12:14pm 30 April 2026
NEWS
ആമസോണിലും ഫ്ലിപ്പ് കാർട്ടിലും നടത്തിയ റെയ്ഡിൽ ഗുണനിലവാരമില്ലാത്ത ലക്ഷങ്ങൾ വിലവരുന്ന ഉത്പന്നങ്ങൾ പിടിച്ചെടുത്തു
28/03/2025  04:15 PM IST
nila
ആമസോണിലും ഫ്ലിപ്പ് കാർട്ടിലും നടത്തിയ റെയ്ഡിൽ ഗുണനിലവാരമില്ലാത്ത ലക്ഷങ്ങൾ വിലവരുന്ന ഉത്പന്നങ്ങൾ പിടിച്ചെടുത്തു

പ്രമുഖ ഇ-കൊമേഴ്‌സ് വിതരണക്കാരായ ആമസോണിന്റെയും ഫ്ലിപ്പ്കാർട്ടിന്റെയും ​ഗോഡൗണുകളിൽ ഇന്ത്യയുടെ ദേശീയ നിലവാര സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന്റെ (ബിഐഎസ്) റെയ്ഡ്. ഡൽഹിയിലെ മോഹൻ കോഓപ്പറേറ്റീവ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആമസോൺ സെല്ലേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസുകളിൽ 15 മണിക്കൂറിലധികമാണ് ബിഐഎസ് ഡൽഹി ബ്രാഞ്ച് പരിശോധന നടത്തിയത്. നിലവാരമില്ലാത്ത ആയിരക്കണക്കിന് ഉത്പന്നങ്ങൾ പിടിച്ചെടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവിധ ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ 3,500 ലധികം ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഐഎസ്ഐ മാർക്ക് ഇല്ലാത്തതും വ്യാജ ഐഎസ്ഐ മാർക്ക് പതിപ്പിച്ചതുമായ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഏകദേശം 70 ലക്ഷം രൂപ മൂല്യം വരുന്ന ഉത്പന്നങ്ങൾ പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. 

ഡൽഹിയിലെ ത്രിനഗറിൽ സ്ഥിതി ചെയ്യുന്ന ഫ്ലിപ്കാർട്ടിന്റെ അനുബന്ധ സ്ഥാപനമായ ഇൻസ്റ്റാകാർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലും  ബിഐഎസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ആവശ്യമായ ഐഎസ്ഐ മാനദണ്ഡങ്ങൾ പാലിക്കാത്തതും ശരിയായ നിർമ്മാണ തീയതി വിവരങ്ങൾ ഇല്ലാത്തതുമായ സ്പോർട്സ് പാദരക്ഷകളുടെ ഒരു ശേഖരം ഇവിടെ നിന്നും കണ്ടെത്തി. പായ്ക്ക് ചെയ്ത് അയയ്ക്കാൻ തയ്യാറായിരുന്നവയാണ് ഈ പാദകക്ഷകൾ. ഏകദേശം ആറുലക്ഷം രൂപ വിലവരുന്ന 590 ജോഡി പാദരക്ഷകളാണ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തത്. 

ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ബിഐഎസ് രാജ്യവ്യാപകമായി നടത്തുന്ന റെയ്ഡിന്റെ ഭാ​ഗമായാണ് ആമസോണിന്റെയും ഫ്ലിപ്പ്കാർട്ടിന്റെയും ​ഗോഡൗണുകളിലും പരിശോധന നടത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ, ഡൽഹി, ഗുഡ്ഗാവ്, ഫരീദാബാദ്, ലഖ്‌നൗ, ശ്രീപെരുമ്പുത്തൂർ എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ ബിഐഎസ് ടീമുകൾ സമാനമായ പരിശോധനകൾ നടത്തി നിലവാരമില്ലാത്ത നിരവധി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img