
എറണാകുളം നോർത്തിലെ ലിസി ആശുപത്രിയുടെ ഭാവി വികസനത്തിന്റെ പേരിൽ കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്നാരോപിച്ച് എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പിന് പരാതി. ആശുപത്രിയുടെയും ലിസി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നിയന്ത്രണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടിൽ നിയമാനുസൃത നടപടികൾ പാലിച്ചില്ലെന്നും ഭൂമിയുടെ ഉടമസ്ഥർക്ക് നൽകേണ്ട തുക സംബന്ധിച്ചും ഇടപാടിന്റെ സാമ്പത്തിക സുതാര്യതയെക്കുറിച്ചും ഗുരുതര സംശയങ്ങളുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.
നന്ദകുമാർ, വിനയകുമാർ, വിനോദ്കുമാർ, ഗീതാഞ്ജലി എന്നിങ്ങനെ നാല് ഭൂവുടമകളിൽ നിന്നായി 196.23 ആർ നാലേക്കർ 85 സ്ഥലം വാങ്ങിയാണ് ലിസി ആശുപത്രിയേയും ആശുപത്രി നടത്തിപ്പുകാരായ എറണാകുളം അങ്കമാലി രൂപതയേയും വഞ്ചിച്ചിരിക്കുന്നത്. മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിനു കീഴിൽ ആമ്പല്ലൂർ വില്ലേജിലാണ് ഈ സ്ഥലം. ലിസി ആശുപത്രിക്ക് മെഡിക്കൽ കോളെജ് നിർമിക്കാനെന്ന പേരിലാണ് ഭൂമി വാങ്ങലിൽ വൻ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
പരാതിയിൽ പറയുന്നതനുസരിച്ച് രേഖകളിൽ നാല് ഇടപാടുകളിലായി നാല് ഭൂവുടമകളുടെ പേരിൽ നിന്നും ലീലാമ്മ അഗസ്റ്റിൻ, ആൽബി എൻ പി, സാബു സെബാസ്റ്റിൻ എന്നീ മൂന്നു പേരുകളിലേക്കാണ് ഈ സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഥലം വാങ്ങാൻ ലിസി ആശുപത്രിയുടെ പണമാണ് ഉപയോഗിച്ചതെങ്കിലും ഈ സ്ഥലം രജിസ്റ്റർ ചെയ്തിരിക്കുന്നത് ലിസി ആശുപത്രിയുടെ പേരിലല്ല. മാത്രമല്ല കെട്ടിടം നിർമിക്കാനോ വികസനം നടത്താനോ നിയമപരമായി അനുവാദമില്ലാത്ത നിലമാണ് വൻ തുകയ്ക്ക് മറിച്ചത്.
മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത രേഖകളിൽ ഭൂമിയുടെ 98 ശതമാനവും നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
നന്ദകുമാറിന്റെ പേരിലുള്ള 50.19 ആർ ലീലാമ്മ അഗസ്റ്റിനും, വിനയകുമാറിന്റെ 14.16 ആറും ഗീതാഞ്ജലിയുടെ 59.34 ആർ ആൽബി എൻ പിയുടെ പേരിലും വിനോദ്കുമാറിന്റെ 72.54 ആർ സാബു സെബാസ്റ്റിന്റെ പേരിലുമാണ് രജിസ്ട്രേഷൻ നടന്നിരിക്കുന്നതെന്നാണ് രേഖകളിലുള്ളത്.
2017-ൽ കേരള സർക്കാർ നിശ്ചയിച്ചിരുന്ന ഭൂമിയുടെ ന്യായവില ആർ ഒന്നിന് 6,300 രൂപ മാത്രമാണ്. എന്നാൽ വൻ സാമ്പത്തിക ഇടപാടാണ് ഭൂമിയുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുന്നത്. ഭൂമിയുടെ സ്വഭാവവും ഉപയോഗയോഗ്യതയും സംബന്ധിച്ചും പരാതിക്കാർ ചോദ്യങ്ങൾ ഉയർത്തുന്നു.
വിൽപ്പനക്കരാറില്ലാതെ 2.60 കോടി നൽകിയോ?
