ജന്മനക്ഷത്ര ഫലങ്ങൾ

1200 മേടം1 (2025 ഏപ്രിൽ 14) മുതൽ
1201 മീനം 30(2026 ഏപ്രിൽ 13)വരെയുള്ള വിഷുഫലങ്ങൾ
ജന്മനക്ഷത്രത്തിന്റെ അടിസ്ഥാനമാക്കിയുള്ള പൊതുഫലങ്ങളാണിത്. ജാതകചിന്തയോ പ്രശ്നചിന്തയോ നടത്തി സൂക്ഷ്മ ഫലങ്ങളറിയുക. ചിത്തിര, ചോതി, വിശാഖം, അവിട്ടം, ചതയം, പൂരുരുട്ടാതി, മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ ദോഷപരിഹാരമായി മതപരമായ പ്രാർത്ഥനകൾ, സൽക്കർമ്മങ്ങൾ തുടങ്ങിയവ പ്രത്യേകമനുഷ്ഠിക്കുക.
അശ്വതി
ധനലാഭമുള്ള കാലമാണ്. മുടങ്ങിക്കിടക്കുന്ന ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ കഴിയും. ജോലിയിൽ പ്രൊമോഷൻ, ഇഷ്ടസ്ഥലത്തേയ്ക്കുള്ള ട്രാൻസ്ഫർ, മേലധികാരികളുടെ അഭിനന്ദനങ്ങൾ തുടങ്ങിയവ ലഭിക്കും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്താനാകും. വിദേശയാത്രയ്ക്കുള്ള അവസരമുണ്ടാകും. മത്സരങ്ങളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. വിവാദങ്ങൾ ഒത്തുതീരും. തടസ്സപ്പെട്ട് കിടന്ന സ്വത്ത് ഭാഗം വയ്ക്കൽ നടക്കും. വിദ്യാർത്ഥികൾ പരീക്ഷകൾ വിജയിക്കുകയും ഇഷ്ടവിഷയത്തിൽ തുടർന്ന് പഠിക്കാൻ കഴിയുകയും ചെയ്യും. പ്രിയപ്പെട്ടവരുടെ വിയോഗവാർത്തകൾ കേൾക്കും. ഉദര-നേത്രരോഗങ്ങൾ അലട്ടും. വഞ്ചിക്കപ്പെടുവാനുള്ള സാധ്യത കൂടുതലാണ്.
ഭരണി
സാമ്പത്തികലാഭമുണ്ടാകും. ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് ജോലിമാറ്റം ലഭിക്കും. ഇഷ്ടമംഗല്യസിദ്ധിയുണ്ടാകും. പ്രണയം തുറന്ന് പറയാൻ സാധിക്കും. വാഹനം വാങ്ങും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. കർമ്മമേഖലയിൽ അർഹതപ്പെട്ട അംഗീകാരങ്ങൾ ലഭിക്കും. സൽസന്താനലാഭമുണ്ടാകും. വിനോദയാത്രകൾ നടത്തും. വിദേശഭാഗ്യമുണ്ടാകും. ദാമ്പത്യസുഖമുണ്ടാകും. സ്വത്ത് തർക്കങ്ങൾ തീരും. ഉദരരോഗമുണ്ടാകും. ചികിത്സകൾ ഫലവത്താകും.
കാർത്തിക
ഇഷ്ടകാര്യസിദ്ധി ഉണ്ടാകും. പുതിയ ബിസിനസ് ആരംഭിക്കും. ഓഹരി വിപണിയിൽ ലാഭമുണ്ടാക്കും. കിട്ടാക്കടങ്ങൾ കുറയും. ഇഷ്ടജീവിതപങ്കാളിയെ കണ്ടെത്തും. ഗൃഹം പുതുക്കിപ്പണിയാൻ സാധിക്കും. കുടുംബജീവിതം സമാധാനപരമാകും. കൃഷിയിൽ നിന്ന് അധികവരുമാനമുണ്ടാക്കാൻ സാധിക്കും. പ്രേമസാഫല്യമുണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ കുറയും. വിദ്യാർത്ഥികൾക്ക് ഉന്നതപഠനവിജയമുണ്ടാകും. ജോലിയിൽ ഉയർച്ച ഉണ്ടാകും.
