04:24am 17 October 2026
NEWS
പതിനെട്ടുകാരിയെ വിവാഹ വാ​ഗ്ദാനം നൽകി മൂന്നാറിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; യുവാവ് പിടിയിൽ
16/10/2026  05:03 PM IST
nila
പതിനെട്ടുകാരിയെ വിവാഹ വാ​ഗ്ദാനം നൽകി മൂന്നാറിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി; യുവാവ് പിടിയിൽ

മൂന്നാർ: വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ 18കാരിയെ കൊലപ്പെടുത്തിയെന്ന കേസിൽ 19കാരൻ പൊലീസ് പിടിയിൽ. തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇടുക്കി വട്ടപ്പാറ സ്വദേശി നിഷാന്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹവാഗ്ദാനം നൽകി മൂന്നാർ മേഖലയിലേക്ക് വിളിച്ചുവരുത്തിയശേഷം യുവതിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഓട്ടോ ഡ്രൈവറായ നിഷാന്തും യുവതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെയാണ് കൊലപാതകത്തിന് പ്രതി പദ്ധതിയിട്ടതെന്നാണ് വിവരം. ഇതിനായി പെട്രോൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.

ഒക്ടോബർ 11ന് യുവതിയെ പൂപ്പാറയിലേക്ക് വിളിച്ചുവരുത്തിയ പ്രതി വാഹനത്തിനുള്ളിൽവച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാൻ കരിങ്കല്ലുകൊണ്ട് മുഖത്ത് പലതവണ മർദിച്ചെന്നും തുടർന്ന് മൃതദേഹം പാംപ്ല ഭാഗത്തെ വനത്തിലേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ചെന്നുമാണ് കേസ്.

ഏലത്തോട്ടത്തിൽ തൊഴിലാളിയായ യുവതിയുടെ അമ്മ മകളെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.

അതേസമയം, മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki
img