന്ധകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും. തീരുമാനിച്ച യാത്രകൾക്ക് തടസ്സങ്ങൾ നേരിടാം. യാത്രകൊണ്ട് ചില പ്രയാസങ്ങളും വരുവാൻ സാധ്യത. വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ പഠിത്തകാര്യത്തിൽ പുതുമാറ്റങ്ങൾ വരുത്തുന്നത് വഴി പഠനം മെച്ചപ്പെടും. സ്വർണ്ണലാഭം, ധനവരവ് തുടങ്ങിയ ഫലങ്ങൾ അനുഭവത്തിൽ വരും.

ചോതി

കർമ്മരംഗത്ത് കത്തിജ്ജ്വലിക്കും. നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും. തന്റെ വാക്കുകൾ കേൾക്കാൻ ആൾക്കാർ ഉണ്ടാകും. രാഷ്ട്രീയ, സിനിമ, സീരിയൽ  രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ സമയമാണ്. നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ ലഭിക്കും. കുടുംബ ഐക്യം നിലനിർത്തും. പങ്കാളിയെ തൃപ്തിപ്പെടുത്തും. സന്താനങ്ങൾക്കുവേണ്ടി പല കാര്യങ്ങളും തുടങ്ങിവയ്ക്കും. വിവാഹതടസ്സങ്ങൾ മാറി ആഘോഷപൂർവ്വം വിവാഹം നടക്കും. സ്‌നേഹബന്ധങ്ങൾ വിജയത്തിലെത്തും. സന്താനഭാഗ്യം ഉള്ള സമയമാണ്. അതിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹനിർമ്മാണം, വാഹനലാഭം, ആഭരണലാഭം തുടങ്ങിയ ഫലങ്ങളും അനുഭവത്തിൽ വരാം. വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്ക് വിദ്യകൊണ്ട് ഗുണം ലഭിക്കും. ആഗ്രഹിച്ച യാത്രകൾ നടത്തും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായ സമയമാണ്.

വിശാഖം

ശാപാദികളിൽ നിന്നും മോചനം ലഭിക്കും. വാക്കുകൾ ശ്രദ്ധിച്ച് പ്രയോഗിക്കുക. വീടുപണി പുനരാരംഭിക്കും. വാഹനലഭ്യത കാണുന്നു. ഗൃഹത്തിൽ നൂതനമാറ്റങ്ങൾ കൊണ്ടുവരും. വസ്തുവകകൾ വഴി ലാഭം കിട്ടും. അംഗീകാരങ്ങൾക്ക് പാത്രീഭൂതരാകും. തൊഴിലിനെ വ്യാപിപ്പിക്കും. മുടങ്ങിക്കിടന്ന നേർച്ചകളും, മാറ്റിവച്ച യാത്രകളും ഭംഗിയായി പൂർത്തീകരിക്കും. പ്രതീക്ഷിക്കാത്ത പല വലിയ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുത്ത് അതിൽ പരീക്ഷണങ്ങൾ നടത്തും. വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ മനസ്സിനെ ഭ്രമിപ്പിക്കുകയും അത് നേടുകയും ചെയ്യും. കുടുംബത്തെ ബാധിച്ച പ്രശ്‌നങ്ങൾ പരിഹരിച്ച് സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കും. ദീർഘവീക്ഷണത്തോടെ പല കാര്യങ്ങളും ചെയ്ത് ശത്രുക്കളെ വട്ടംചുറ്റിക്കും. സമ്പത്ത് വർദ്ധിപ്പിക്കും. പുതിയ ആശയങ്ങൾ നടപ്പിലാക്കും. എല്ലാകാര്യത്തിലും ഒരു ഗുരുനാഥന്റെ ഉപദേശം സ്വീകരിക്കും.

