
മാലിന്യം ശേഖരിക്കുന്നതിൻറെ മറവിൽ മോഷണം നടത്തിയ യുവതികൾ അറസ്റ്റിൽ. പശ്ചിമ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം. സിലിഗുരിയിൽ മാലിന്യ ശേഖരണത്തിനായി പ്രവർത്തിച്ചിരുന്ന സ്ത്രീകളുടെ സംഘത്തിൽ ഉൾപ്പെട്ട റിങ്കി ദേവി, ഉഷാ ദേവി എന്നിവരാണ് അറസ്റ്റിലായത്. മാലിന്യ ശേഖരണം ഇവർക്ക് മോഷണം നടത്താനുള്ള മറയായിരുന്നു. നിരവധി മോഷണ പരാതികളുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതികൾ പിടിയിലായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാന നഗർ പ്രദേശത്ത് നിരവധി മോഷണ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഏപ്രിൽ 13 ന് ഒരു ഇലക്ട്രോണിക്സ് കടയിലും നടന്നു. രാത്രിയിൽ ടിൻ മേൽക്കൂര തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ 1.5 ലക്ഷം മുതൽ 2 ലക്ഷം രൂപ വരെ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചു. കടയുടമ ഓം പ്രകാശ് ഗുപ്ത നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ കേസിൽ നിർണായക തെളിവുകൾ ലഭിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതികളെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തെ കുറിച്ച് പൊലീസിന് കൂടുതൽ വ്യക്തത വന്നത്. ഇവർ മോഷ്ടിച്ച സാധനങ്ങളുടെ പകുതി വീണ്ടെടുക്കുകയും ചെയ്തു. മാലിന്യം ശേഖരണം മോഷണം നടത്താനുള്ള മറയായി ഉപയോഗിച്ചു എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ രണ്ട് സ്ത്രീകളെയും തിങ്കളാഴ്ച സിലിഗുരി കോടതിയിൽ ഹാജരാക്കി. ബാക്കിയുള്ള മോഷ്ടിക്കപ്പെട്ട സാധനങ്ങൾ വീണ്ടെടുക്കാനും മറ്റ് സംഘാംഗങ്ങളെ തിരിച്ചറിയാനുമുള്ള ശ്രമങ്ങൾ നടക്കുകയാണ്.











