
തലയറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയേയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ദാദ്രിയിലാണ് സംഭവം. തനിഷ്ക എന്ന പതിനേഴുകാരിയാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ പരിചപ്പെട്ട യുവാവുമായുള്ള പ്രണയത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടി തയ്യാറാകാതെ വന്നതോടെയാണ് കൊലപ്പെടുത്തിയത്. പൊലീസ് അറസ്റ്റു ചെയ്ത പെൺകുട്ടിയുടെ അമ്മ രാകേഷ് ദേവിയെയും ഇളയ സഹോദരനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മീററ്റിലെ കനാലിൽനിന്നും വ്യാഴാഴ്ചയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിന് തലയുണ്ടായിരുന്നില്ല. പെൺകുട്ടി ധരിച്ചിരുന്ന സൽവാറിലെ പോക്കറ്റിൽനിന്നു കണ്ടെത്തിയ പേപ്പറിൽ ഒരാളുടെ പേരും മൊബൈൽ നമ്പറും എഴുതിയിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരിച്ചത് തനിഷ്കയാണെന്നു പൊലീസ് കണ്ടെത്തിയത്. എട്ടുമാസം മുൻപ് സമൂഹമാധ്യത്തിലൂടെ തനിഷ്ക പരിചയപ്പെട്ട വികാസ് എന്ന യുവാവിന്റെ ഫോൺ നമ്പറായിരുന്നു അത്. പൊലീസ് വികാസിനെ വിളിച്ചുവരുത്തുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. തനിഷ്കയുമായി പ്രണയത്തിലായിരുന്നെന്നും ബന്ധത്തിൽ പെൺകുട്ടിയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നെന്നും വികാസ് പൊലീസിനോട് പറഞ്ഞു. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വികാസുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഈ മാസം നാലിന് അമ്മയും അനിയനും ചേർന്ന് തനിഷ്കയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിനു ശേഷം മൃതദേഹത്തിന്റെ തലയറുത്ത്, ഒരു ഷീറ്റിൽ പൊതിഞ്ഞ് ചില ബന്ധുക്കളുടെ സഹായത്തോടെ കനാലിലേക്ക് വലിച്ചെറിഞ്ഞു. തല മറ്റൊരു സ്ഥലത്തു സംസ്കരിക്കുകയും ചെയ്തു. തല സംസ്കരിക്കാൻ സഹായിച്ചതിന് ബന്ധുക്കളായ മോനു, കമൽ സിങ്, സമർ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ ഗൗരവിനായി തിരച്ചിൽ തുടരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന അരിവാളും മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയ വെളുത്ത കാറും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.











