02:23pm 31 August 2026
NEWS
ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
31/08/2026  11:06 AM IST
nila
ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

 

ന്യൂഡൽഹി: ഡൽഹിയിലെ കശ്മീരി ഗേറ്റ് മേഖലയിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഏകദേശം 47 കിലോമീറ്റർ ബസ് സഞ്ചരിച്ചതായാണ് റിപ്പോർട്ട്. പീഡനം ചെറുക്കാൻ ശ്രമിച്ചപ്പോൾ പ്രതികൾ പെൺകുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ഓഗസ്റ്റ് നാലിനാണ് സംഭവം. ഉത്തർപ്രദേശിലെ മെയിൻപുരി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിനിയാണ് അതിക്രമത്തിനിരയായത്. മാതാപിതാക്കളുമായി വഴക്കിട്ടതിനെ തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി നോയിഡയിലെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു.

യാത്രയ്ക്കിടെ കനത്ത മഴയും ഇരുട്ടും കാരണം പെൺകുട്ടി പരീചൗക്കിൽ അബദ്ധത്തിൽ ഇറങ്ങി. ഇതോടെ റോഡിൽ ഒറ്റപ്പെട്ട നിലയിലായ പെൺകുട്ടി അതുവഴി എത്തിയ സ്ലീപ്പർ ബസിന് കൈകാണിച്ച് സഹായം അഭ്യർഥിച്ചു. ബസ് നോയിഡ സെക്ടർ 63-ലേക്കാണ് പോകുന്നതെന്ന് പറഞ്ഞതിനെ തുടർന്ന് ഡ്രൈവറും കണ്ടക്ടറും പെൺകുട്ടിയെ ബസിൽ കയറ്റുകയായിരുന്നു.

എന്നാൽ ബസിൽ കയറിയതിന് പിന്നാലെ ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അതിക്രമത്തെ ചെറുക്കാൻ ശ്രമിച്ചപ്പോൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

രാത്രി വൈകിയാണ് കശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപമുള്ള റിങ് റോഡിൽ പെൺകുട്ടിയെ ഇറക്കിവിട്ടത്. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്യുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img