11:46pm 09 July 2026
NEWS
വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം; പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി
09/07/2026  05:11 PM IST
nila
വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം; പത്തൊൻപതുകാരിയായ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: വർക്കല വെട്ടൂർ റാത്തിക്കലിൽ നവവധു ആത്മഹത്യ ചെയ്തു. റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായ നാസിയ (19)യാണ് മരിച്ചത്. കൊല്ലം പരവൂർ തെക്കുംഭാഗം സ്വദേശിയായ അൻസറുമായി രണ്ടുമാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്.

വീട്ടിലെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയ നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്ന് പുലർച്ചെയോടെ മരണം സംഭവിച്ചു.

വിവാഹം കഴിഞ്ഞ് 13 ദിവസം പിന്നിട്ടപ്പോൾ ജോലിസംബന്ധമായി അൻസർ കുവൈത്തിലേക്ക് പോയിരുന്നു. ഭർത്താവിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നതിന്റെ മാനസിക വിഷമം നാസിയയ്ക്കുണ്ടായിരുന്നുവെന്നാണ് വീട്ടുകാർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കുന്നു. മരണത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ സ്ത്രീ മരിക്കുന്ന കേസുകളിലെ നിയമനടപടികളുടെ ഭാഗമായി ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും ഇൻക്വസ്റ്റ് നടപടികൾ നടക്കുക. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ വർക്കല പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img