രോഹിണി
സാമ്പത്തികതടസ്സങ്ങൾ ഇല്ലാതാകുന്ന കാലമാണ്. പുതിയ ബിസിനസുകൾ തുടങ്ങും. വാഹനം വാങ്ങാൻ നല്ല സമയമാണ്. സ്വന്തമായി ഒരു ഗൃഹം എന്ന സ്വപ്നം സാക്ഷാൽക്കരിക്കും. വിദ്യാർത്ഥികൾക്ക് വിദേശപഠനം സാധ്യമാകും. പ്രേമസാഫല്യമുണ്ടാകും. അടുക്കള കൃഷിയിൽ നല്ല വിളവുണ്ടാകും. പുതിയ വസ്ത്ര ആഭരണം വീട്ടുപകരണങ്ങൾ എന്നിവ ലഭിക്കും. പാരമ്പര്യരോഗങ്ങളുടെ തുടക്കം ശ്രദ്ധിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുമായി അകാരണമായി പിണങ്ങേണ്ടി വരും. പതനഭയം, വിഷഭയം എന്നിവയ്ക്ക് സാധ്യതയേറെയാണ്.
മകയിരം
വെല്ലുവിളികളെ നേരിടാൻ സുഹൃത്തുക്കളുടെ പിന്തുണ സഹായകമാകും. അഗ്നിയിൽ നിന്നും ആയുധത്തിൽ നിന്നും അപകടസാധ്യതയുണ്ട്. തൊഴിലിൽ അതീവശ്രദ്ധ പുലർത്തിയില്ലെങ്കിൽ മുടക്കമുണ്ടാകും. അകാരണമായി മനസ്സിൽ ഭയം വന്നുകൂടും. ഔഷധസേവ, വ്യായാമം, ഭക്ഷണക്രമം എന്നിവ കൃത്യമായി പാലിച്ചില്ലെങ്കിൽ രോഗവർദ്ധനയ്ക്ക് സാധ്യതയുണ്ട്. വിദേശത്ത് പോകാൻ കഴിയും. വിനോദയാത്രകൾ നടത്തും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും.
തിരുവാതിര
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇരട്ടി പരിശ്രമങ്ങൾ വേണ്ടിവരുന്ന കാലമാണ്. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാവും. പ്രണയിക്കുന്നവർ തമ്മിൽ പിരിഞ്ഞേക്കാം. ദുഷ്കീർത്തിക്ക് സാധ്യതയുണ്ട്. അഗ്നിയിൽ നിന്ന് ആപത്തുണ്ടാവുമെന്നതിനാൽ ശ്രദ്ധിക്കണം. മനോധൈര്യം കുറയാതെ നോക്കണം. കൃഷിയിൽ ലാഭമുണ്ടാക്കാൻ കഴിയും. ഗൃഹലാഭമുണ്ടാകും. അനാവശ്യമായ ദൂരയാത്രകൾ ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയത്തിൽ ചേർന്ന് പഠിക്കാൻ കഴിയും. കർമ്മരംഗത്ത് സ്ഥാനക്കയറ്റമുണ്ടാകും.
പുണർതം
എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കാൻ നല്ലവണ്ണം പ്രയത്നിക്കേണ്ടി വരും. സാമ്പത്തിക അച്ചടക്കം പാലിക്കണം. മേലധികാരികളുടെ നിസ്സഹകരണം ബുദ്ധിമുട്ടിക്കും. അകാരണമായി ചില വിവാദങ്ങളിൽ ചെന്നുപെട്ടേക്കാം. കലാരംഗത്തുള്ളവർ അവസരങ്ങൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ആഭരണനഷ്ടമുണ്ടാകും. വായ്പകൾ ചില രേഖകളുടെ അഭാവത്തിൽ വൈകിയേക്കാം. വിദ്യാർത്ഥികൾക്ക് പഠനവിജയം ഉണ്ടാകും. സൽസന്താന സിദ്ധിയുണ്ടാകും. അഗ്നിയിൽ നിന്നും ആയുധത്തിൽ നിന്നും ആപത്തിന് സാധ്യതയുണ്ട്.