അനിഴം

വിദ്യ അഭ്യസിക്കുന്നവർ വളരെ ശ്രദ്ധയോടും, പ്രാർത്ഥനയോടും പഠിക്കുക. അലസത, മറവി, വിദ്യാതടസ്സം തുടങ്ങിയവ നിങ്ങളെ ബാധിക്കാൻ സാധ്യത കാണുന്നു. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് ഏജന്റ് മൂലം ധനനഷ്ടത്തിന് സാധ്യത കാണുന്നു. തൊഴിലിൽ പല തടസ്സങ്ങളും സ്ഥാനമാറ്റങ്ങളും വരുവാൻ സാധ്യത. കലഹങ്ങളിലോ, അതുവഴി കേസ് വഴക്കുകളിലോ പോയി പെടാതെ സൂക്ഷിക്കുക. കുടുംബസ്ഥാനത്ത് ഐക്യവും, വിശ്വാസവും നിലനിർത്തുക. ഇതരബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. കുടുംബത്തിൽ, ബന്ധുക്കളിൽ മരണസംബന്ധമായ കലഹങ്ങൾക്ക് സാധ്യതയും കാണുകയാൽ സാഹചര്യങ്ങളെ പ്രാർത്ഥനയും, ക്ഷമയും കൊണ്ട് അനുകൂലമാക്കി തീർക്കുക.

തൃക്കേട്ട

സന്താനങ്ങളുടെ കാര്യത്തിൽ മനസ്സ് വ്യാകുലപ്പെടും. സാമ്പത്തിക കാര്യങ്ങൾ വളരെ ശ്രദ്ധിച്ച് നിർവ്വഹിക്കുക. തൊഴിലിൽ മന്ദത അനുഭവപ്പെടും. സഹായിക്കുമെന്ന് പ്രതീക്ഷിച്ചവർപോലും നിസ്സഹായർ ആകും. വിദ്യാതടസ്സം കാണുകയാൽ പഠിത്ത കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർ കുറച്ചുകൂടെ ക്ഷമിക്കുക. പുതിയ അവസരങ്ങൾ വരും. യാത്രകൾ ചെയ്യേണ്ട സമയമാണെങ്കിലും മോഷണസാധ്യത, കളവ് മുതലായവ കാണുന്നു. മാതൃപിതൃപരിചരണം വഴി ക്ലേശങ്ങൾക്ക് ആശ്വാസം ലഭിക്കും. കുടുംബത്തിൽ പ്രിയപ്പെട്ടവരുടെ വിയോഗം കാണുന്നു. സ്ഥിരോത്സാഹവും, ഈശ്വരചിന്തയും കൊണ്ട് ജീവിതം സുഗമമാക്കും.

മൂലം

ബുദ്ധിസമയത്ത് പ്രവർത്തിക്കുന്നതുവഴി വലിയ നേട്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ശയനസുഖം, രതിക്രീഡ, ധനലാഭം, സുഖഭോജനം, വാഹനലാഭം, സന്താനഗുണം തുടങ്ങിയ ഫലങ്ങൾ അനുഭവത്തിൽ വരും. പുതിയ ബന്ധങ്ങൾ വരുവാൻ സാധ്യത കാണുന്നു. ഭാര്യാപുത്രാദികളുമായുള്ള അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. ജോലിസ്ഥലം മാറാനോ, മറ്റ് തൊഴിൽ മേഖലകൾ തേടിപോകാനോ സാധ്യത കാണുന്നു. വിവാഹം നോക്കുന്നവർക്ക് അനുയോജ്യമായ ബന്ധങ്ങൾ വരുന്നതാണ്. വിദേശയാത്രയ്ക്ക് ആഗ്രഹിക്കുന്നവർക്ക് അതിന് ഉചിതമായ സമയമാണ്. ഗൃഹനിർമ്മാണം, വാഹനലാഭം തുടങ്ങിയ ഫലങ്ങൾ കാണുന്നു. മനസ്സ് അസാധുവായും ദുഷ്ടമായും സർപ്പത്തിന്റെ സഞ്ചാരംപോലെ വികടമായും തീരാതെ സൂക്ഷിക്കുക.

