10:56pm 23 August 2026
NEWS
കേരള പോലീസ് ബാൻഡിലേയ്ക്ക് 126 സേനാംഗ ങ്ങൾ കൂടി .പാസിംഗ് ഔട്ട് പരേഡിൽ ആഭ്യന്തര മന്ത്രി അഭിവാദ്യം സ്വീകരിച്ചു.
22/08/2026  05:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരള പോലീസ് ബാൻഡിലേയ്ക്ക് 126 സേനാംഗ ങ്ങൾ കൂടി .പാസിംഗ് ഔട്ട് പരേഡിൽ  ആഭ്യന്തര മന്ത്രി അഭിവാദ്യം സ്വീകരിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോൺസ്റ്റബിൾമാരുടെ  പാസ്സിംഗ് ഔട്ട് പരേഡ്  പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്നു.കേരള പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ  മുഹൂർത്തമാണെന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത്  ഓരോ പോലീസ്  ഉദ്യോഗസ്ഥൻ്റേയും കടമയാണ്. ഇത് നിറവേറ്റുന്നതിൽ പോലീസ് ബാൻഡിലെ  അംഗങ്ങൾ കൂടുതൽ ആത്മാർത്ഥതയുള്ളവരായിരിക്കുമെന്നതിൽ സംശയമില്ല.  കാരണം,സഹജീവി സ്നേഹത്തിൻ്റെയും അച്ചടക്കത്തിൻ്റെയും ആത്മാംശം  കലർന്നിട്ടുള്ള ഒരു കലയാണ് സംഗീതം. മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സേനാംഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ പ്രവർക്കാനാകട്ടെയെന്ന്  അദ്ദേഹം ആശംസിച്ചു. അശ്വാരൂഢ സേനയിലേയ്ക്കുള്ള പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോൺസ്റ്റബിളും പാസ്സിംഗ് ഔട്ടിൽ  പങ്കെടുത്തു. 
 
പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജോബിൻ ജോസ് ജെ.ബി ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി ജിജു. ബി ജോസഫും മികച്ച ഷൂട്ടറായി ബിബീഷ്.ബി.എസും തെരഞ്ഞെടുക്കപ്പെട്ടു. രതീഷ്. എസ് ആണ് മികച്ച ആൾ റൗണ്ടർ.
 
ഒൻപതുമാസത്തെ അടിസ്ഥാന പരിശീലനത്തൻറെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനങ്ങൾ, ഫയറിംഗ് എന്നിവയിൽ പരിശീലനം നൽകി.
 
ഇൻഡോർ വിഭാഗത്തിൽ ഇൻഡ്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം,  പോലീസ് സ്റ്റാൻറിംഗ് ഓർഡർ, മനുഷ്യാവകാശം, ഭരണനിർവ്വഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമങ്ങൾ, മൈനർ ആക്ടുകൾ, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്റ്, ക്രിമിനോളജി, ഫോറൻസിക് സയൻസ്, ഇൻവെസ്റ്റിഗേഷൻ, ഡിസാസ്റ്റർ മാനേജ്മെൻറ് കമ്പ്യൂട്ടർ ട്രെയിനിംഗ്, മറ്റു വിവിധ നിയമവിഷയങ്ങളിലും ക്ലാസുകൾ നൽകി. 
 
കൂടാതെ ബാൻഡ് പോലീസ് കോൺസ്റ്റബിൾമാരെ പാലക്കാട് കെ.എ.പി-II, മലപ്പുറം എം.എസ്. പി ക്യാമ്പുകളിൽ അയച്ചു പൈപ്പ് ബാൻഡിലും ബ്രാസ് ബാൻഡിലും മൂന്നു മാസത്തോളം മ്യൂസിക് പരിശീലനം നൽകിയിട്ടുണ്ട്.
 
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ,  എ.ഡി.ജി.പിമാരായ ഗുഗുലോത്ത് ലക്ഷ്മൺ,  ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ്  പോലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അത്തല്ലൂരി, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ  ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img