06:48am 30 April 2026
NEWS
​1983-ലെ നെല്ലി കൂട്ടക്കൊല: പുനരധിവാസ ഹർജി തള്ളി സുപ്രീം കോടതി
02/09/2025  11:27 AM IST
സുരേഷ് വണ്ടന്നൂർ
​1983-ലെ നെല്ലി കൂട്ടക്കൊല: പുനരധിവാസ ഹർജി തള്ളി സുപ്രീം കോടതി

​ന്യൂഡൽഹി: 1983-ലെ നെല്ലി കൂട്ടക്കൊലയിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു.
​റൂമി ബീഗം ഉൾപ്പെടെയുള്ള കൂട്ടക്കൊലയുടെ ഇരകൾക്ക് വേണ്ടി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡ് ആയ സൃഷ്ടി അഗ്നിഹോത്രിയാണ് ഹരജി ഫയൽ ചെയ്തത്. 1983 ഫെബ്രുവരിയിൽ നെല്ലി മേഖലയിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളെക്കുറിച്ചും, അതിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഹർജിയിൽ വിശദമാക്കിയിരുന്നു.

​കൂട്ടക്കൊലയിൽ തങ്ങൾക്ക് കുടുംബാംഗങ്ങളെയും സ്വത്തും നഷ്ടപ്പെട്ടതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. മരിച്ച ഓരോ കുടുംബാംഗത്തിനും 5,000 രൂപയും, വെടിയേറ്റ രണ്ടു ബന്ധുക്കൾക്ക് 1,500 രൂപയും മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി, "ന്യായവും മതിയായതുമായ നഷ്ടപരിഹാരം" ആവശ്യപ്പെട്ടാണ് ഇരകൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം സുപ്രീം കോടതിയെ സമീപിച്ചത്.

​നഷ്ടപരിഹാരം വീണ്ടും കണക്കാക്കാനും വർദ്ധിപ്പിക്കാനും ഒരു കമ്മീഷനെ നിയോഗിക്കണമെന്നും, നെല്ലി മേഖലയിലെ ഇരകളുടെ കുടുംബങ്ങൾക്ക് ഭവനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ പ്രത്യേക പരിഗണന നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
​എന്നാൽ, ഈ വിഷയത്തിൽ കൂടുതൽ പരിഗണന നൽകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, ഹർജി പിൻവലിക്കാൻ അനുവദിക്കുകയായിരുന്നു. ഈ കേസ് W.P.(C) No. 833/2025 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img