പൂരാടം

ഉപകാരം ചെയ്തവരെ ഒരിക്കലും മറക്കാത്ത സ്വഭാവം. വിനയശീലം, സ്വജനങ്ങളിൽ മാന്യത, നല്ല കളത്രം തുടങ്ങിയ ഒരുപാട് ഗുണവിശേഷങ്ങൾക്ക് പാത്രീഭൂതരാണ്. ഗൃഹത്തിൽ കട്ടിൽ, മെത്ത തുടങ്ങിയ ശയനോപകരണങ്ങൾ വാങ്ങുകയും രതിക്രീഡകൾക്ക് ധനം ചെലവഴിക്കുകയും നല്ല  ഭക്ഷണം ലഭിക്കുകയും തന്റെ ബുദ്ധി ശരിയായി പ്രവർത്തിക്കുകയും ധനലാഭമുണ്ടാകുകയും ഫലം. ബന്ധുക്കളുമായി കലഹിക്കുവാനും, കുടുംബത്തിൽ ഭാര്യാഭർത്തൃബന്ധത്തിൽ പൊട്ടലും, ചീറ്റലും വരുവാനും സാധ്യത കാണുന്നു. കൈവിഷദോഷം ഏൽക്കാതെ സൂക്ഷിക്കുക. കലാ, കായിക, രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അഭിവൃദ്ധിയും ധനലാഭവും കാണുന്നു.  മാതാവിനോ, മാതൃവർഗ്ഗത്തിനോ രോഗദുരിതങ്ങൾ വരുവാൻ സാധ്യത. വാഹനങ്ങളുമായി ബന്ധപ്പെട്ട് ധനനഷ്ടം വരാം. ഗൃഹത്തിൽ അറ്റകുറ്റപ്പണികളോ, പുതുക്കിപ്പണികളോ വേണ്ടിവരാം.

ഉത്രാടം

ഹാസ്യപ്രിയനും വിനയശീലനുമായ ഇവർക്ക് ശത്രുദോഷങ്ങൾ വർദ്ധിക്കും. സ്ത്രീകൾ നിമിത്തം കുടുംബസമാധാനം നഷ്ടപ്പെടാതെ ശ്രദ്ധിക്കുക. ദയാശീലത്താൽ ദോഷങ്ങൾ ലഘൂകരിക്കപ്പെടും. വാഹനസംബന്ധമായ ചെലവുകൾ കാണുന്നു. മാതാവിന് വേണ്ടതായ കാര്യങ്ങൾ നിർവ്വഹിക്കും. വിഷ്ണുക്ഷേത്ര ദർശനത്തിന് അവസരം വരും. ദീർഘയാത്രകൾ നിശ്ചയിക്കും. ഉറക്കം കുറയുന്നതുവഴി പലതരത്തിലുള്ള മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾക്കും സാധ്യത. ഭാഗ്യപരീക്ഷണങ്ങൾ നടത്തുവാൻ സാധ്യത. തൊഴിലിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് വഴി അഭിനന്ദനങ്ങളും അംഗീകാരങ്ങളും ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപൂർണ്ണമാകുന്നതാണ്. എന്നാൽ മറ്റ് ബന്ധങ്ങൾ മനസ്സിനെ മദിക്കും. ശത്രുക്കൾക്ക് ഉചിതമായ മറുപടി നൽകുവാൻ അവസരം ലഭിക്കും.

