
ടെഹ്റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് ഇറാനിൽ 19 വയസ്സുള്ള ഇരട്ടസഹോദരിമാർക്ക് കടുത്ത ശിക്ഷ. സഹോദരിമാരിൽ ഒരാളായ തരാനെ റഹീമിക്ക് വധശിക്ഷ വിധിച്ചപ്പോൾ മറ്റൊരാളായ റോമിന റഹീമിക്ക് 25 വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്. കേസിൽ ഇരുവരും ക്രൂരമായ പീഡനത്തിന് ഇരയായെന്ന ഗുരുതര ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.
ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ ഉദ്യോഗസ്ഥർ അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഇരുവരെയും മുഖംമൂടി ധരിപ്പിച്ച് കൊണ്ടുപോയെന്നാണ് ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ഏകദേശം നാല് മാസത്തോളം പെൺകുട്ടികളെക്കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും ലഭിച്ചില്ല.
മക്കളെ കണ്ടെത്താൻ അമ്മ മർസിയ നൂർമുഹമ്മദി ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും നിരന്തരം അന്വേഷിച്ചതോടെയാണ് ഇരുവരും ഇസ്ഫഹാനിലെ ദൗലതാബാദ് ജയിലിലാണെന്ന് അറിയുന്നത്. കഴിഞ്ഞ മേയിൽ ജയിലിൽവച്ച് മക്കളെ കാണാൻ അനുമതി ലഭിച്ചപ്പോഴേക്കും അവരുടെ ശരീരത്തിൽ ഗുരുതരമായ പരുക്കുകളുണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. മർദനത്തെ തുടർന്ന് മുഖം വീങ്ങിയ നിലയിലായിരുന്നെന്നും കൈമുട്ടുകളും കാൽപാദങ്ങളും തല്ലിയൊടിച്ചിരുന്നെന്നും അമേരിക്കയിലെ യൂട്ടായിൽ കഴിയുന്ന കസിൻ മസൂദ് നൂർമുഹമ്മദി പറഞ്ഞു. ജയിൽ അധികൃതർ അവരുടെ തലമുടി മുഴുവൻ പിഴുതെടുത്തതായും അദ്ദേഹം ആരോപിച്ചു.
വിചാരണയ്ക്കിടെ താൻ നേരിട്ട പീഡനത്തെക്കുറിച്ച് തരാനെ കോടതിയിൽ വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. കുറ്റസമ്മത രേഖയിൽ ഒപ്പിട്ടില്ലെങ്കിൽ തന്റെ സഹോദരി റോമിനയെ കൺമുന്നിലിട്ട് ജയിൽ ഗാർഡുകൾ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് വ്യാജരേഖകളിൽ ഒപ്പിട്ടതെന്നാണ് തരാനെയുടെ മൊഴി.
ഇരുവരുടെയും അമ്മയെ വിചാരണക്കോടതിയിൽ പ്രവേശിപ്പിച്ചില്ലെന്നും അഭിഭാഷകർ ആരോപിച്ചു. പീഡനത്തിലൂടെയാണ് മൊഴികൾ രേഖപ്പെടുത്തിയതെന്നും പ്രക്ഷോഭത്തിനിടെ ഇരുവരും അക്രമങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.
മുൻപ് നടന്ന പ്രതിഷേധങ്ങളിലൊന്നിലും പങ്കെടുക്കാതിരുന്ന ഇരുവരും ജനുവരി 8, 9 തീയതികളിൽ ഇസ്ഫഹാനിൽ നടന്ന വൻ ജനകീയ മാർച്ചിൽ മാത്രമാണ് പങ്കെടുത്തതെന്നാണ് കുടുംബത്തിന്റെ വാദം.
വധശിക്ഷ വിധിക്കപ്പെട്ടാൽ അപ്പീൽ നൽകാൻ സാധാരണയായി 18 ദിവസത്തെ സമയം അനുവദിക്കാറുണ്ടെങ്കിലും ഈ കേസിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരെ ഭയപ്പെടുത്തുന്നതിനും സമാനമായ പ്രതിഷേധങ്ങളിൽനിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമായാണ് തരാനെക്ക് വധശിക്ഷ വിധിച്ചതെന്നും ആരോപണമുണ്ട്.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാനിൽ 500ലേറെ പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായാണ് റിപ്പോർട്ടുകൾ. ഇതിൽ ജനുവരിയിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 29 പേരുണ്ടെന്നാണ് കണക്ക്. ഇസ്ഫഹാനിൽ മാത്രം സമാനമായ രീതിയിൽ 70ഓളം പേർ വധശിക്ഷാ ഭീഷണി നേരിടുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ വധശിക്ഷാ നയത്തിനെതിരെ ബ്രിട്ടൻ ഉൾപ്പെടെ 30ലേറെ രാജ്യങ്ങൾ കഴിഞ്ഞ മാസം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.











