07:06pm 04 May 2026
NEWS
വെള്ളാപ്പള്ളി മുതൽ പി കെ ശ്യാമള വരെ; സിപിഎമ്മിന്റെ ചരിത്രപരമായ പരാജയത്തിന്റെ 13 കാരണങ്ങൾ
04/05/2026  05:56 PM IST
nila
വെള്ളാപ്പള്ളി മുതൽ പി കെ ശ്യാമള വരെ; സിപിഎമ്മിന്റെ ചരിത്രപരമായ പരാജയത്തിന്റെ 13 കാരണങ്ങൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്ന ആത്മവിശ്വാസ മുദ്രാവാക്യവുമായാണ് ഇക്കുറി ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണതുടർച്ച ഉറപ്പാണെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഎം നേതൃത്വവും അണികളും. എതിരാളികളില്ലാത്ത ശക്തിയായി മുന്നേറുകയാണെന്ന പ്രതീതി പാർട്ടി നേതൃത്വവും സൈബർ അണികളും ഒരുപോലെ പ്രചരിപ്പിച്ചു. ‘പിണറായി 3.0 ലോഡിംഗ്’ എന്ന പ്രചാരണം പോലും തിരഞ്ഞെടുപ്പിന് മാസങ്ങൾ മുമ്പേ സജീവമായിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ സാഹചര്യം മാറി. മുന്നണിക്കുള്ളിലെ ഭിന്നതകളും അകത്തളങ്ങളിലെ അസ്വാരസ്യങ്ങളും ശക്തമായി പുറത്തുവന്നു. നിർണായക ഘട്ടങ്ങളിൽ എടുത്ത ചില തെറ്റായ രാഷ്ട്രീയ തീരുമാനങ്ങളും സ്ഥാനാർഥി നിർണയങ്ങളിലെ വിവാദങ്ങളും പാർട്ടിക്ക് തിരിച്ചടിയായി. ഉറച്ച കോട്ടകളായി കണക്കാക്കിയ മണ്ഡലങ്ങളിൽ പോലും അപ്രതീക്ഷിത തിരിച്ചടികൾ നേരിടേണ്ടി വന്നതോടെ, വിജയപ്രതീക്ഷയോടെ ഇറങ്ങിയ എൽഡിഎഫിന് തെരഞ്ഞെടുപ്പ് ഫലം വലിയ തിരിച്ചടിയായി. 

ഉറച്ച കോട്ടകൾ ഇടിഞ്ഞപ്പോൾ

ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളായി കണക്കാക്കിയിരുന്ന കണ്ണൂരിലെ തളിപ്പറമ്പ്, പയ്യന്നൂർ, കാസർകോട്ടെ തൃക്കരിപ്പൂർ, കോഴിക്കോട്ടെ എലത്തൂർ, പേരാമ്പ്ര, ബാലുശ്ശേരി, കൊല്ലത്തെ ചടയമംഗലം, തിരുവനന്തപുരത്തെ വാമനപുരം എന്നിവിടങ്ങളിൽ ഉണ്ടായ തിരിച്ചടി ഇടതുപക്ഷത്തെ വലിയ ആത്മപരിശോധനയിലേക്ക് നയിക്കുകയാണ്. പതിറ്റാണ്ടുകളായി ചുവപ്പ് കൊടി പാറിയ മണ്ഡലങ്ങളിൽ പോലും വോട്ടർമാർ വ്യത്യസ്തമായ രാഷ്ട്രീയ സന്ദേശമാണ് ഇത്തവണ നൽകിയത്. 

ഉറച്ച ഇടത് കോട്ടകൾ പോലും ഇടതുമുന്നണിക്ക് നഷ്ടമാകാൻ നിരവധി കാരണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം..

1. ന്യൂനപക്ഷ വോട്ടുകളിൽ വിള്ളൽ

മുസ്ലിം സമൂഹത്തെയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാക്കളെയും കുറിച്ചുള്ള വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധ നേടിയ വെള്ളാപ്പള്ളി നടേശൻ ഒപ്പമുണ്ടായതോടെ ഇടതുപക്ഷത്തോട് അടുപ്പം പുലർത്തിയിരുന്ന മുസ്ലിം വോട്ടർമാരിൽ അസ്വസ്ഥത ഉയർന്നുവെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് 2021 തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായി മാറിയിരുന്ന ഒരു വിഭാഗം വോട്ടുകൾ ഇത്തവണ വലിയ തോതിൽ നഷ്ടമായതായും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