തിരുവോണം

കടബാധ്യതകൾ മാറും. ധനലാഭം ഉണ്ടാകും. തൊഴിൽമേഖല വികസിപ്പിക്കും. വസ്തുവകകൾ വഴി നേട്ടമുണ്ടാകും. പലതരത്തിലുള്ള സഹായസഹകരണങ്ങൾ വന്നുചേരും. സഹോദരഗുണം കാണുന്നു. നാൽക്കാലിലാഭവും വാഹനഗുണവും കാണുന്നു. ഗൃഹത്തിൽ പലതരത്തിലുള്ള ക്ലേശങ്ങളും കടന്നുവരാം. ശത്രുക്കൾ നശിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ മന്ദത വരുവാൻ ഇടവരുത്തരുത്. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി ഭിന്നതയ്ക്ക് സാധ്യത കാണുന്നു. സ്ഥാനമാനങ്ങൾ ലഭിക്കും. ഷെയർമാർക്കറ്റ്, ലോട്ടറി പോലുള്ളവയിൽ വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. ധീരതയോടും, വിലാസത്തോടും ശത്രുക്കളെ നേരിടും. സൗഭാഗ്യം കാണുകയാൽ ഈശ്വരചിന്ത വെടിയരുത്.

അവിട്ടം

ധനാദികാര്യങ്ങൾ വന്നുചേരും. കുടുംബം വിട്ടുനിൽക്കാൻ സാധ്യത കാണുന്നു. അമിതമായ സംസാരശീലം പല ക്ലേശങ്ങൾക്കും വഴിമരുന്നിടും. കലാ, കായിക രാഷ്ട്രീയരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് സമ്മിശ്ര ഫലങ്ങളാണ് കാണുന്നത്. ആഹാരങ്ങളിലൂടെ വിഷാംശം ഉള്ളിൽപോകാൻ സാധ്യത കാണുന്നു. വസ്തുക്കൾ വാങ്ങാനും, വിൽക്കാനും ശ്രമിക്കുന്നവർക്ക് അതിന് ഉചിതമായ സമയമാണ്. വിദ്യയ്ക്കായും, ജോലിക്കായും വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകും. നാഗദോഷങ്ങളാൽ അലർജി മുതലായ ശാരീരിക ക്ലേശങ്ങൾക്ക് പരിഹാരക്രിയകൾ അനുഷ്ഠിക്കുക. അവസരങ്ങളെ അനുകൂലമാക്കാൻ പറ്റുന്ന സമയമാണ്.

ചതയം

വിജയത്തിൽ എത്താൻ പല വഴികളും പരീക്ഷിക്കും. ചെലവ് വർദ്ധിക്കുന്ന കാലമാകയാൽ ധനകാര്യങ്ങൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുക. ഗൃഹനിർമ്മിതിക്ക് പലതരത്തിലും മാറ്റങ്ങൾ വരുത്തി ഭംഗിയാക്കും. വാഹനം മാറ്റി ഇഷ്ടവാഹനം സ്വന്തമാക്കും. വസ്തുക്കൾ വാങ്ങാൻ പരിശ്രമിക്കും. ആഭരണലാഭം കാണുന്നു. ജീവിതപങ്കാളിയുമായി സൗന്ദര്യപ്പിണക്കത്തിന് സാധ്യത, ആത്മീയ ചിന്തകൾക്ക് പ്രാധാന്യം കൊടുക്കും, യോഗജീവിതചര്യയാക്കാൻ ഉപദേശം ലഭിക്കും. ആയൂർവേദ ചികിത്സ തേടി പോകും. കണ്ണനെ കാണാൻ മനസ്സ് മന്ത്രിക്കും. തൊഴിൽതേടുന്ന യുവതലമുറക്കാർക്ക് തൊഴിൽ ലഭിക്കും, വിവാഹയോഗം, സന്താനഗുണവും കാണുന്നു.

പൂരുരുട്ടാതി

സ്‌നേഹബന്ധം വിവാഹത്തിൽ എത്തിച്ചേരും. ഇഷ്ടവാഹനം സ്വന്തമാക്കാൻ അവസരം ലഭിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. രാഷ്ട്രീയ, കലാകായിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നവോന്മേഷം ലഭിക്കുന്നതാണ്. സന്താനഗുണം കാണുന്നു. ഗൃഹനിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. തൊഴിൽവിജയം വരിക്കാൻ പുതിയ ബന്ധങ്ങൾ വഴി സാധിക്കും. മാതൃസൗഖ്യം കാണുന്നു. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. ഗൃഹാന്തരീക്ഷത്തിൽ ശാന്തത കൈവരും. ചെലവുകൾ ക്രമാതീതമായി വർദ്ധിക്കാൻ സാധ്യത കാണുന്നു. മംഗളകർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കും. അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. ഇഷ്ടവസ്തുക്കളുടെ ലഭ്യത മനസ്സിനെ സന്തോഷിപ്പിക്കും.

