08:37pm 02 May 2026
NEWS
ജീവനൊടുക്കിയ പതിനെട്ടുകാരി രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് കുടുംബം


04/04/2025  12:16 PM IST
nila
ജീവനൊടുക്കിയ പതിനെട്ടുകാരി രഹസ്യമായി വിവാഹം കഴിച്ചിരുന്നെന്ന് കുടുംബം

പതിനെട്ടുകാരി ജീവനൊടുക്കിയതിന് പിന്നിൽ ബന്ധുവായ യുവാവെന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ രം​ഗത്ത്. ഡൽഹിയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പ്രീതി കുശ്വാഹയുടെ മരണത്തിലാണ് ബന്ധുവായ യുവാവിനെതിരെ കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഇയാളുമായി പ്രീതി പ്രണയത്തിലായിരുന്നു എന്നും ഇരുവരും ര​ഹസ്യമായി വിവാഹം കഴിച്ചിരുന്നു എന്നുമാണ് യുവതിയുടെ കുടുംബം പറയുന്നത്. പിന്നീട് യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി. ഇതിന്റെ മനോവിഷമത്തിലാണ് പ്രീതി ജീവനൊടുക്കിയതെന്നും കുടുംബം ആരോപിക്കുന്നു. ഇക്കാര്യങ്ങൾ പൊലീസിനോട് പറഞ്ഞിട്ടും യുവാവിനെ അറസ്റ്റ് ചെയ്തില്ലെന്നും യുവതിയുടെ മാതാപിതാക്കൾ പറയുന്നു.

ഡൽഹിയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് പ്രീതി ജോലി ചെയ്യുന്നത്. ഇതിനിടെ രണ്ടു വർഷം മുൻപ്  ജന്മനാട്ടിൽ നടന്ന ചടങ്ങിനിടെ അകന്ന ബന്ധുവായ യുവാവിനെ പ്രീതി പരിചയപ്പെട്ടു. ഈ പരിചയം പിന്നീട് പ്രണയമായി മാറി. വൈകാതെ ഇരുവരും രഹസ്യമായി വിവാഹിതരായെന്നും കുടുംബം പറയുന്നു. യുവതിയുടെ മരണശേഷം സു​ഹൃത്തുക്കളാണ് ഇക്കാര്യം തങ്ങളോട് പറഞ്ഞതെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു. പ്രീതിയുടെ മരണശേഷം സുഹൃത്തുകൾ കുടുംബത്തിനു ചില ചാറ്റുകളും ഫോട്ടോകളും കൈമാറിയിരുന്നു. ഇതിലൂടെയാണ് പ്രീതിയുടെയും യുവാവിന്റെയും വിവാഹം കഴിഞ്ഞതായി കുടുംബം അറിഞ്ഞത്.  

വിവാഹത്തിന് പിന്നാലെ യുവാവ് പ്രീതിയെ ഒഴിവാക്കുകയായിരുന്നു. യുവതിയുടെ ഫോൺ നമ്പരും ഇയാൾ ബ്ലോക്ക് ചെയ്തു. ഇതിൽ മനംനൊന്താണ് പ്രീതി ആത്മഹത്യ ചെയ്തത് എന്നാണ് മാതാപിതാക്കൾ പറയുന്നത്. മരിക്കുന്നതിന് തൊട്ട് മുമ്പും യുവതി ഭർത്താവിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നു എന്നും കുടുംബം വ്യക്തമാക്കുന്നു. 

മാർച്ച് 23നാണ് പ്രീതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് യുവതി തൂങ്ങിമരിച്ചത്. വൈകിട്ട് അമ്മയെ വിളിച്ച് രാത്രിയിലേക്ക് ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രീതി പറഞ്ഞിരുന്നു.  ജീവനൊടുക്കുന്നതിനു മുൻപ് പീസയും ശീതളപാനീയവും യുവതി ഓർഡർ ചെയ്തതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. കുടുംബം തിരികെയെത്തിയപ്പോൾ യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img