
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പോർട്ടൽ ഹാക്ക് ചെയ്ത് അഗ്നിവീർ സൈനികരുടെ വിവരങ്ങൾ കൈക്കലാക്കിയെന്ന ആരോപണത്തിൽ 14 വയസ്സുകാരനെ പിടികൂടി. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് കുട്ടി വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
ഡാർക് വെബിൽ വിവരങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചതായി സംശയിക്കുന്നതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. വിൽപ്പന നടക്കുന്നതിന് മുൻപുതന്നെ അന്വേഷണ ഏജൻസികൾ കുട്ടിയെ കണ്ടെത്തി പിടികൂടിയെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. എളുപ്പത്തിൽ പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായതായും റിപ്പോർട്ടിൽ പറയുന്നു.
ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഡാർക് വെബിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്. അഗ്നിവീർ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട 2,500-ലധികം പേരുടെ വിവരങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരുന്നെന്നാണ് സൂചന. എന്നാൽ, ചോർന്ന വിവരങ്ങളുടെ കൃത്യമായ സ്വഭാവവും അവ ഏത് പോർട്ടലിൽനിന്നാണ് ശേഖരിച്ചതെന്നും സ്ഥിരീകരിച്ചിട്ടില്ല.
സൈനിക സേവനത്തിൽനിന്ന് വിരമിക്കുന്നവർക്കു തുടർ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി കരിയർ സംബന്ധമായ വിവരങ്ങൾ സൂക്ഷിക്കുന്ന പോർട്ടലാണ് അന്വേഷണ പരിധിയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. അഗ്നിവീർ റിക്രൂട്ട്മെന്റ് വെബ്സൈറ്റ് നേരിട്ട് ഹാക്ക് ചെയ്താണോ വിവരങ്ങൾ കൈക്കലാക്കിയതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
പോർട്ടലിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച മാർഗങ്ങൾ, ഹാക്കിങ് രീതികൾ, എഐ സാങ്കേതികവിദ്യയുടെ പങ്ക് എന്നിവ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പിടിയിലായ 14-കാരനെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.










