
ഇന്തൊനീഷ്യയിലെ ആഷെ പ്രവിശ്യയിൽ നടന്ന ഒരു ശിക്ഷാരീതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. മദ്യപിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്ത കമിതാക്കളെ പരസ്യമായി ചൂരൽ കൊണ്ട് 140 തവണ അടിച്ചാണ് ശിക്ഷ നടപ്പാക്കിയത്. ഇസ്ലാമിക നിയമപ്രകാരമാണ് യുവാവിനെയും യുവതിയേയും ശിക്ഷിച്ചത്. ഇന്തോനേഷ്യയിൽ വിവാഹേതര ബന്ധങ്ങളും മദ്യപാനവും ക്രിമിനൽ കുറ്റമായി കാണുന്ന മേഖലയാണ് ആഷെ പ്രവിശ്യ.
സുമാത്രയുടെ വടക്കേ അറ്റത്താണ് ആഷെ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. 2001ൽ ഇന്തോനേഷ്യൻ ഗവൺമെന്റ് ഈ പ്രദേശത്തിന് പ്രത്യേക സ്വയംഭരണാവകാശം അനുവദിച്ചു. ഇതേ തുടർന്ന് ശരിയത്ത് നിയമം നടപ്പിലാക്കാൻ അനുവാദമുള്ള ഇന്തൊനീഷ്യയിലെ ഏക പ്രവിശ്യയായി ഇവിടം മാറി. ഈ നിയമപ്രകാരം, ചൂതാട്ടം, മദ്യപാനം, അവിവാഹിതരായ ദമ്പതികൾ തമ്മിലുള്ള അടുപ്പമുള്ള ബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പരസ്യമായ ചൂരൽ അടിയാണ് ശിക്ഷ.
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ഇരുവർക്കും 100 ചൂരൽ അടിയും മദ്യപിച്ചതിന് 40 ചൂരൽ അടിയും വീതമാണ് ലഭിച്ചത്. പ്രവിശ്യാ തലസ്ഥാനമായ ബന്ദ ആച്ചേയിലെ പാർക്കിൽ ജനങ്ങളുടെ മുന്നിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. ചൂരൽ അടി കൊണ്ട് യുവതി കുഴഞ്ഞുവീണു. ഇവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്ലാമിക നിയമം ലംഘിച്ചതിന് ഒരേ ദിവസം ശിക്ഷിക്കപ്പെട്ട ആറുപേരിൽ ദമ്പതികളും ഉൾപ്പെടുന്നുവെന്ന് ബന്ദ ആച്ചേയുടെ ശരിയത്ത് പൊലീസ് മേധാവി മുഹമ്മദ് റിസാൽ പറഞ്ഞു. ശിക്ഷക്കപ്പെട്ടവരിൽ ശരിയത്ത് പൊലീസ് സേനയിലെ ഒരു അംഗവും അദ്ദേഹത്തിന്റെ വനിതാ പങ്കാളിയും ഉൾപ്പെടുന്നു. സ്വകാര്യ സ്ഥലത്ത് ഒറ്റയ്ക്കായിരുന്ന ഇവർക്ക് 23 ചാട്ടവാറടി വീതമാണ് നൽകിയത്. മനുഷ്യാവകാശ സംഘടനകൾ ഈ ശിക്ഷാ സമ്പ്രദായത്തെ വിമർശിക്കുകയും ഇത് അവസാനിപ്പിക്കാൻ ഇന്തൊനീഷ്യൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു.











