
സിറിയയിലെ അണ്ടർഗ്രൗണ്ട് മിസൈൽ നിർമാണ കേന്ദ്രം കമാൻഡോ ആക്രമണത്തിൽ ഇസ്രായേൽ തകർത്തു. പടിഞ്ഞാറൻ സിറിയയിലെ മസ്യാഫ് പ്രദേശത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന ഡീപ് ലെയർ എന്നറിയപ്പെടുന്ന ഭൂഗർഭ മിസൈൽ നിർമാണ കേന്ദ്രമാണ് ഇസ്രയേൽ തകർത്തത്. 2024 സെപ്റ്റംബർ 8 നായിരുന്നു ഇസ്രയേൽ കമാൻഡോ സംഘം ഇവിടെയെത്തി ആക്രമണം നടത്തിയത്. ഇറാന്റെ സഹായത്തോടെയാണ് ഈ മിസൈൽ നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
ഓപ്പറേഷൻ മെനി വേസ് എന്ന പേരിട്ട ആക്രമണത്തിനായി 120 പേരടങ്ങിയ കമാൻഡോ സംഘമാണ് എത്തിയത്. ഓപ്പറേഷനിൽ ഇസ്രായേൽ സൈന്യത്തിലെ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. 100 ഷാൽദാഗ് കമാൻഡോകളും 20 യൂണിറ്റ് 669 മെഡിക്‌സും നാല് CH-53 യാസുർ ഹെവി ട്രാൻസ്‌പോർട്ട് ഹെലികോപ്റ്ററുകളിലാണ് ഓപ്പറേഷൻ ആരംഭിച്ചത്.
AH-64 ആക്രമണ ഹെലികോപ്റ്ററുകൾ, 21 യുദ്ധവിമാനങ്ങൾ, അഞ്ച് ഡ്രോണുകൾ, 14 രഹസ്യാന്വേഷണ വിമാനങ്ങൾ എന്നിവയുടെ സഹായത്തോടെയായിരുന്നു ഓപ്പറേഷൻ. സിറിയൻ റഡാർ ഒഴിവാക്കാൻ മെഡിറ്ററേനിയന് മുകളിലൂടെയാണ് സംഘം എത്തിയത്. കമാൻഡോകൾ മൂന്ന് മണിക്കൂറിനുള്ളിൽ ദൗത്യം പൂർത്തിയാക്കി അതേ ഹെലികോപ്റ്ററിൽ തന്നെ മടങ്ങി. ഓപ്പറേഷനിൽ ഏകദേശം 30 സിറിയൻ ഗാർഡുകളും സൈനികരും കൊല്ലപ്പെട്ടതായി ഐഡിഎഫ് റിപ്പോർട്ട് ചെയ്തു.
ലെബനനിലെ ഹിസ്ബുള്ളയ്ക്കും സിറിയയിലെ അസദ് ഭരണകൂടത്തിനും മിസൈലുകൾ വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു നിർമാണ കേന്ദ്രമെന്നാണ് ഇസ്രായേൽ ആരോപിക്കുന്നത്. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിനും രഹസ്യാന്വേഷണ ശേഖരണത്തിനും ശേഷമാണ് സ്ഥാപനം റെയ്ഡ് ചെയ്യാൻ ഐഡിഎഫ് തീരുമാനിച്ചത്. പ്രാരംഭ പദ്ധതികൾ വർഷങ്ങൾക്കുമുമ്പ് രൂപപ്പെടുത്തിയെങ്കിലും, 2023 ഒക്ടോബറിൽ ഗാസയിലെ ആക്രമണത്തിന് ശേഷം നടപടി വേഗത്തിലാക്കി.











