
അമ്രോഹ (ഉത്തർ പ്രദേശ്): പാമ്പുകടിയേറ്റ 13കാരൻ സമയോചിതമായ ചികിത്സ ലഭിക്കാതെ മരിച്ചു. വീട്ടുകാരുടെ അന്ധവിശ്വാസത്തെ തുടർന്നാണ് കുട്ടിക്ക് ജീവൻ നഷ്ടമായത്. ഉത്തർപ്രദേശിലെ ആദംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പാമ്പ് കടിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം കുടുംബം ഒരു മന്ത്രവാദിയുടെ സഹായം തേടി. ഗംഗാനദിയിൽ മുക്കി നിർത്തിയാൽ വിഷം ഇറങ്ങുമെന്ന് ഇയാൾ നിർദേശിച്ചതിനെ തുടർന്ന്, കുട്ടിയെ മുളവടികളിൽ കെട്ടി ഏകദേശം 12 മണിക്കൂറോളം നദിയിൽ മുക്കി വച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ദീർഘനേരം കഴിഞ്ഞിട്ടും കുട്ടി പ്രതികരിക്കാതിരുന്നതോടെ മാത്രമാണ് വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിന് പിന്നാലെ മൃതദേഹം ഗംഗാനദിയിലേക്ക് എറിയാൻ ശ്രമിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ മുളവടികളിൽ കെട്ടി നദിയിൽ മുക്കി നിർത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് ഉയരുന്നത്. അന്ധവിശ്വാസത്തെ തുടർന്ന് ഉണ്ടായ ഈ ക്രൂരത സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.











