
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം 65 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചതായി സർക്കാർ അറിയിച്ചു. നിലവിൽ 1,465 പേരാണ് വിവിധ ക്യാമ്പുകളിൽ കഴിയുന്നത്. സാഹചര്യം വഷളായാൽ കൂടുതൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
മഴക്കെടുതിയിൽ ഇതുവരെ 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം ആറു പേർ മരണപ്പെട്ടതായും ആറു പേരെ കാണാതായതായും സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ വിവിധ സേനാവിഭാഗങ്ങൾ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെ തുടരുകയാണ്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ ധനസഹായം ഉറപ്പാക്കുമെന്നും വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഏത് അടിയന്തര സാഹചര്യത്തിലും സർക്കാർ ഒപ്പമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
രക്ഷാപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മറ്റ് ജില്ലകളിൽ നിന്ന് ആവശ്യാനുസരണം വള്ളങ്ങൾ എത്തിച്ചിട്ടുണ്ട്. വിവിധ അണക്കെട്ടുകളിലെ ജലനിരപ്പും നീരൊഴുക്കും നിരന്തരം നിരീക്ഷിച്ചുവരികയാണ്. മലയോര മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
മഴയുടെ തീവ്രതയും ആശങ്ക ഉയർത്തുന്ന തരത്തിലാണ്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വയനാട്ടിലെ മേപ്പാടിയിൽ 177 മില്ലിമീറ്റർ മഴയും ലഭിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാന സംവിധാനം പൂർണ സജ്ജമാണെന്ന് ജനപ്രതിനിധികൾ അറിയിച്ചു.
സർക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. മഴക്കെടുതിയുമായി ബന്ധപ്പെട്ട സാഹചര്യം മുഖ്യമന്ത്രി റവന്യൂ മന്ത്രിയുമായും വിവിധ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും നിരന്തരം വിലയിരുത്തുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
അതിശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് നേരത്തെ പ്രഖ്യാപിച്ച മഞ്ഞ അലർട്ട് പുതുക്കി 12 ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്.
ഇതിനുപുറമെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തുടരുകയാണ്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.