പൂയം
സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. കുടുംബജീവിതം സുഖകരമാകും. മനസ്സിനിണങ്ങിയ ജോലിയിൽ പ്രവേശിക്കും. ഇഷ്ടജീവിത പങ്കാളിയെ കണ്ടെത്തും. വീട് വയ്ക്കാൻ ഭൂമി വാങ്ങും. വിദേശയാത്രയ്ക്കുള്ള തടസം തീരും. വായ്പകൾ അടച്ചുതീർക്കാനാകും. സന്താനലാഭമുണ്ടാകും. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് ജനമനസ്സിൽ അംഗീകാരം ലഭിക്കും. രോഗശമനമുണ്ടാകും. ബന്ധുക്കളുടെ വിയോഗവാർത്ത കേൾക്കും. ഭക്ഷണത്തിൽ നിന്നും വിഷഭയമുണ്ടാകും.
ആയില്യം
പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന കാലമായിരിക്കും. സജ്ജനങ്ങളുടെ പ്രീതിയും സൽകീർത്തിയും ഉണ്ടാകും. നിലവിലുള്ള ദുഃസ്വഭാവങ്ങൾക്ക് സ്വയം അറുതി വരുത്താൻ കഴിയും. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. ഇഷ്ടസ്ഥലത്തേക്ക് ജോലി മാറ്റമുണ്ടാകും. വിദ്യാർത്ഥികൾ പഠനമികവ് കാണിക്കും. വാഹനലാഭമുണ്ടാകും. കുടുംബസൗഖ്യവും ദാമ്പത്യസുഖവും ഉണ്ടാകും. കലാസാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരെ അവസരവും അംഗീകാരവും തേടിയെത്തും. ത്വക്രോഗം, ദന്തരോഗം തുടങ്ങിയവ ബുദ്ധിമുട്ടിക്കുമെങ്കിലും ഔഷധം ഗുണം ചെയ്യും.
മകം
സമൂഹത്തിലെ ഉന്നതരും ബഹുമാന്യരുമായവരോട് അടുത്ത ബന്ധം പുലർത്താൻ കഴിയും. ബിസിനസിൽ ഉയർച്ചയുണ്ടാകും. വിവാഹതടസം തീരും. കുടുംബത്തിനോടൊത്ത് വിനോദയാത്രകൾ നടത്തും. സ്വത്ത് തർക്കങ്ങൾ അനുകൂലമായി ഒത്തുതീർപ്പാക്കും. സ്ഥലവിൽപ്പന വാങ്ങൽ നടക്കും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കാൻ കഴിയും. പതനഭയം ഉണ്ടാകും. ക്ഷുദ്രജീവികളിൽ നിന്ന് വിഷഭയമുണ്ടാകും.
പൂരം
അഭീഷ്ടകാര്യസിദ്ധിയുണ്ടാകും. കുടുംബജീവിതം സമാധാനപരമാകും. ബിസിനസ് പങ്കാളികളെ ലഭിക്കും. ഔഷധം, വസ്ത്രം, ആഭരണം എന്നിവ വിപണനം ചെയ്യുന്നവർക്ക് ലാഭമുണ്ടാകും. വ്യവഹാരങ്ങൾ കോടതിക്ക് പുറത്ത് ഒത്തുതീരും. പ്രവാസികൾക്ക് നാട്ടിൽ എത്താൻ കഴിയും. സുഹൃദ് ബന്ധങ്ങൾ ശക്തിപ്പെടും. വിദ്യാർത്ഥികൾക്ക് വിജയമുണ്ടാകും. വിഷഭയത്തിന് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ദുഷ്കീർത്തിയുണ്ടാക്കും. കലാകാരന്മാർക്ക് അവസരങ്ങളുടെ കാലമായിരിക്കും.
