
ന്യൂഡൽഹി: രാജ്യമെമ്പാടും റയിൽശൃംഖല വ്യാപിപ്പിക്കുമെന്ന് കേന്ദ്ര റയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ, 50 നമോ ഭാരത് റാപ്പിഡ് റെയിൽ, 17,500 ജനറൽ നോൺ എസി കോച്ചുകൾ എന്നിവ സാധ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2,52,000 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ റെയിൽവേ മന്ത്രാലയത്തിന് വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 4,60,000 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുളളത്. റെയിൽവേയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ചെലവുകൾക്കായി 1,16,000 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നു. സ്ട്രാറ്റജിക് ലൈനുകളുടെ പ്രവർത്തനത്തിലെ നഷ്ടപരിഹാരമായി 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റിൽ 2,739.18 കോടി രൂപയായി നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 2024-25 ലെ പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 2,602.81 കോടി രൂപയായിരുന്നു. ഈ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റിൽ ഇന്ത്യൻ റെയിൽവേയുടെ അറ്റാദായ ചെലവ് 3,02,100 കോടി രൂപയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ 1.6 ബില്യൺ ടൺ ചരക്ക് എത്തിക്കുന്ന റെയിൽവേയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ചരക്ക് ഗതാഗത മാർഗമായി ഇന്ത്യൻ റെയിൽവേ മാറും.അതിവേഗ ട്രെയിനുകളിൽ, 2047 ഓടെ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയുള്ള 7,000 കിലോമീറ്റർ അതിവേഗ റെയിൽ ശൃംഖലയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ട്രെയിനുകളും ആധുനിക കോച്ചുകളും അനുവദിക്കുന്നത് സാധാരണക്കാരുടെയും, മധ്യവർഗത്തിൽപ്പെടുന്ന ആളുകളുടെയും യാത്ര കൂടുതൽ സൂഗമമാക്കുമെന്നും അശ്വനി വൈഷ്ണവ് കൂട്ടിച്ചേർത്തു.











