പാസ്റ്റർ പതിനാലുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയത് നിരവധി തവണ; അമിത അളവിൽ ഗർഭനിരോധന ഗുളികകളും നൽകി

പതിനാലുകാരിയെ പാസ്റ്റർ നിരവധി തവണ ലൈംഗികപീഡനത്തിനിരയാക്കിയെന്ന് പരാതി. ആന്ധ്രാ പ്രദേശിലെ ഏലൂരു ജില്ലയിലെ കാമവരപുക്കോട്ടയിലാണ് സംഭവം നടന്നത്. രാംബാബു(42) എന്നയാളാണ് ചർച്ചിൽ പ്രാർത്ഥനയ്ക്കെത്തുന്ന പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചത്. അമിത അളവിൽ ഗർഭനിരോധന ഗുളികകൾ നൽകിയെന്നും പരാതിയിൽ പറയുന്നു.
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പെൺകുട്ടിയുടെ കുടുംബം പതിവായി ചർച്ചിൽ പ്രാർത്ഥനയ്ക്കായി പോകാറുണ്ടായിരുന്നു. ഇതിനിടെയാണ് പാസ്റ്റർ പെൺകുട്ടിയെ നിരന്തരം ബലാത്സംഗം ചെയ്തത്. പെൺകുട്ടിക്ക് ആർത്തവം നിലച്ചതിനെത്തുടർന്നാണ് പാസ്റ്റർ നിർബന്ധിച്ച് കുട്ടിയെക്കൊണ്ട് അമിത അളവിൽ ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചത്.ഗുളിക കഴിച്ചതിനെത്തുടർന്നുണ്ടായ കഠിനമായ രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടി ഒടുവിൽ നടന്ന കാര്യങ്ങൾ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ നില ഗുരുതരമായതിനെത്തുടർന്ന് ഏലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തതായും പ്രതി ഒളിവിലാണെന്നും തടികലപുടി സബ് ഇൻസ്പെക്ടർ അറിയിച്ചു.