ഉത്രം
സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറും. വിദേശയാത്രയ്ക്കുള്ള രേഖാതടസ്സങ്ങൾ തീരും. നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ ലഭിക്കും. പിണങ്ങിയ സുഹൃത്തുക്കൾ ഇണങ്ങും. ഗൃഹനിർമ്മാണം തുടങ്ങാൻ കഴിയും. മംഗല്യതടസം തീരും. പൊതു ഇടങ്ങളിൽ ബഹുമാനിക്കപ്പെടും. കലാരംഗത്തുള്ളവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. ഭരണത്തിൽ നിന്ന് വിഷബാധയേൽക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടും. ചെറിയ കുട്ടികളിൽ അപസ്മാരഭയമുണ്ടാകും.
അത്തം
ഇഷ്ടപ്പെട്ട തൊഴിലിൽ പ്രവേശിക്കാൻ കഴിയും. സജ്ജന സമ്പർക്കമുണ്ടാകും. വിവാഹാദി മംഗളകർമ്മങ്ങളുടെ വിഘ്നം തീരും. കാർഷികമേഖലയിൽ സാമ്പത്തികലാഭമുണ്ടാക്കും. ഗൃഹാരംഭം നടത്താൻ കഴിയും. വേർപിരിയലിന്റെ വക്കത്തെത്തിയ ദമ്പതികൾ വിട്ടുവീഴ്ചകൾക്ക് തയ്യാറായി ഒന്നിക്കും. സന്താനലാഭത്തിനായി നടത്തുന്ന ചികിത്സ ഫലവത്താകും. വിദേശത്ത് പഠനത്തിനാഗ്രഹിക്കുന്നവർക്ക് കാര്യസാധ്യമുണ്ടാകും. കടം കൊടുത്തത് തിരിച്ച് കിട്ടാൻ ബുദ്ധിമുട്ടും. വാഹനത്തിന് കേടുപാടുകളുണ്ടാകും. നാൽക്കാലിനാശവും ഉണ്ടാവും.
ചിത്തിര
ആരോഗ്യത്തിനും സാമ്പത്തിക ഇടപാടുകളിലും അതീവശ്രദ്ധ പുലർത്തേണ്ട കാലമാണ്. കാര്യസാധ്യത്തിന് കടുത്തശ്രമങ്ങൾ വേണ്ടിവരും. വിദ്യാർത്ഥികൾക്ക് പഠനസൗകര്യങ്ങൾ ലഭിക്കും. യാത്രകൾക്ക് മുടക്കമുണ്ടാകും. വേണ്ടപ്പെട്ടവരുമായി പിണങ്ങേണ്ടി വന്നേക്കാം. പാരമ്പര്യരോഗങ്ങളുടെ ലക്ഷണം കാണുമെങ്കിലും ഔഷധങ്ങൾ ഫലവത്താകും. കലാസാഹിത്യരംഗത്തുള്ളവർക്ക് പിന്തുണ വർദ്ധിക്കും. പൊതുപ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നത് നല്ലതായിരിക്കും. അപവാദങ്ങൾ കേൾക്കേണ്ടതായി വരും.
ചോതി
കാർഷികവിളകൾ കുറയും. സാമ്പത്തികഞെരുക്കം മറികടക്കാൻ അതിപ്രയത്നം ചെയ്യേണ്ടിവരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ജീവിതപങ്കാളിയെ കണ്ടെത്തും. തീർത്ഥയാത്രകൾ നടത്തും. വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്നവർക്ക് വഴിതെളിയും. വായ്പകൾ ലഭിക്കും. വായനാശീലം വർദ്ധിക്കും. പ്രിയപ്പെട്ടവർക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയും. സൽസന്താനസിദ്ധി ഉണ്ടാകും. ആരോഗ്യത്തിൽ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്.
