
കൊച്ചി: പതിമൂന്നാമത് അന്തര്‍ദേശീയ ആംഗ്ലോ ഇന്ത്യന്‍ സമാഗമം 2026 ജനുവരി 11 മുതല്‍ 17 വരെ കൊച്ചിയില്‍ നടക്കും. എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ എക്യുമെനിക്കല്‍ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമാഗമത്തില്‍ സിമ്പോസിയങ്ങള്‍, സെമിനാറുകള്‍, റൈറ്റേഴ്‌സ് വര്‍ക്ക്‌ഷോപ്പ്, സംഗീത സായാഹ്നങ്ങള്‍, ആംഗ്ലോ ഇന്ത്യന്‍ ഭക്ഷ്യമേള, ഹെറിറ്റേജ് വാക്ക്, എറണാകുളം കായലില്‍ ബോട്ട് യാത്ര സമാപന ദിനത്തില്‍ സംഗീതനൃത്ത നിശയും നടക്കുമെന്ന് മുന്‍ എം പിയും സമാഗമ കണ്‍വീനറുമായ ഡോ. ചാള്‍സ് ഡയസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യന്‍ റയില്‍വേയുടെ നിര്‍മാണ കാലഘട്ടങ്ങളിലും തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേയുടെ നടത്തിപ്പിലും നിര്‍ണായക പങ്കുവഹിച്ച ആംഗ്ലോ ഇന്ത്യന്‍ സമുദായത്തിലെ ഇന്ത്യയിലേയും വിദേശത്തേക്ക് താമസം മാറ്റിയ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥരും സംബന്ധിക്കുന്ന 'ആംഗ്ലോ ഇന്ത്യന്‍ റെയില്‍വേ ബോഗി' എന്ന പ്രത്യേക പരിപാടിയും കൊച്ചിയില്‍ നടക്കുന്ന സമാഗമത്തിന്റെ പ്രത്യേകതയായിരിക്കും.
അന്തര്‍ദേശീയ ആംഗ്ലോ ഇന്ത്യന്‍ സമാഗമങ്ങളുടെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ ഇത്തരമൊരു പരിപാടി നടക്കുന്നത്. സാധാരണ മൂന്നു വര്‍ഷത്തിലൊരിക്കല്‍ യൂറോപ്പിലും അടുത്ത മൂന്നു വര്‍ഷത്തിനു ശേഷം ഇന്ത്യയിലുമാണ് സമാഗമങ്ങള്‍ നടത്താറുള്ളത്.
ബെംഗളൂരു ആസ്ഥാനമായ ഫെഡറേഷന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ ഇന്‍ ഇന്ത്യയാണ് അന്തര്‍ദേശീയ ആംഗ്ലോ ഇന്ത്യന്‍ ഫെഡറേഷന്റേയും കേരളത്തിലെ ആംഗ്ലോ ഇന്ത്യന്‍ സംഘടനകളുടേയും സഹകരണത്തോടെ അന്തര്‍ദേശീയ സമാഗമം നടത്തുന്നത്.
കൊച്ചിയിലെ സമാഗമത്തിന് മുന്‍ എം പി ഡോ. ചാള്‍സ് ഡയസ് കണ്‍വീനറും ജെയിംസ് ഗന്ധര്‍, ഉര്‍സുല ഫോസ്ബറി എന്നിവര്‍ സഹകണ്‍വീനര്‍മാരുമായുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഫെഡറേഷന്‍ ഓഫ് ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ ഭാരവാഹികളായ ഡോ. ചാള്‍സ് ഡയസ്, ജെറാഡ് കാര്‍, ഉര്‍സുല ഫോസ്ബറി, കോളിന്‍ ഫിറ്റസ്ജറാള്‍ഡ്, ജെയിംസ് ഗന്ധര്‍ എന്നിവര്‍ പങ്കെടുത്തു.