2. സമരങ്ങളോടുള്ള സർക്കാരിന്റെ സമീപനം

ആശാ പ്രവർത്തകരുടെയും നഴ്സുമാരുടെയും സമരങ്ങളോട് സർക്കാർ സ്വീകരിച്ച കടുത്ത നിലപാട് ഇടതുപക്ഷത്തിന്റെ പാരമ്പര്യ രാഷ്ട്രീയശൈലിക്കെതിരായിപോയെന്ന വിമർശനം ശക്തമായി. തൊഴിലാളി-സമര രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന മുന്നണി, സമരങ്ങളോട് അനുകൂല സമീപനം കാണിച്ചില്ലെന്ന വികാരം അടിസ്ഥാന വോട്ടർമാരിലും പ്രത്യേകിച്ച് സ്ത്രീകളിലും പ്രതികൂല സ്വാധീനം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

3. ശബരിമലയും ഹിന്ദു വോട്ടുകളും

‘ശബരിമല സ്വർണക്കൊള്ള’ ആരോപണം രാഷ്ട്രീയ ചർച്ചകളിൽ ശക്തമായി നിലനിന്നപ്പോഴും അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്ന വിമർശനമുണ്ട്. ഇതേ തുടർന്ന് ഹിന്ദു വോട്ടുകളിൽ ഉണ്ടായ ഏകീകരണം കോൺഗ്രസിന് ഗുണമായി മാറിയെന്നാണ് വിലയിരുത്തൽ.

4. ക്രൈസ്തവ വോട്ടുകളിലെ മാറ്റം

ബിജെപിയോട് അടുപ്പം കാണിച്ചിരുന്ന ക്രൈസ്തവ വിഭാഗങ്ങളെ തിരികെ ഒപ്പം നിർത്താൻ കോൺഗ്രസ് നടത്തിയ നീക്കങ്ങൾ ഫലപ്രദമായി. 2025 മുതൽ ശക്തമായി ആരംഭിച്ച ഇടപെടലുകൾ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചുവെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

5. സ്വജനപക്ഷപാത ആരോപണങ്ങൾ

മുഹമ്മദ് റിയാസ് മന്ത്രിയായതുമുതൽ ഉയർന്ന സ്വജനപക്ഷപാത ആരോപണങ്ങൾ കാലക്രമേണ ശക്തമായി. പിന്നീട് പി കെ ശ്യാമള സ്ഥാനാർത്ഥിയായതോടെ അതിനെതിരായ വിമർശനങ്ങൾ കൂടുതൽ വ്യാപകമായി. നേതൃത്വത്തിന് അടുത്തവർക്കാണ് കൂടുതൽ പരിഗണന ലഭിക്കുന്നതെന്ന പ്രചാരം പാർട്ടിക്കുള്ളിലും അസ്വസ്ഥത സൃഷ്ടിച്ചു.

6. ബിജെപി-എസ്ഡിപിഐ ബന്ധാരോപണവും പ്രതിരോധത്തിലെ ദൗർബല്യവും

ബിജെപിയുമായി രഹസ്യ ധാരണയുണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പ് കാലത്ത് ശക്തമായി ഉയർന്നു. ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് ബന്ധമുണ്ടെന്ന് സിപിഎം ആരോപിക്കുമ്പോഴും എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ സിപിഎം നേതൃത്വം ആർജ്ജവം കാട്ടിയില്ല. ഇവയെല്ലാം കോൺഗ്രസ് തിരഞ്ഞെടുപ്പ് ദിവസങ്ങളിൽ കൂടുതൽ ആക്രമണാത്മകമായി ഉപയോഗിച്ചു. അതിനെ ശക്തമായി പ്രതിരോധിക്കാൻ സിപിഎമ്മിന് കഴിഞ്ഞില്ലെന്നാണ് വിമർശനം.

7. മുതിർന്ന നേതാക്കളോടുള്ള സമീപനം

ജി സുധാകരൻ പോലുള്ള മുതിർന്ന നേതാക്കൾ അകന്നുനിൽക്കാൻ തുടങ്ങിയപ്പോൾ നേതൃത്വം കാണിച്ച പ്രതികരണം പാർട്ടിയെ സ്നേഹിച്ചിരുന്നവരിൽ നിരാശയുണ്ടാക്കി. വിമർശനങ്ങളെ പരിഹാസത്തോടെ നേരിട്ടത് പൊതുസമൂഹത്തിൽ പ്രതികൂല പ്രതിച്ഛായ സൃഷ്ടിച്ചു.