ഇടപാടിലെ ഏറ്റവും ഗുരുതരമായ ആരോപണം 2.60 കോടി രൂപയുടെ പണമിടപാടിനെ ചുറ്റിപ്പറ്റിയാണ്. ഭൂവുടമകളുമായി നിയമപരമായി ഉണ്ടാക്കേണ്ട വസ്തുവിൽപ്പന കരാറുകൾ ഒപ്പിടാതെ, കേവലം ഒരു രസീതിന്റെ അടിസ്ഥാനത്തിൽ 2015 ജൂലൈ 9-ന് രണ്ടരക്കോടി രൂപയും പിന്നീട് 10 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 2.60 കോടി രൂപയും നൽകിയതായി രേഖകളിൽ കാണുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. ഇതിന്റെ പകർപ്പും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇത്രയും വലിയ തുക ഏത് ഇടപാടിന്റെ അടിസ്ഥാനത്തിലാണ് കൈമാറിയതെന്നാണ്. ഭൂവുടമകളുമായി നിയമാനുസൃത വിൽപ്പനക്കരാർ ഉണ്ടായിരുന്നോ. പണം നൽകുന്നതിന് പിന്നിലെ യഥാർഥ ഇടപാട് എന്തായിരുന്നു എന്ന ചോദ്യങ്ങളും ഉയരുന്നു. വാങ്ങിയ ഭൂമി ബാങ്കിൽ പണയത്തിലായിരുന്നു എന്നത് മറ്റൊരു നിർണായക ചോദ്യവും ഉയർത്തുന്നുണ്ട്.
ഭൂമിയുടെ ആധാരങ്ങൾ പരിശോധിക്കുമ്പോൾ അവ എറണാകുളം ദിവാൻസ് റോഡിലെ എറണാകുളം അർബൻ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഹെഡ് ഓഫീസിൽ പണയപ്പെടുത്തിയിരുന്നതായാണ് കാണുന്നത്.
പണയാധാരങ്ങൾ പ്രകാരം എടുത്ത വായ്പയിൽ എത്ര തുക തിരിച്ചടച്ചിരുന്നു, എത്ര തുകയാണ് ബാക്കിയുണ്ടായിരുന്നത്, ആ ബാക്കി തുക ആരാണ് അടച്ചുതീർത്തത് തുടങ്ങിയ കാര്യങ്ങളിൽ ഉൾപ്പെടെ പരാതിക്കാർ വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. ബന്ധപ്പെട്ട ഭൂമി കൈമാറ്റത്തിന് മുമ്പ് നിയമപരമായ അനുമതികൾ നേടിയിരുന്നോയെന്നും അവർ ചോദ്യം ഉന്നയിക്കുന്നു. വായ്പാബാധ്യത നിലനിൽക്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുമുമ്പ് ആവശ്യമായ നിയമനടപടികളും അനുമതികളും പാലിച്ചിരുന്നോ എന്നത് അന്വേഷണത്തിൽ നിർണായകമായി പരിശോധിക്കേണ്ട മറ്റൊരു വിഷയമാണ്.
ലിസിയുടെ പണം ഉപയോഗിച്ചെന്ന ആരോപണം
ഇടപാടുമായി ബന്ധപ്പെട്ട ഗുരുതര ആരോപണം ലിസി മെഡിക്കൽ ഇൻസ്റ്റിറ്റിയൂഷൻസ് ട്രസ്റ്റിന്റെ അക്കൗണ്ടിൽ നിന്നുള്ള പണത്തിന്റെ ഉപയോഗത്തെക്കുറിച്ചാണ്. ട്രസ്റ്റിന്റെ അക്കൗണ്ടിൽനിന്ന് 2.60 കോടി രൂപ ഫാ. തോമസ് വൈക്കത്തുപറമ്പന്റെ നേതൃത്വത്തിൽ പുറത്തേക്ക് മാറ്റിയതായി രേഖകൾ സൂചിപ്പിക്കുന്നുവെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഈ ഇടപാടിൽ ഉൾപ്പെട്ട ഭൂവുടമകൾ ഡമ്മി ഇടപാടുകാർ മാത്രമായിരുന്നുവെന്നും യഥാർഥ ഇടപാടുകാർ എറണാകുളം അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണെന്നും ആരോപണമുണ്ട്. ഭൂമിയുടെ പണയ ബാധ്യത മറികടക്കുന്നതിന് ട്രസ്റ്റിന്റെ പണം ഉപയോഗിച്ചുവെന്നും സഭയുടെ പൊതുസ്വത്ത് ദുരുപയോഗം ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇതോടെ കേസിന്റെ ഗൗരവം ഭൂമി ഇടപാടിൽ മാത്രം ഒതുങ്ങുന്നില്ല. ട്രസ്റ്റിന്റെ പണം ഏത് ആവശ്യത്തിനാണ് പിൻവലിച്ചത്, ആരുടെ നിർദേശപ്രകാരമാണ് പണം കൈമാറിയത്, ആ പണം ഒടുവിൽ ആരുടെ കൈകളിലെത്തി എന്ന ചോദ്യങ്ങളും ഉയരുന്നു.
