
ദോഹ: അന്താരാഷ്ട്ര നികുതി മാനദണ്ഡങ്ങൾക്കനുസൃതമായി രാജ്യത്തെ നികുതി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി, ആഗോള-പ്രാദേശിക മിനിമം നികുതി (Global and Domestic Minimum Tax) നടപ്പിലാക്കാൻ ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (GTA) തീരുമാനിച്ചു. 2018-ലെ 24-ാം നമ്പർ ആദായനികുതി നിയമത്തിലെ ഭേദഗതികൾ പ്രകാരമാണ് ഈ പുതിയ നടപടി.വാർഷിക വരുമാനം 750 ദശലക്ഷം യൂറോ (ഏകദേശം 300 കോടി ഖത്തർ റിയാൽ) കടക്കുന്ന മൾട്ടിനാഷണൽ കമ്പനികൾക്ക് കുറഞ്ഞത് 15% നികുതി ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള സംഘടന (OECD), ജി-20 (G20) എന്നിവയുടെ ആഭിമുഖ്യത്തിലുള്ള ആഗോള സംരംഭത്തിന്റെ (Pillar Two) ഭാഗമായാണ് ഈ നടപടി. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ നികുതി വെല്ലുവിളികൾ നേരിടാൻ ഇത് സഹായിക്കും.കമ്പനികൾ ലാഭം കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലേക്ക് മാറ്റുന്നത് തടയാനും ഖത്തറിന്റെ നികുതി വരുമാനം സംരക്ഷിക്കാനും ഈ നിയമം വഴി സാധിക്കും. ഖത്തറിലെ കമ്പനികൾക്ക് വിദേശത്ത് ശാഖകളുണ്ടെങ്കിൽ, അവിടെ 15 ശതമാനത്തിൽ താഴെയാണ് നികുതിയെങ്കിൽ ബാക്കി തുക ഖത്തറിൽ നികുതിയായി നൽകേണ്ടി വരും.
ഖത്തറിൽ പ്രവർത്തിക്കുന്ന വലിയ അന്താരാഷ്ട്ര കമ്പനികൾ ഇവിടെയും കുറഞ്ഞത് 15% നികുതി നൽകുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.സാധാരണക്കാരായ നികുതിദായകരെയോ ചെറുകിട പ്രാദേശിക കമ്പനികളെയോ ഈ നിയമം ബാധിക്കില്ല. വൻകിട അന്താരാഷ്ട്ര കമ്പനികൾ ലോകത്തെവിടെ പ്രവർത്തിച്ചാലും ന്യായമായ നികുതി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഖത്തർ ഈ ചരിത്രപരമായ ചുവടുവെപ്പ് നടത്തുന്നത്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ അതോറിറ്റി പുറത്തിറക്കും.











