
വാഷിങ്ടൺ: ഇന്ത്യയിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുഎസ് സമിതി. മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വോട്ടർപട്ടികയിൽനിന്ന് വ്യാപകമായി ഒഴിവാക്കുന്നുവെന്നും അവരെ വിദേശികളായി മുദ്രകുത്തി നാടുകടത്താനുള്ള നീക്കങ്ങൾ നടക്കുന്നുവെന്നുമാണ് സമിതിയുടെ ആരോപണം.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിരീക്ഷിക്കുന്ന യുഎസ് റിലിജിയസ് ഫ്രീഡം പാനലാണ് ഇന്ത്യയിലെ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ചത്. വോട്ടർപട്ടികയിൽനിന്ന് 13 കോടി പേരെ ഒഴിവാക്കിയെന്നാണ് സമിതി അധ്യക്ഷൻ ആസിഫ് മഹ്മൂദ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയത്. മെക്സിക്കോയിലെ ജനസംഖ്യയ്ക്ക് തുല്യമായ ആളുകളെ പട്ടികയിൽനിന്ന് നീക്കിയ നടപടി ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിവാക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ആഘാതം പ്രധാനമായും മുസ്ലിം ന്യൂനപക്ഷത്തിനാണ് നേരിടേണ്ടിവരുന്നതെന്നും സമിതി ആരോപിച്ചു.
2014ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ഹിന്ദു ദേശീയതയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചുവെന്നും മുസ്ലിം വിഭാഗങ്ങൾക്കെതിരായ നടപടികൾ വർധിച്ചുവെന്നുമുള്ള പൗരാവകാശ സംഘടനകളുടെ ആരോപണങ്ങളും സമിതി പരാമർശിച്ചു.
മതത്തിന്റെ പേരിൽ സ്വന്തം രാജ്യത്തെ പൗരന്മാരെ ലക്ഷ്യമിടുന്നത് ഞെട്ടിക്കുന്നതാണെന്ന് സമിതി അംഗം ജെനി മിൽസ് പ്രതികരിച്ചു. ഇന്ത്യയെ പ്രത്യേക നിരീക്ഷണം ആവശ്യമുള്ള രാജ്യമായി പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, യുഎസ് സമിതിയുടെ ആരോപണങ്ങൾ ഇന്ത്യ ശക്തമായി തള്ളി. രാഷ്ട്രീയ അജൻഡയുടെ ഭാഗമായി പക്ഷപാതപരമായ നിലപാടുകളാണ് സമിതി സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടനിലെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.