വിശാഖം
ആരോഗ്യം ശ്രദ്ധിക്കേണ്ട കാലമാണ്. സാമ്പത്തിക ഇടപാടുകൾ കരുതലോടെ ചെയ്താൽ നേട്ടമുണ്ടാക്കാൻ കഴിയും. അത്യാവശ്യമായ യാത്രകൾ മാത്രം ചെയ്യുക. പുതിയ വാഹനം വാങ്ങും. സ്വന്തമായി ഒരു ഗൃഹം എന്ന സ്വപ്നം യാഥാർത്ഥ്യമാകും. സന്താനങ്ങളുടെ നേട്ടങ്ങളിൽ അഭിമാനിക്കും. പതനസാധ്യത ഉള്ളതിനാൽ ഉയരങ്ങളിൽ ജോലി ചെയ്യുന്നവർ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കണം. കോടതി വ്യവഹാരങ്ങൾ തീർപ്പാവാതെ വിഷമിക്കും. കർഷകർക്ക് നേട്ടത്തിന്റെ കാലമാണ്.
അനിഴം
പ്രയത്നങ്ങൾക്ക് നല്ല ഫലം കിട്ടിത്തുടങ്ങുന്ന കാലമാണ്. ആവശ്യക്കാർക്ക് ഗൃഹം, വാഹനം തുടങ്ങിയവ സ്വന്തമാക്കാൻ കഴിയും. പ്രിയപ്പെട്ടവരുമായി ഉല്ലാസയാത്ര നടത്തും. അടുക്കള കൃഷി വിജയിക്കും. ചെറുകിട നിർമ്മാണ യൂണിറ്റുകൾ തുടങ്ങാൻ കഴിയും. അകന്നുകഴിയുന്ന ദമ്പതികൾ പിണക്കം മറന്ന് ഒന്നാകും. സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയത്തിൽ ചേർന്ന് പഠിക്കാൻ കഴിയും. കായികമേഖലയിലുള്ളവർക്ക് അംഗീകാരം ലഭിക്കും. കർമ്മത്തിൽ ഉയർച്ചയുണ്ടാകും. പാദരോഗം, ശിരോരോഗം എന്നിവയുണ്ടാകും. ധൂർത്ത് സാമ്പത്തിക നിലയെ തകരാറിലാക്കാതെ ശ്രദ്ധിക്കണം.
തൃക്കേട്ട
ഗുണാധിക്യമുള്ള കാലമാണ്. ആരോഗ്യനില ഭദ്രമാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസിൽ പങ്കാളികളെ ലഭിക്കും. കൃഷിരംഗത്തുള്ളവർ നേട്ടമുണ്ടാക്കും. പ്രവാസികൾക്ക് നാട്ടിലെ മംഗളകാര്യങ്ങളിൽ പങ്കെടുക്കാൻ കഴിയും. അകന്നുനിൽക്കുന്ന ബന്ധുക്കൾ അടുക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ഉണ്ടാകും. ഉദരരോഗം, നേത്രരോഗം തുടങ്ങിയവ ബുദ്ധിമുട്ടിക്കും. വിഷബാധയ്ക്ക് ലക്ഷണമുണ്ട്. നാൽക്കാലികൾക്ക് നാശമുണ്ടാകും.
മൂലം
മംഗല്യതടസം തീരും. കലാരംഗത്തുള്ളവർക്ക് നല്ല അവസരങ്ങൾ ലഭിക്കും. സാമ്പത്തികലാഭം പ്രതീക്ഷിക്കാം. രോഗങ്ങൾ ഭേദമാകും. വാഹനം വാങ്ങും. കോടതി വ്യവഹാരങ്ങളിൽ അനുകൂല വിധിയുണ്ടാകും. പ്രവാസികൾക്ക് നാട്ടിലെ മംഗള കാര്യങ്ങളിൽ പങ്കെടുക്കാൻ കഴിയും.വളർത്തുമൃഗങ്ങളിൽ രോഗാദ്യരിഷ്ടങ്ങളുണ്ടാകും. ഭക്ഷണം, ഔഷധം തുടങ്ങിയവയിൽ നിന്ന് അലർജിയുണ്ടാക്കും. സുഹൃത്തുക്കളുമായി പിണങ്ങേണ്ടി വരും. വിദ്യാർത്ഥികളിൽ പഠനം മെച്ചപെടും.
