
ശ്രീനഗർ: ജമ്മു കാശ്‌മീരിൽ ആറാഴ്ചയ്‌ക്കിടെ 'അജ്ഞാത രോഗം' മൂലം മരിച്ചവരുടെ എണ്ണം 16 ആയി. ജമ്മുകാശ്‌മീരിലെ രജൗരി ജില്ലയിലെ ബുദാൽ ഗ്രാമത്തിലാണ് അജ്ഞാത രോഗം പടർന്നുപിടിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമിതിയെ നിയോഗിച്ചു. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിൽ കൃഷി, കെമിക്കൽസ്, ജലം, മൃഗക്ഷേമം, ഭക്ഷ്യ സുരക്ഷ, ഫോറൻസിക് വിദഗ്ധരുമുണ്ട്.
കടുത്ത പനി, തലചുറ്റൽ, ബോധക്ഷയം എന്നിവയുണ്ടെന്ന് പറഞ്ഞാണ് രോഗികൾ ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിലെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവർ മരിക്കുകയും ചെയ്യുന്നു. 2024 ഡിസംബറിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് അസുഖം ബാധിച്ചതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതിൽ അഞ്ച് പേർ മരിക്കുകയും ചെയ്തു. ഡിസംബർ 12 മറ്റൊരു കുടുംബത്തിലെ ഒമ്പത് പേർക്ക് അസുഖം ബാധിച്ചിരുന്നു. ഇതിൽ മൂന്ന് പേർ മരിച്ചു. 1.5 മീറ്ററിനുള്ളിലാണ് മരണങ്ങളുണ്ടായ മൂന്ന് വീടുകളും ഉള്ളത്.
കേന്ദ്ര സംഘം ഇന്ന് പ്രദേശിക ഭരണകൂടവുമായി സഹകരിച്ച് അടിയന്തര സഹായം നൽകും. സ്ഥിതിഗതികൾ മനസിലാക്കാനും മരണകാരണങ്ങൾ കണ്ടെത്താനും രാജ്യത്തെ ചില പ്രശസ്തമായ സ്ഥാപനങ്ങളിലെ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. പകർച്ചവ്യാധി, മറ്റ് ബാക്ടീരിയ, ഫംഗസ് ബാധ എന്നിവ മരണകാരണം അല്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജമ്മുകാശ്മീർ സർക്കാർ അറിയിച്ചിരുന്നു.