06:09pm 19 October 2026
NEWS
കോവളത്തെ സ്പായിൽ വിറ്റ പതിനാറുകാരിയെ ചെന്നൈയിലെത്തിച്ചും പീഡനം; അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും പങ്കാളിയും
19/10/2026  04:46 PM IST
nila
കോവളത്തെ സ്പായിൽ വിറ്റ പതിനാറുകാരിയെ ചെന്നൈയിലെത്തിച്ചും പീഡനം; അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയും  പങ്കാളിയും

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയെ പീഡിപ്പിച്ചതിനു പിന്നാലെ ചെന്നൈയിലെത്തിച്ചും ചൂഷണം ചെയ്തതായി പരാതി. സംഭവത്തിൽ പെൺകുട്ടിയുടെ മാതൃസഹോദരി, അവരുടെ പങ്കാളി, രണ്ട് സ്പാ നടത്തിപ്പുകാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

ജൂലൈയിലാണ് പെൺകുട്ടിയെ മാതൃസഹോദരിയും പങ്കാളിയും ചേർന്ന് കോവളത്തെ സ്പായിൽ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ മാസം 18 വരെ ഒൻപത് സ്പാകളിൽ എത്തിച്ച് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയതായും പരാതിയുണ്ട്. കോവളത്തിനു പുറമേ ചെന്നൈയിലും എത്തിച്ച് ചൂഷണം തുടർന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

സ്പായിൽ പരിചയപ്പെട്ട ഒരു യുവാവിനൊപ്പം പോയതോടെയാണ് പെൺകുട്ടിക്ക് ചൂഷണത്തിൽനിന്ന് രക്ഷപ്പെടാനായത്. പെൺകുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ യുവാവ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ പെൺകുട്ടിയെ കാണാനില്ലെന്ന് ആരോപിച്ച് മാതൃസഹോദരി കോവളം പൊലീസിൽ പരാതി നൽകി.

അടുത്ത ദിവസം പെൺകുട്ടിയെ കണ്ടെത്തിയെങ്കിലും രണ്ട് ആധാർ രേഖകളുമായി ബന്ധപ്പെട്ട സംശയങ്ങൾ പൊലീസിനെ വിശദമായ അന്വേഷണത്തിലേക്ക് നയിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ മാതൃസഹോദരിയെയും പങ്കാളിയെയും ആന്ധ്രാപ്രദേശിലെത്തി കോവളം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കോവളം ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

അതേസമയം, അനധികൃതമായി പ്രവർത്തിച്ചിരുന്ന കോവളത്തെയും വിഴിഞ്ഞത്തെയും നാല് സ്പാകൾ പൊലീസ് അടച്ചുപൂട്ടി. പരിശോധനയുടെ ഭാഗമായി മറ്റ് 14 സ്പാകൾക്ക് നോട്ടീസും നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img