പൂരാടം
സാമ്പത്തിക ബാധ്യതകൾ കുറയും. ചെറുകിട കച്ചവടം നടത്തുന്നവർക്ക് ലാഭമുണ്ടാക്കാൻ കഴിയും. സ്ഥല കച്ചവടം നടക്കും. സൽകീർത്തിയും ബഹുമാന്യതയും വർദ്ധിക്കും. പരീക്ഷകളിൽ വിജയിക്കും. മേലധികാരികളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. ജോലിയിൽ അർഹമായ സ്ഥാനകയറ്റം ലഭിക്കും. ദാമ്പത്യസുഖമുണ്ടാകും.ഗൃഹത്തിൽ മുതിർന്നവർക്ക് രോഗാദ്യരിഷ്ടങ്ങളുണ്ടാകും. വാഹനാപകടം ശ്രദ്ധിക്കണം. അനാവശ്യമായ ദൂരയാത്രകൾ ഒഴിവാക്കണം. ദു:സ്വപ്ന പീഢയുണ്ടാകും.
ഉത്രാടം
സാമ്പത്തിക ഭദ്രതയുണ്ടാകും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂല കാലമാണ്. നല്ല സുഹൃദ്ബന്ധങ്ങൾ ലഭിക്കും. സന്താനങ്ങൾക്കായുള്ള ചികിൽസകൾ ഫലം കാണും. മംഗളകാര്യങ്ങളിൽ നേതൃത്വം വഹിക്കും. പൊതു രംഗത്തുള്ളവർക്ക് ജനപ്രീതി വർദ്ധിക്കും. പഠനനിലവാരം വർദ്ധിക്കും.അപ്രതീക്ഷിത പ്രതിസന്ധികൾ സമചിത്തതയോടെ മറികടക്കും. വീട് പുതുക്കിപ്പണിയും. ഇഷ്ടജീവിതപങ്കാളിയെ കണ്ടെത്തും.
തിരുവോണം
ബിസിനസിൽ നടത്തിയ പരീക്ഷണങ്ങളുടെ അനുകൂല ഫലങ്ങൾ കണ്ട് തുടങ്ങും. സാമ്പത്തിക ഗുണമുണ്ടാകും. കർമ്മത്തിൽ സ്ഥാനകയറ്റവും ഇഷ്ടസ്ഥലത്തേക്ക് മാറ്റവും ലഭിക്കും. പ്രണയം വിവാഹത്തിലെത്തും.രോഗശമനമുണ്ടാകും.പ്രിയപ്പെട്ടവരുടെ നേട്ടങ്ങളിൽ സന്തോഷിക്കും.വിനോദയാത്ര നടത്തും. നാൽക്കാലി നാശമുണ്ടാകും. കുട്ടികളിൽ അപസ്മാര ലക്ഷണം കണ്ടേക്കാം.ക്ഷുദ്ര ജീവികളിൽ നിന്ന് ഉപദ്രവം ഉണ്ടാകും. പ്രിയപ്പെട്ടവർക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയും.
അവിട്ടം
സാമ്പത്തിക ഇടപാടുകൾ അതീവശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പ്രതിസന്ധിയുണ്ടാകും. രോഗങ്ങൾ വരാതെയും വർദ്ധിക്കാതെയും ശ്രദ്ധിക്കണം. ഇന്റർവ്യൂകളിൽ വിജയിക്കും. പുകവലിപോലുള്ള ദുഃസ്വഭാവങ്ങൾ നിർത്താൻ കഴിയും. പൊതുപ്രവർത്തകർക്ക് ജനകീയ അംഗീകാരം ലഭിക്കും. സന്താനഗുണം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് ഉന്നതവിജയം പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ ചെറിയ സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടാകും. അർഹമായ അംഗീകാരങ്ങൾ കലാകാരന്മാർക്ക് ലഭിക്കും. വ്യവഹാരങ്ങളിൽ വിധി അനുകൂലമാകും.