8. അഹങ്കാരത്തിന്റെ പ്രതിഛായ

ഒരുകാലത്ത് പോരാട്ടവീര്യത്തിന്റെ പ്രതീകമായിരുന്ന നേതൃശൈലി ക്രമേണ അഹങ്കാരമായി മാറിയെന്ന വിമർശനം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്നു. അധികാരകേന്ദ്രിത പ്രവർത്തനരീതിയും നേതൃത്വത്തെ അനാവശ്യമായി പുകഴ്ത്തുന്ന സംസ്കാരവും താഴെത്തട്ടിലെ പ്രവർത്തകരെ അകറ്റിയെന്നാണ് വിലയിരുത്തൽ.

9. സോഷ്യൽ മീഡിയ ആക്രമണ രാഷ്ട്രീയം

പാർട്ടിയെ വിമർശിക്കുന്നവരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ആക്രമണഭാഷ ഉപയോഗിക്കുകയും ചെയ്ത പ്രവണത വലിയ വിമർശനത്തിന് ഇടയാക്കി. സാംസ്കാരിക രംഗത്തുള്ളവരും രാഷ്ട്രീയ പോരാളികളുടെ ഭാഷയിൽ പ്രതികരിച്ചതോടെ ഇടതുപക്ഷത്തിന്റെ പരമ്പരാഗത സാംസ്കാരിക പ്രതിച്ഛായക്കും മങ്ങലേറ്റുവെന്നാണ് അഭിപ്രായം.

10. മുഖ്യമന്ത്രിയുടെ ജനപ്രീതിയിലെ ഇടിവ്

2021ൽ ദുരന്തങ്ങളെ നേരിട്ട ജനനേതാവെന്ന ഇമേജ് നേടിയ പിണറായി വിജയൻ പിന്നീട് വിവാദ പ്രതികരണങ്ങളിലൂടെ വിമർശനങ്ങൾ നേരിട്ടു. ‘കടക്ക് പുറത്ത്’, ‘വീട്ടിൽ പോയി ചോദിക്ക്’ പോലുള്ള പ്രതികരണങ്ങൾ സാധാരണ ജനങ്ങളോട് അകലം പുലർത്തുന്ന ഭരണകൂടത്തിന്റെ പ്രതിച്ഛായ സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു.

11. നവകേരള സദസ്സും പ്രതിഷേധങ്ങളും

നവകേരള സദസ് സർക്കാരിന്റെ വികസനയാത്രയായി അവതരിപ്പിച്ചെങ്കിലും, ആഡംബര ബസും പ്രതിഷേധക്കാരെതിരായ ആക്രമണങ്ങളും വലിയ വിമർശനത്തിന് വഴിവച്ചു. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവങ്ങൾക്ക് പിന്നാലെ നടത്തിയ ന്യായീകരണങ്ങൾ പൊതുജനങ്ങളിൽ പ്രതികൂലമായി ബാധിച്ചു.

12. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ വിമർശനം

ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിയമന വിവാദങ്ങളും ബന്ധുക്കൾക്ക് പ്രാധാന്യം നൽകിയെന്ന ആരോപണങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കി. ആരോഗ്യരംഗത്തെ വീഴ്ചകളെ ചോദ്യം ചെയ്തപ്പോൾ ഉണ്ടായ പ്രതികരണങ്ങളും വിമർശന വിധേയമായി. പ്രത്യേകിച്ച് വീണാ ജോർജ് നടത്തിയ ചില പ്രതികരണങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയായി.

13. വികസന നേട്ടങ്ങൾക്കുമപ്പുറം പ്രതികൂല പ്രതിച്ഛായ

സർക്കാർ നിരവധി വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയെങ്കിലും, വിവിധ തലങ്ങളിലുള്ള ധാർഷ്ട്യപരമായ സമീപനങ്ങളും ജനവികാരത്തെ മനസിലാക്കാത്ത പ്രതികരണങ്ങളും അതിന്റെ രാഷ്ട്രീയ നേട്ടം ഇല്ലാതാക്കിയെന്നാണ് പൊതുവായ വിലയിരുത്തൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img