09:09am 03 November 2026
NEWS
അഞ്ചു സംസ്ഥാനങ്ങളിലായി ഒഴിവാക്കിയത് 2.29 കോടി ആളുകളെ; തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടികയിൽ വൻ അഴിച്ചുപണി
03/11/2026  07:53 AM IST
nila
അഞ്ചു സംസ്ഥാനങ്ങളിലായി ഒഴിവാക്കിയത് 2.29 കോടി ആളുകളെ; തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടികയിൽ വൻ അഴിച്ചുപണി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അഞ്ചു സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ വൻ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന് (എസ്.ഐ.ആർ.) ശേഷമുള്ള അന്തിമ കണക്കുകൾ പുറത്തുവന്നതോടെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുർ എന്നിവിടങ്ങളിലായി 2.29 കോടിയോളം വോട്ടർമാരുടെ കുറവുണ്ടായതായി വ്യക്തമായി. നേരത്തെ 18.71 കോടിയായിരുന്ന ആകെ വോട്ടർമാരുടെ എണ്ണം ഇപ്പോൾ 16.43 കോടിയായി. 13.24 ശതമാനമാണ് കുറവ്.

ഈ പട്ടിക പുതുക്കലിൽ ഏറ്റവും വലിയ മാറ്റമുണ്ടായത് ഉത്തർപ്രദേശിലാണ്. അഞ്ചു സംസ്ഥാനങ്ങളിലായി ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ ഭൂരിഭാഗവും യുപിയിൽ നിന്നാണ്. ഇവിടെ 15.44 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 13.40 കോടിയായി താഴ്ന്നു. ഏകദേശം 2.04 കോടി പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

മറ്റു സംസ്ഥാനങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവുണ്ടായി. ഉത്തരാഖണ്ഡിൽ 80 ലക്ഷമായിരുന്ന വോട്ടർമാർ 72 ലക്ഷമായി കുറഞ്ഞു. ഗോവയിൽ 11.85 ലക്ഷത്തിൽനിന്ന് 10.58 ലക്ഷമായും പഞ്ചാബിൽ 2.15 കോടിയിൽനിന്ന് 2.01 കോടിയായും എണ്ണം താഴ്ന്നു. മണിപ്പുരിൽ 20.9 ലക്ഷമായിരുന്ന വോട്ടർമാർ 19.6 ലക്ഷമായി കുറഞ്ഞു.

ശതമാനക്കണക്കിൽ ഗോവയിലാണ് ഏറ്റവും വലിയ കുറവ് (10.76 ശതമാനം). ഉത്തരാഖണ്ഡിൽ 10.07 ശതമാനവും പഞ്ചാബിൽ 6.34 ശതമാനവും മണിപ്പുരിൽ 6.33 ശതമാനവുമാണ് ഇടിവ്. കരട് പട്ടികയേക്കാൾ അന്തിമ പട്ടികയിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞ ഏക സംസ്ഥാനവും ഗോവയാണ്.

പഞ്ചാബിൽ കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ 34 ശതമാനം പേർക്ക് അന്തിമ പട്ടികയിൽ വീണ്ടും ഇടം ലഭിച്ചിട്ടുണ്ട്. അതേസമയം, യുപിയിലെ വൻതോതിലുള്ള കുറവാണ് അഞ്ചു സംസ്ഥാനങ്ങളിലെയും കണക്കുകളിൽ പ്രധാനമായി ശ്രദ്ധിക്കപ്പെടുന്നത്.

2027-ലാണ് ഈ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി 2027 മേയ് 22-ന് അവസാനിക്കുമ്പോൾ ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ എന്നിവിടങ്ങളിലെ നിയമസഭകളുടെ കാലാവധി മാർച്ചിലും പൂർത്തിയാകും. നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ആറുമാസം മുൻപുവരെ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img