18 ശതമാനം പലിശയുമായി 3.34 കോടി ആവശ്യപ്പെട്ട കേസ്
ഇടപാടിന്റെ തുടർച്ചയായി മറ്റൊരു നിയമനടപടിയും ഉണ്ടായതായി പരാതിയിൽ പറയുന്നു. 2.60 കോടി രൂപയ്ക്ക് 18 ശതമാനം പലിശ ഉൾപ്പെടുത്തി തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ലിസി മെഡിക്കൽ ഇൻസ്റ്റിറ്റിയൂഷൻസിനു വേണ്ടി ഡയറക്ടറായ ഫാ. തോമസ് വൈക്കത്തുപറമ്പൻ വാദിയായി എറണാകുളം സബ് കോടതിയിൽ ഒഎസ് 63/2017 എന്ന കേസ് ഫയൽ ചെയ്തതായി പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.
2015 ജൂലൈ 30 മുതൽ 2017 മാർച്ച് 15 വരെയുള്ള പലിശയായി 74.10 ലക്ഷം രൂപ കൂടി കണക്കാക്കി മൂന്നുകോടി 34 ലക്ഷത്തി പതിനായിരം രൂപ ഭൂവുടമകളിൽനിന്ന് ഈടാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടതെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ കോടതി രേഖകളുടെ പകർപ്പും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ഇവിടെ വീണ്ടും ഉയരുന്ന ചോദ്യം 2.60 കോടി രൂപ ആദ്യം എന്തിനാണ് നൽകിയതെന്നും അതേ തുകയ്ക്ക് പിന്നീട് പലിശയടക്കം 3.34 കോടി രൂപ ആവശ്യപ്പെട്ടതിന്റെ നിയമപരമായ അടിസ്ഥാനം എന്താണെന്നതുമാണ്.
കോടതിവിധിയും സംശയങ്ങൾക്ക് വഴിയൊരുക്കുന്നു. കേസിലെ പ്രതികളായി ചേർത്തിരുന്ന ലീലയമ്മ അഗസ്റ്റിൻ, ആൽബി എൻ പി, സാബു സെബാസ്റ്റ്യൻ എന്നിവർ കേസിന്റെ തുടക്കത്തിൽ ഹാജരായിരുന്നെങ്കിലും പിന്നീട് ഹാജരാകാതിരുന്നതിനെ തുടർന്ന് എക്സ്പാർട്ടി വിധിയാണ് ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. 2018 ജൂലൈ 30-ന് എറണാകുളം സബ് കോടതിയിൽ ഉണ്ടായ വിധിയുടെ പകർപ്പും പരാതിക്കാർ സമർപ്പിച്ചിട്ടുണ്ട്.
ഈ കേസിന്റെ പശ്ചാത്തലത്തിൽ സഭാ സ്വത്തുക്കളുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ചില ഇടപെടലുകൾ രേഖകളിലൂടെ പുറത്തുവരുന്നുവെന്നും പരാതിക്കാർ പറയുന്നു. യഥാർഥത്തിൽ ട്രസ്റ്റിന്റെ അക്കൗണ്ടിൽനിന്ന് പുറത്തുപോയ പണം എവിടേക്കാണ് എത്തിയതെന്ന കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
ഓഡിറ്റ് പരാമർശങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചോ?
പരാതിയിൽ മറ്റൊരു ഗുരുതര ആരോപണം ഓഡിറ്റ് നടപടികളെ സംബന്ധിച്ചാണ്. ഫാദർ തോമസ് വൈക്കത്തുപറമ്പൻ ബോധിപ്പിച്ചിരിക്കുന്ന ഹർജി രൂപതയ്ക്കും സഭയ്ക്കും ലിസി ട്രസ്റ്റിനും നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നതിനൊപ്പം ഭാവിയിൽ ഉയരാവുന്ന ഓഡിറ്റ് ഒബ്ജക്ഷൻ ഉൾപ്പെടെയുള്ള ചോദ്യങ്ങൾ ഒഴിവാക്കാനുള്ള സാങ്കേതിക നടപടിയായി മാത്രമാണ് കാണുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു.
ബന്ധപ്പെട്ട കേസുകളിൽ പ്രതികളായി ചേർക്കപ്പെട്ടവർ ഹാജരാകാത്തതും അവരുടെ അഭാവത്തിൽ വിധിയുണ്ടായതുമെല്ലാം വിശദമായി പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
'ഭൂമാഫിയ' ബന്ധമെന്ന ആരോപണം; സ്വതന്ത്ര അന്വേഷണം വേണം
ലിസി ആശുപത്രിയുടെ വികസനത്തിന്റെ പേരിൽ ഭൂമി ഇടപാട് നടത്തിയപ്പോൾ ചില അജ്ഞാത ഭൂവുടമകളുമായും 'ഭൂമാഫിയ'യുമായും ചേർന്ന് ഇടപാട് നടത്തിയെന്ന ഗുരുതര ആരോപണവും പരാതിയിൽ ഉന്നയിക്കുന്നു. എന്നാൽ ഇവ പരാതിക്കാരുടെ ആരോപണങ്ങളാണ്. അതുകൊണ്ടുതന്നെ ആരോപണങ്ങൾ അന്വേഷണത്തിലൂടെയാണ് തെളിയിക്കപ്പെടേണ്ടത്. ഇടപാടിൽ ഉൾപ്പെട്ട ഭൂവുടമകൾ യഥാർഥ ഇടപാടുകാർ തന്നെയാണോ, അതോ മറ്റാരുടെയെങ്കിലും താത്പര്യത്തിനായി പേരുകൾ ഉപയോഗിച്ചോ എന്നതടക്കം അന്വേഷിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ട്രസ്റ്റിന്റെ അക്കൗണ്ടിൽനിന്ന് പുറത്തുപോയ 2.60 കോടി രൂപ യഥാർഥത്തിൽ ആരുടെ കൈകളിലെത്തി എന്നതും കണ്ടെത്തണമെന്നാണ് ആവശ്യം.
