
കൊല്ലം∙ കുളത്തൂപ്പുഴയിൽ പീഡനത്തിനിരയായ 17 വയസ്സുകാരി പെൺകുട്ടി പ്രസവിച്ചു. സംഭവത്തിൽ 17 വയസ്സുകാരനായ ആൺകുട്ടിക്കെതിരെ പൊലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും വിവിധ സ്ഥലങ്ങളിൽവച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടുത്തിടെ കൗൺസലിങ് നടത്തിയിരുന്നു. ഇതിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ആൺകുട്ടിക്കെതിരെ നേരത്തെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇന്നലെ വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് പ്രസവിച്ചത്. പരിശോധനയിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് അറിയിച്ചതിനെ തുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ ആശുപത്രിയിലെത്തി പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ചൈൽഡ്ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുളത്തൂപ്പുഴ പൊലീസ് 17കാരനെതിരെ വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
ആൺകുട്ടിയോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ പൊലീസ് നോട്ടിസ് നൽകിയിട്ടുണ്ട്.










