12:53am 06 November 2026
NEWS
ഇന്ത്യൻ തീരങ്ങളിൽ 2024-25ൽ കരക്കടിഞ്ഞത് 161 കടൽ സസ്തനികൾ സിഎംഎഫ്ആർഐ പഠനംഏറ്റവും കൂടുതൽ ഗോവയിൽ, കേരളം രണ്ടാമത്
05/11/2026  07:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ തീരങ്ങളിൽ 2024-25ൽ കരക്കടിഞ്ഞത് 161 കടൽ സസ്തനികൾ  സിഎംഎഫ്ആർഐ പഠനംഏറ്റവും കൂടുതൽ ഗോവയിൽ, കേരളം രണ്ടാമത്
HIGHLIGHTS

ഈ വർഷം ഓഗസ്റ്റ് 10-ന്  തൃശ്ശൂർ അഴീക്കോട് ബീച്ചിൽ കരയ്ക്കടിഞ്ഞ ബ്രൈഡ്‌സ് തിമിംഗലത്തിൽ നിന്ന് ജൈവസാമ്പിളുകൾ ശേഖരിക്കുന്ന സിഎംഎഫ്ആർഐയിലെ സമുദ്ര സസ്തനി ഗവേഷകസംഘം.

കൊച്ചി: ഇന്ത്യൻ തീരങ്ങളിൽ 2024-25ൽ 161 സമുദ്ര സസ്തനികൾ  കരയടിഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കണ്ടെത്തൽ. ഇതിൽ 113 എണ്ണം ഗോവയിലാണ്. കേരളത്തിൽ 13 റിപ്പോർട്ടുകളാണ് രേഖപ്പെടുത്തിയത്.  ഇത് സംബന്ധിച്ച ജിഐഎസ് അധിഷ്ടിത മാപ് സിഎംഎഫ്ആർഐ വികസിപ്പിച്ചു. 

സിഎംഎഫ്ആർഐയിൽ നടക്കുന്ന അന്താരാഷ്ട്ര സമുദ്രസിമ്പോസിയത്തിലാണ് പഠനം അവതരിപ്പിച്ചത്. തിമിംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികൾ കരക്കടിയുന്നത് കൂടുതലായി നടക്കുന്ന തീരപ്രദേശങ്ങൾ തിരിച്ചറിയാനും സംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ലക്ഷ്യമിട്ടായിരുന്നു സിഎംഎഫ്ആർഐയുടെ പഠനം. 

സീനിയർ സയന്റിസ്റ്റ് ഡോ. രതീഷ് കുമാർ രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, കൂടുതലായി കരക്കടിഞ്ഞത് ഡോൾഫിനാണ്. 82 എണ്ണം. സിഎംഎഫ്ആർഐയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിലെ വിദഗ്ധരും പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകരും ചേർന്നാണ് ഇന്ത്യൻ തീരങ്ങളിൽ നിന്ന് വിരവശേഖരണം നടത്തിയത്. മറൈൻ മാമൽ റിസർച്ച് ആൻഡ് കൺസർവേഷൻ നെറ്റ്വർക്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ ഡേറ്റബേസുകൾ വഴി ക്രമീകരിച്ച വിവരങ്ങൾ പഠനത്തിനായി ഉപയോഗിച്ചു.  

ഡിജിറ്റൽ വിവരശേഖരണ പ്ലാറ്റ്ഫോം.ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് കടൽ സസ്തനികളുടെ കരക്കടിയൽ വിവരങ്ങൾ തത്സമയം നൽകുന്ന ഇന്ററാക്ടീവം പ്ലാറ്റ്ഫോമും സിഎംഎഫ്ആർഐ വികസിപ്പിച്ചിട്ടുണ്ട്. 32 ഇനം കടൽ സസ്തനികളുമായി ബന്ധപ്പെട്ട 1,300-ഓളം ഭൗമശാസ്ത്ര വിവര പോയിന്റുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കരക്കടിഞ്ഞ സ്ഥലം, ജീവിവർഗ്ഗം, സംഭവം നടന്ന സമയം, മരണകാരണം എന്നിവ ഇതിലൂടെ എളുപ്പത്തിൽ വിശകലനം ചെയ്യാൻ സാധിക്കും.

കാര്യക്ഷമമായ റിപ്പോർട്ടിംഗ് ശൃംഖലയിലൂടെ ഗവേഷകർക്കും നയരൂപീകരണ വിദഗ്ധർക്കും പരിസ്ഥിതി സംരക്ഷണ ഏജൻസികൾക്കും മുൻഗണനാ മേഖലകൾ തിരിച്ചറിയാനും ഭീഷണികൾ പഠിക്കാനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത് സഹായകരമാകുമെന്ന് ഡോ. രതീഷ് കുമാർ രവീന്ദ്രൻ പറഞ്ഞു.

ട്രെവർ പ്ലാറ്റ് സയൻസ് ഫൗണ്ടേഷൻ, കുസാറ്റ് കെമിക്കൽ ഓഷ്യനോഗ്രഫി വിഭാഗം, സിഎംഎഫ്ആർഐ, മറൈൻ ബയോളജിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നത്. 

സിമ്പോസിയം ഇന്ന് (വെള്ളി) സമാപിക്കും. സമാപന സമ്മേളനം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. ശ്രീനിവാസ കുമാർ തുമ്മല ഉദ്ഘാടനം ചെയ്യും. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img