
ലഹരിക്ക് അടിമയായ പിതാവ് 13 വയസുകാരനെ ക്രൂരമായി മർദ്ദിച്ചു. പത്തനംതിട്ട കൂടലിലാണ് സംഭവം. സി ഡബ്ല്യൂ സിയാണ് കൂടൽ പൊലീസിന് പരാതി നൽകിയത്. കുട്ടിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി. ബെൽറ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് സി ഡബ്ല്യൂ സി പൊലീസിന് കൈമാറിയത്. രാജേഷ് എന്നയാളാണ് കുട്ടിയെ അടിക്കുന്നതെന്നാണ് റിപ്പോർട്ട്.
കുട്ടിയുടെ അടുത്ത ബന്ധുക്കളാണ് മർദ്ദന വിവരം സി ഡബ്ല്യൂ സിയെ അറിയിച്ചത്. പൊലീസിൽ പരാതി നൽകാൻ ധൈര്യമില്ലാത്തതിനെത്തുടർന്നാണ് സി ഡബ്ല്യൂ സിയെ വിവരം അറിയിച്ചത്. അങ്ങനെയാണ് സി ഡബ്ല്യൂ സി പരാതി ഏറ്റെടുത്ത് പൊലീസിന് കൈമാറിയത്.
നിലവിൽ പരാതി കൂടൽ പൊലീസിന്റെ പരിഗണനയിലാണ്. ദൃശ്യങ്ങളിലുള്ളത് ആരൊക്കെയാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. വിവരങ്ങൾ പരിശോധിച്ച് സി ഡബ്ല്യൂ സി നൽകിയ വീഡിയോ അടക്കം കണക്കിലെടുത്ത് മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ്.











