
കോഴിക്കോട്: വടക്കൻ കേരളത്തിലെ ദേശീയപാതയിൽ വാഹനനിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തുന്ന യാത്രകൾ വ്യാപകമാകുന്നു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ മൂന്ന് മാസത്തിനിടെ കണ്ടെത്തിയത് 12,179 നിയമലംഘനങ്ങൾ. ആകെ 22,505 വാഹനങ്ങളാണ് ഈ കാലയളവിൽ പരിശോധിച്ചത്.
ആറുവരിപ്പാതയിൽ അനുവദനീയമായ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കെ, അപകടസാധ്യത വർധിപ്പിക്കുന്ന തരത്തിലാണ് പലരുടെയും യാത്ര. ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടുക, നിശ്ചിത ട്രാക്ക് പാലിക്കാതെ ഓടിക്കുക, ഓവർടേക്കിങ് ട്രാക്കിൽ അപകടകരമായ രീതിയിൽ സഞ്ചരിക്കുക, വൺവേ നിയമം ലംഘിച്ച് എതിർദിശയിൽ വാഹനമോടിക്കുക തുടങ്ങിയവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ.
ദേശീയപാതയിൽ മോട്ടോർ വാഹനവകുപ്പിന് നിലവിൽ നിരീക്ഷണക്യാമറകളില്ല. അതിനാൽ നിയമലംഘനങ്ങൾ ചിത്രങ്ങളായി പകർത്തിയാണ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിക്കുന്നത്.
ആറുവരിപ്പാതയിൽ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും; നിയന്ത്രിക്കാൻ സംവിധാനമില്ല
ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആറുവരിപ്പാതയിൽ പ്രവേശനാനുമതിയില്ലെങ്കിലും ഇവയുടെ സഞ്ചാരം തടയാൻ ഫലപ്രദമായ സംവിധാനമില്ലെന്നതാണ് മറ്റൊരു ആശങ്ക. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ പായുന്ന അതിവേഗ ട്രാക്കിലൂടെ പോലും ഇരുചക്രവാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. പ്രവേശനവിലക്കുള്ള പാതയിൽ അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിലും പ്രശ്നങ്ങളുണ്ടാകാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം. റോഡപകടങ്ങളിൽ 99 ശതമാനവും മനുഷ്യരുടെ പിഴവുകൾ മൂലമാണെന്നാണ് വിലയിരുത്തൽ. വാഹനങ്ങളുടെ വേഗവും ഡ്രൈവിങ് മികവും പരീക്ഷിക്കാനുള്ള റേസ് ട്രാക്കുകൾ നിലവിലുണ്ട്. പൊതുനിരത്തുകളെ ഇത്തരം അഭ്യാസങ്ങൾക്കുള്ള വേദിയാക്കുന്നത് സ്വന്തം ജീവൻ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കും.
ലക്ഷ്യസ്ഥാനത്ത് ഒന്നോ രണ്ടോ മിനിറ്റ് വൈകിയെത്തുന്നതിനെക്കാൾ പ്രധാനം സുരക്ഷിതമായി യാത്ര പൂർത്തിയാക്കുന്നതാണെന്ന് അധികൃതർ ഓർമിപ്പിക്കുന്നു. വീട്ടിൽ കാത്തിരിക്കുന്നവരെക്കുറിച്ചുള്ള ചിന്ത ഓരോ യാത്രയിലും വേണം. കുട്ടികൾക്ക് ചെറുപ്പംമുതൽ റോഡ് നിയമങ്ങളും സാമൂഹിക ഉത്തരവാദിത്തബോധവും പകർന്നുനൽകുകയും വേണം. ബസുകളുടെ മത്സരയോട്ടം ഒഴിവാക്കാൻ സമയക്രമത്തിൽ മാറ്റം വരുത്തുകയോ റൂട്ടുകൾ പുനഃക്രമീകരിക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.
ക്യാമറകളിൽ ദിവസവും പതിയുന്നത് നൂറിലേറെ നിയമലംഘനങ്ങൾ
കോഴിക്കോട് പന്തീരാങ്കാവിലെ ടോൾ പ്ലാസയിലുള്ള ക്യാമറ കൺട്രോൾ റൂമിൽനിന്ന് ദേശീയപാതയിലെ നിയമലംഘനങ്ങളുടെ വ്യാപ്തി വ്യക്തമായി മനസ്സിലാക്കാനാകും. രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിച്ച നിരീക്ഷണക്യാമറകൾ ദിവസവും നൂറിലേറെ നിയമലംഘനങ്ങളാണ് കണ്ടെത്തുന്നത്.
അപകടം ക്ഷണിച്ചുവരുത്തുന്ന തരത്തിലുള്ള സാഹസിക ഡ്രൈവിങ്ങാണ് ഇതിൽ ഏറെയും. അതിവേഗ ട്രാക്കിലൂടെ സഞ്ചരിച്ചശേഷം പെട്ടെന്ന് ട്രാക്കുകൾ മുറിച്ചുകടന്ന് പുറത്തേക്ക് പോകാൻ ശ്രമിക്കുന്നവരും ക്യാമറകളിൽ പതിയുന്നുണ്ട്. ദേശീയപാതയിൽ നിയമങ്ങൾ പാലിക്കാതെയുള്ള ഇത്തരം യാത്രകൾ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്കയും ശക്തമാണ്.











