
ഗാന്ധി നഗർ: ഗുജറാത്തിൽ ശമ്പള വർധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം ചെയ്യുന്ന രണ്ടായിരത്തിലേറെ ആരോഗ്യ പ്രവർത്തകരെ സർക്കാർ പിരിച്ചുവിട്ടു. അയ്യായിരത്തിലധികം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അവശ്യ സേവന പരിപാലന നിയമം ചുമത്തിയാണ് ഗുജറാത്ത് സർക്കാരിന്റെ നടപടി. കേരളത്തിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരത്തിന് സമാനമായാണ് ഗുജറാത്തിലും ആരോഗ്യ പ്രവർത്തകർ സമരം ചെയ്യുന്നത്. കേരളത്തിലെ ആശാവർക്കർമാരുടെ സമരത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തിൽ സമരം ചെയ്യുന്നവരെ പിരിച്ചുവിടുന്നത്.
മാർച്ച് 12 നാണ് ഗുജറാത്തിൽ ആരോഗ്യപ്രവർത്തകർ സമരം ആരംഭിച്ചത്. 11,000ത്തോളം ജീവനക്കാരാണ് സമരത്തിൽ പങ്കെടുക്കുന്നത്. എന്നാൽ, സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സർക്കാർ തീർത്തും നിരുത്തരവാദപരമായ സമീപനമാണ് ഇവരോട് സ്വീകരിക്കുന്നത്. പണിമുടക്ക് സമരം പിൻവലിച്ചാൽ മാത്രമേ ചർച്ച പോലും ഉള്ളൂ എന്നാണ് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേലിന്റെ നിലപാട്.











