12:33am 30 April 2026
NEWS
പതിമൂന്നുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; രണ്ടുപേർ അറസ്റ്റിൽ
01/08/2025  11:33 AM IST
nila
പതിമൂന്നുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; രണ്ടുപേർ അറസ്റ്റിൽ

പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബെംഗളൂരുവിലെ ക്രൈസ്റ്റ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ നിശ്ചിത് കൊല്ലപ്പെട്ട സംഭവത്തിലാണ് രണ്ടു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുമൂർത്തി, ഗോപാലകൃഷ്ണ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച്ചയാണ് കുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയുടെ മൃതദേഹം  കഗ്ഗലിപുര റോഡിലെ വിജനമായ പ്രദേശത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് പ്രതികൾ പിടിയിലായത്. 

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് പ്രതികൾ നിശ്ചിതിനെ തട്ടിക്കൊണ്ടുപോയത്. എട്ടുമണിയായിട്ടും നിശ്ചിത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്താത്തതിനാൽ മാതാപിതാക്കൾ ട്യൂഷൻ ടീച്ചറെ ബന്ധപ്പെട്ടു. ട്യൂഷൻ കഴിഞ്ഞ് നിശ്ചിത് മടങ്ങിയതായി ടീച്ചർ അറിയിച്ചതോടെ മാതാപിതാക്കൾ മകനായുള്ള തിരച്ചിൽ ആരംഭിച്ചു.

നിശ്ചിതിന്റെ സൈക്കിൾ ഒരു പാർക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതി നൽകി അധികം വൈകാതെ, കുട്ടിയെ തട്ടിക്കൊണ്ടുപോയതായും വിട്ടയയ്ക്കാൻ അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ആവശ്യപ്പെട്ട് കുടുംബത്തിന് ഫോൺ കോൾ ലഭിച്ചത്. ഇതനുസരിച്ച് തട്ടിക്കൊണ്ടുപോകലിന് ഹൂലിമാവ് പൊലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തു.

കുട്ടിയെ കണ്ടെത്താനുള്ള പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് നിശ്ചിതിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നിശ്ചിത് ധരിച്ചിരുന്ന വസ്ത്രങ്ങളും ചെരുപ്പും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നിശ്ചിതിന്റെ മൃതദേഹം കണ്ടെത്തി താമസിയാതെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു. അറസ്റ്റുചെയ്യുന്നതിനിടെ പ്രതികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെ ആത്മരക്ഷാർത്ഥം പൊലീസിന് വെടിയുതിർക്കേണ്ടതായും വന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img