ഫാ. തോമസിനെ ചുമതലകളിൽനിന്ന് മാറ്റണമെന്ന ആവശ്യം
നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രൊക്യുറേറ്ററായി പ്രവർത്തിക്കുന്ന ഫാ. തോമസ് വൈക്കത്തുപറമ്പൻ തന്നെയാണ് പരാതിയിലെ പ്രധാന ആരോപണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണം നടക്കുമ്പോൾ അദ്ദേഹത്തെ കൂരിയയിലെ യോഗങ്ങളിൽനിന്നും അതിരൂപതയുമായി ബന്ധപ്പെട്ട ചുമതലകളിൽനിന്നും മാറ്റിനിർത്തണമെന്ന് പരാതിക്കാർ ആവശ്യപ്പെടുന്നു.
അന്വേഷണം സ്വതന്ത്രവും നിഷ്പക്ഷവുമായിരിക്കണമെങ്കിൽ ബന്ധപ്പെട്ട ചുമതലകളിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്തേണ്ടത് അനിവാര്യമാണെന്നാണ് പരാതിക്കാരുടെ നിലപാട്.
ചാർട്ടേഡ് അക്കൗണ്ടന്റുമാരടങ്ങിയ അന്വേഷണസംഘം വേണം
പരാതിയിൽ ഏറ്റവും ഒടുവിൽ ആവശ്യപ്പെടുന്നത് സ്വതന്ത്രമായ സാമ്പത്തിക നിയമ പരിശോധനയാണ്. മേജർ ആർച്ച് ബിഷപ്പ് നിർദേശിക്കുന്ന രീതിയിൽ, വിഷയത്തിൽ പ്രാവീണ്യമുള്ള സ്വതന്ത്രരായ ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ചാർട്ടേഡ് എൻജിനീയർ/ വാല്യുവർ, മറ്റ് പ്രൊഫഷണലുകൾ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ കമ്മീഷൻ രൂപീകരിക്കണമെന്നാണ് ആവശ്യം.
196.23 ആർ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടും ട്രസ്റ്റിന്റെ പണത്തിന്റെ വിനിയോഗവും പരിശോധിച്ച് നഷ്ടം കണക്കാക്കുകയും ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുകയും വേണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു. കൂടാതെ, ബന്ധപ്പെട്ട വൈദികർക്കും സഭാംഗങ്ങൾക്കുമെതിരെ സഭയുടെ കാനോനിക നടപടിക്രമങ്ങൾ പ്രകാരം നടപടി സ്വീകരിക്കാൻ സ്വതന്ത്ര കാനോനിക്കൽ ട്രൈബ്യൂണൽ/ ബിഷപ്പ് കമ്മീഷൻ രൂപീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2026 ഓഗസ്റ്റ് 25നാണ് തൃപ്പൂണിത്തുറയിലെ എ.പി ജോസഫും ചെങ്ങമനാടിലെ ചെറിയാൻ കെ എസും മേജർ ആർച്ച് ബിഷപ്പ് മാർ. റാഫേൽ തട്ടിലിന് പരാതി സമർപ്പിച്ചിരിക്കുന്നത്. അരമനയിലെ ബന്ധപ്പെട്ട വിഭാഗം പരാതി സ്വീകരിച്ച് പരാതിക്കാർക്ക് റസീപ്റ്റും നൽകിയിട്ടുണ്ട്.
ഇപ്പോൾ ഉയരുന്ന നിർണായക ചോദ്യം 196.23 ആർ ഭൂമിയെ ചുറ്റിപ്പറ്റിയ 2.60 കോടിയുടെ ഇടപാടിൽ യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്നും ട്രസ്റ്റിന്റെ പണം ആരുടെ കൈകളിലാണ് എത്തിയതെന്നുമാണ്. പരാതിയിലെ ആരോപണങ്ങൾക്ക് അന്വേഷണത്തിലൂടെ മാത്രമാണ് അന്തിമ ഉത്തരമുണ്ടാവുകയുള്ളു.










