
ചെങ്ങന്നൂര്‍ : നഗരസഭയില്‍ നിലവിലുള്ള ഭരണസമിതിയുടെ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ 17-ാമത്തെ സെക്രട്ടറി ഇന്നലെ ചുമതലയേറ്റു. തുടര്‍ച്ചയായുള്ള സെക്രട്ടറിമാരുടെയും സുപ്രധാന ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം സമാനതകളില്ലാത്ത ഭരണസ്തംഭനം സൃഷ്ടിക്കുന്നുവെന്ന് യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. ഷിബുരാജന്‍, സെക്രട്ടറി റിജോ ജോണ്‍ ജോര്‍ജ് എന്നിവര്‍ ആരോപിച്ചു. പുതിയ ഭരണസമിതി അധികാരത്തിലേറിയ 2020 ഡിസംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെയുള്ള കാലഘട്ടത്തില്‍ ചുമതലക്കാരുമടക്കം 17 പേരാണ് സെക്രട്ടറിമാരായത്. 2000 മുതല്‍ 2020 വരെ 20 വര്‍ഷത്തിനുള്ളില്‍ 17 സെക്രട്ടറിമാരായിരുന്നെങ്കില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 17 സെക്രട്ടറിമാരാണ് സേവനം അനുഷ്ടിക്കുന്നത്.
ഇതില്‍ രണ്ട് സെക്രട്ടറിമാര്‍ 5 വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ നഗരസഭയില്‍ സെക്രട്ടറിയാകുകയും ചാര്‍ജ് വഹിച്ചവര്‍ ആവര്‍ത്തിച്ച് സെക്രട്ടറിയുടെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്. സുപ്രധാന സ്ഥാനങ്ങളില്‍ ഇരിക്കുന്ന സൂപ്രണ്ടുമാര്‍, മുനിസിപ്പല്‍ എന്‍ജിനീയര്‍, റവന്യൂ ഇന്‍സ്‌പെക്ടര്‍, ആരോഗ്യ വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ എന്നിവരും ഇതേ കാലഘട്ടത്തില്‍ നിരവധി തവണ സ്ഥലം മാറി വന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥലംമാറ്റം ഏകീകരിച്ചപ്പോള്‍ മിക്ക സീറ്റുകളിലും നിരവധി തവണ ജീവനക്കാര്‍ മാറിമറിഞ്ഞ് എത്തി. ഒരു ജീവനക്കാരന്‍ മൂന്ന് വര്‍ഷത്തേക്ക് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ജോലി ചെയ്യണമെന്ന നിബന്ധന നിലനില്‍ക്കെ പുതിയതായി എത്തിയ പലരും ഒരു മാസം മുതല്‍ 6 മാസത്തിനുള്ളില്‍ മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് സ്ഥലം മാറിപ്പോകുകയും ചെയ്തിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ നിന്ന് നഗരസഭയില്‍ എത്തിയ പലരും ജോലികള്‍ മനസ്സിലാക്കി തുടങ്ങുമ്പോള്‍ മറ്റു പല സ്ഥലങ്ങളിലേക്കും സ്ഥലം മാറിപ്പോവുകയും പതിവാണ്.
സംസ്ഥാന സര്‍ക്കാരിന്റെ കെ-സ്മാര്‍ട്ട് സംവിധാനം നിലവില്‍ വന്നതോടെ ഒരു ജീവനക്കാരന്‍ മാറിപ്പോയാല്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാവുന്നത്. സുപ്രധാന സ്ഥാനങ്ങളിലുള്ള സെക്രട്ടറിമാരടക്കമുള്ളവരുടെ സ്ഥലംമാറ്റം നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കാറുണ്ട്. ജനങ്ങള്‍ക്ക് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, ആനുകൂല്യങ്ങള്‍, അനുമതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. മാസ്റ്റര്‍ പ്ലാന്‍ അടക്കം നഗരസഭയുടെ സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കേണ്ടിവരുമ്പോള്‍ ഇതേക്കുറിച്ച് കൂടുതല്‍ അറിവ് ഇല്ലാത്തവരാണ് പലപ്പോഴും പല സീറ്റുകളിലും എത്തുന്നത്. ഇവര്‍ കാര്യങ്ങള്‍ പഠിച്ചു വരുമ്പോള്‍ സ്ഥലം മാറിപ്പോവുകയും ചെയ്യും. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ ഇടതു സര്‍ക്കാര്‍ മനപ്പൂര്‍വ്വമായാണ് പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.ഷിബുരാജനും സെക്രട്ടറി റിജോ ജോണ്‍ ജോര്‍ജും പറഞ്ഞു. നഗരസഭ സെക്രട്ടറിയായി കണ്ണൂര്‍ പിണറായി പഞ്ചായത്തില്‍ നിന്നുമുള്ള എം.ഡി.ദീപ ഇന്ന് ചുമതലയേറ്റു.