ഉത്രട്ടാതി

പ്രതാപം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധിക്കും. സന്താനങ്ങൾക്ക് വേണ്ടി ദീർഘവീക്ഷണത്തോടെ ധനനിക്ഷേപം നടത്തും. ശത്രുക്കളെ വരുതിയിൽ വരുത്തും. ധർമ്മശീലനും വിനയവാനുമായി ഭവിക്കും. ബന്ധുക്കളിൽനിന്നും പലതരത്തിൽ ക്ലേശങ്ങൾ അനുഭവത്തിൽ വരുവാൻ സാധ്യത. അഗ്നിയോ വിഷമോ നിമിത്തം പ്രയാസങ്ങൾ വരാതെ സൂക്ഷിക്കുക. സ്വഗൃഹം വിട്ടു നിൽക്കാൻ സാധ്യത കാണുന്നു. സഹായങ്ങൾ പ്രതീക്ഷിച്ചപോലെ കിട്ടില്ല. കുടുംബാന്തരീക്ഷം സംഘർഷമുഖരിതമാകാതെ ശ്രദ്ധിക്കണം. പല പ്രോജക്ടുകളും ഫണ്ട് ഇല്ലാതെ മാറ്റിവയ്ക്കപ്പെടും. കൈവിഷദോഷം, സർപ്പദോഷം തുടങ്ങിയവ ഏൽക്കാതെ സൂക്ഷിക്കണം. ഗൃഹത്തിൽ സർപ്പസാന്നിധ്യം വരുമെങ്കിലും ഭയപ്പെടാൻ ഇല്ല. ഇഷ്ടദേവത- കുടുംബദേവതാ ഭജനം, മനശാന്തി തരുന്നതാണ്. ആരോഗ്യ, മാനസിക ശക്തി വീണ്ടെടുക്കും.

രേവതി

സൗന്ദര്യം കാത്തുസൂക്ഷിക്കും. ഗർവ്വിഷടനും പ്രതാപവാനുമായി തുടരും. ഷെയർമാർക്കറ്റ്, ലോട്ടറി പോലുള്ളവ പരാജയസിഗ്നൽ കാണിക്കും. സ്ത്രീകൾക്ക് മുടി കൊഴിച്ചിൽ മാനസിക പ്രശ്‌നങ്ങൾക്ക് കാരണമാകാതെ ശ്രദ്ധിക്കുക. വിദേശയാത്രകൾക്ക് ശ്രമിക്കുന്നവർ ഉചിതമായ അവസരങ്ങൾക്ക് ഇനിയും സമയമെടുക്കും.  ബന്ധുക്കൾ ശത്രുഭാവം കൈവരിക്കും, നാടുവിട്ട് അന്യനാട്ടിൽ പോകേണ്ട അവസ്ഥ വരുവാൻ സാധ്യത. പ്രിയപ്പെട്ടവരുടെ വിയോഗം വലിയ നഷ്ടമായി തുടരും. തന്റെ വിശ്വാസപ്രകാരമുള്ള പ്രാർത്ഥന മനഃശാന്തി തരും. ദാനധർമ്മങ്ങൾ ദോഷഫലങ്ങളെ ലഘൂകരിക്കും. ഉറച്ചവിശ്വാസവും, കഠിനപ്രയത്‌നങ്ങളും ജീവിതതാളത്തെ ക്രമപ്പെടുത്തും.


സന്തോഷ് അമ്പലത്തറ
ജിനു ഭവൻ ഒലിപ്പുവിള, പൂങ്കുളം 
വെള്ളായണി പി.ഒ
ഫോൺ : 9895532471

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img