10:25pm 27 July 2026
NEWS

കോഴിക്കോട് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരൻ പിടിയിൽ

13/05/2025  12:40 PM IST
nila
 കോഴിക്കോട് സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരൻ പിടിയിൽ

കോഴിക്കോട്ടെ സെക്സ് റാക്കറ്റ് നടത്തിപ്പുകാരനായ അസം സ്വദേശി പിടിയിൽ. ഒഡീഷയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശിനിയായ പതിനേഴുകാരി ഇയാളുടെ പെൺവാണിഭ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയിരുന്നു. തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾകൂടി പെൺവാണിഭ കേന്ദ്രത്തിലുണ്ടെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇപ്പോൾ പിടിയിലായത്. 

ഇൻസ്റ്റഗ്രാമിലൂടെയാണ് അസം സ്വദേശിയായ പെൺകുട്ടിയെ ഇയാൾ പരിചയപ്പെട്ടത്. പിന്നീട് ജോലി വാ​ഗ്ദാനം ചെയ്ത് കേരളത്തിലെത്തിക്കുകയായിരുന്നു. 15,000 രൂപ മാസ ശമ്പളത്തിൽ ജോലി ശരിയാക്കിത്തരാമെന്നായിരുന്നു ഇയാളുടെ വാ​ഗ്ദാനം. എന്നാൽ, ഇയാൾ പെൺകുട്ടിയെ എത്തിച്ചതാകട്ടെ പെൺവാണിഭ കേന്ദ്രത്തിലും. 

അതിസാഹസികമായാണ്പെൺകുട്ടി പെൺവാണിഭ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. എപ്പോഴും മുറി പൂട്ടിയിട്ടാണ് യുവാവ് പുറത്തുപോകാറുള്ളത്. ഒരുദിവസം ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് പോയ സമയത്തായിരുന്നു പെൺകുട്ടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിന്റെ തലേദിവസം പെൺകുട്ടിയെ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഓട്ടോറിക്ഷയിൽ പോകുന്ന സമയത്ത് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ശ്രദ്ധയിൽപ്പെട്ടിരുന്നു. ലോഡ്‌ജിൽ നിന്നും പുറത്തിറങ്ങിയ പെൺകുട്ടി ഒരു ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

പെൺകുട്ടി സ്റ്റേഷനിൽ എത്തി പ്രശ്നം അറിയിച്ചതോടെ പൊലീസ് ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. സമിതി കുട്ടിക്ക് കൗൺസിലിംഗ് നൽകി വൈദ്യപരിശോധന നടത്തി വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പെൺകുട്ടിയുടെ കയ്യിലുണ്ടായിരുന്ന ആധാർ കാർഡിൽ 20 വയസാണ് രേഖപ്പെടുത്തിയത്. എന്നാൽ ചോദ്യം ചെയ്തപ്പോൾ ഇത് യുവാവ് വ്യാജമായി നിർമ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

തന്നെപ്പോലെ അഞ്ച് പെൺകുട്ടികൾ മുറിയിലുണ്ടായിരുന്നുവെന്ന് കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. ഒരു ദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും ഞായറാഴ്ചകളിൽ ആറും ഏഴും പേരെ മുറിയിലേക്ക് യുവാവ് പ്രവേശിപ്പിക്കാറുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img