ചതയം
ഗുണദോഷസമ്മിശ്രമായ കാലമാണ്. സാമ്പത്തികനഷ്ടം വരാതെ സൂക്ഷിക്കുക. തന്റേതല്ലാത്ത കാരണങ്ങളാൽ ദുഷ്കീർത്തി വരുമെന്നതിനാൽ അന്യരുടെ വിഷയങ്ങളിൽ ഇടപെടാതിരിക്കുക. ഔഷധസേവയിലൂടെ രോഗങ്ങൾ വർദ്ധിക്കാതെ ശ്രദ്ധിക്കുക. സന്താനസിദ്ധിയുണ്ടാകും. മംഗളകാര്യങ്ങൾ നടക്കും. കലാകായികരംഗത്ത് ഇവർ അംഗീകാരം നേടും. വാഹനങ്ങളിൽ നിന്ന് ആപത്തുണ്ടായേക്കാം. അനാവശ്യമായ ദൂരയാത്ര ഒഴിവാക്കണം. വിദ്യാർത്ഥികൾ പഠനമികവ് കാണിക്കും.
പൂരുരുട്ടാതി
ഗുണദോഷസമ്മിശ്ര കാലമാണ്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ അതിപ്രയത്നം ചെയ്യണം. വിട്ടുവീഴ്ചകൾക്ക് തയ്യാറായില്ലെങ്കിൽ വേണ്ടപ്പെട്ടവരുമായി പിരിയേണ്ടി വന്നേക്കാം. മറ്റുള്ളവരുടെ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നത് ഒഴിവാക്കുക. സന്താനഗുണമുള്ള കാലമാണ്. വിദേശത്ത് പഠിക്കാൻ കഴിയും. കൃഷിയിൽ നിന്ന് വരുമാനമുണ്ടാക്കാൻ കഴിയും. പതനഭയത്തിന് സാധ്യതയുള്ളതിനാൽ ഉയരങ്ങളിൽ ജോലി ചെയ്യുന്നവർ ശ്രദ്ധിക്കണം. നാൽക്കാലികളിൽ നിന്ന് വിഷഭയത്തിന് സാധ്യതയുണ്ട്.
ഉത്തൃട്ടാതി
ഗുണാധിക്യമുള്ള കാലമാണ്. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ കഴിയും. സ്ഥലം വിൽപ്പന വാങ്ങലുകൾ നടക്കും. പ്രേമസാഫല്യമുണ്ടാകും. വിദേശയാത്രയ്ക്കുള്ള തടസം തീരും. മേലധികാരികളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും. സന്താനസൗഭാഗ്യം ആഗ്രഹിക്കുന്നവരുടെ ചികിത്സകൾ ഫലവത്താകും. ചെറുകിട കച്ചവടങ്ങൾ തുടങ്ങുവാൻ ശുഭകാലമാണ്. ധനപരമായ വഞ്ചനയ്ക്ക് സാധ്യതയേറെയായതിനാൽ ഇടപാടുകളിൽ കരുതലുണ്ടാകണം. അടുത്തറിയുന്നവരുടെ വിരഹവാർത്തകൾ വിഷമിപ്പിക്കും. ഭക്ഷണത്തിൽ നിന്നുള്ള വിഷഭയമുണ്ടാകും.
രേവതി
ഗുണദോഷസമ്മിശ്ര കാലമാണ്. ഇപ്പോഴുള്ള ജോലിയിൽ നിന്ന് മാറുന്നത് ഗുണം ചെയ്യും. പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കണം. മുതിർന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കും. പ്രണയനഷ്ടമുണ്ടാകും. വാഹനാപകട സാധ്യതയുണ്ട്. ഓഹരി വിപണി പോലുള്ള ഊഹക്കച്ചവടങ്ങളിൽ നഷ്ടസാധ്യതയുണ്ട്. പ്രവാസികൾക്ക് നാട്ടിൽ തിരികെയെത്താനുള്ള തടസ്സങ്ങൾ തീരും. മംഗല്യം പോലുള്ള മംഗളകാര്യങ്ങൾ നടക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹസഹായങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയമുണ്ടാകും.
സജിത് പണിക്കർ,
ആലൂർ കളരിക്കൽ