06:00pm 18 April 2026
NEWS
ഫുട്‌ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക് വഴിതുറന്ന് സൂപ്പർ ലീഗ് കേരള
12/06/2025  08:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഫുട്‌ബോൾ സ്വപ്നങ്ങളുമായി കേരളത്തിലെ 12 യുവതാരങ്ങൾ മലേഷ്യയിലേക്ക് വഴിതുറന്ന് സൂപ്പർ ലീഗ് കേരള
HIGHLIGHTS

15 മുതല്‍ 17 വയസ് വരെയുള്ളവരാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍. 

ഹൃഷുബ് കോയോന്‍, അല്‍ത്താഫ് റഹ്മാന്‍ പി, പ്രയാഗ് എം മറോളി (കണ്ണൂര്‍), ആരോണ്‍ അരൂജ (തൃശൂര്‍), അഫ്രാദ് നിഹാല്‍ മച്ചിങ്കല്‍, മുഹമ്മദ് നിഹാല്‍ സി (മലപ്പുറം), ജൊഹാന്‍ ജിയോ മാത്യു, ഈവ് ആന്റണി, സിയോണ്‍ മാര്‍ട്ടിന്‍, അഭിനവ് ഷാജി, എശ്വന്ത് മൂണ്‍ പി (എറണാകുളം), ഫലാഹ് ലത്തീഫ് കെ.വി (പാലക്കാട്) എന്നിവരാണ് ടീമിലുള്ളത്. അഭിജിത്ത് ആണ് പരിശീലകന്‍.

കൊച്ചി : കേരളത്തിൽ നിന്നുള്ള പന്ത്രണ്ട് യുവ ഫുട്‌ബോൾ താരങ്ങൾക്ക് മലേഷ്യയിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. സംസ്ഥാനത്ത് നടന്ന ഏറ്റവും വിപുലമായ ഗ്രാസ്‌റൂട്ട് തലത്തിൽ സംഘടിപ്പിച്ച ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് താരങ്ങൾക്ക് ഈ സുവർണ്ണാവസരം ലഭിച്ചതെന്ന് കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. നവാസ് മീരാൻ, എസ്.എൽ.കെ ഡയറക്ടർ ശ്രീ. ഫിറോസ് മീരാൻ, എസ്.എൽ.കെ ഡയറക്ടറും സി.ഇ.ഒയുമായ ശ്രീ. മാത്യു ജോസഫ് എന്നിവർ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ 12 താരങ്ങളും പരിശീലനത്തിനായി വ്യാഴാഴ്ച മലേഷ്യലേക്ക് തിരിക്കും.

സൂപ്പർ ലീഗ് കേരളയും (SLK) ആന്ദ്രേസ് ഇനിയേസ്റ്റ സ്‌കൗട്ടിംഗും ചേർന്നൊരുക്കിയ ഈ സംരംഭം, ഗ്രാമീണ, നഗര പ്രദേശങ്ങളിലെ യുവതാരങ്ങൾക്ക് അന്താരാഷ്ട്ര പരിചയവും പ്രൊഫഷണൽ മികവും നൽകാൻ ലക്ഷ്യമിടുന്നു.

സ്പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറിയൽ സി.എഫിന്റെ അനുബന്ധ സ്ഥാപനമായ വിയ്യാറിയൽ അക്കാദമിയിലാണ് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 12 ദിവസത്തെ തീവ്ര പരിശീലനം ലഭിക്കുക. ജൂൺ 12 മുതൽ 24 വരെ നീളുന്ന ഈ പരിശീലനത്തിൽ നൂതന കോച്ചിംഗ്, സൗഹൃദ മത്സരങ്ങൾ, വിവിധ സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള അവസരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നു. യാത്രയും, താമസവും, പരിശീലനവും ഉൾപ്പെടെയുള്ള മുഴുവൻ ചിലവുകളും സൂപ്പർ ലീഗ് കേരളയാണ് വഹിക്കുന്നത്.

'തിരഞ്ഞെടുക്കപ്പെട്ട യുവതാരങ്ങളിൽ പലരും ആദ്യമായിട്ടാണ് വിദേശത്ത് പരിശീലനം നേടാൻ പോകുന്നത്. അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഒരവസരം കൂടിയാണിത്. കേരളത്തിലെ മികച്ച താരങ്ങൾ ലോക താരങ്ങളുടെ നിരയിലേക്ക് ആത്മവിശ്വാസത്തോടെ നടന്നുകയറാൻ കഴിയുക എന്നതാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത്,' മാത്യു ജോസഫ് പറഞ്ഞു.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് എന്നീ ഏഴ് ജില്ലകളിലായി ആദ്യ ഘട്ടത്തിൽ 1000-ത്തോളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് രണ്ടാം ഘട്ടത്തിൽ കേരള യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (KYDP) ഭാഗമായ ചാക്കോളാസ് ഗോൾഡ് ട്രോഫി ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിലെ ട്രയലുകളിലൂടെയും ടൂർണമെന്റുകളിലൂടെയും  കേരളത്തിലെ 131 ഓളം വരുന്ന വിവിധ ടീമുകളിൽ നിന്നായി 3,600-ൽ അധികം കളിക്കാർ പങ്കെടുത്തു. സ്‌പെയിനിൽ നിന്നും അർജന്റീനയിൽ നിന്നുമുള്ള അന്താരാഷ്ട്ര സ്‌കൗട്ടുകൾ പ്രാദേശിക കോച്ചിംഗ് ടീമുകളുമായി ചേർന്നാണ് പ്രതിഭകളെ കണ്ടെത്തിയത്. അതിൽ നിന്നാണ് നിലവിലെ മികച്ച 12 കളിക്കാരെ കണ്ടെത്തിയിട്ടുള്ളത്.

'കേവലം കളിക്കാരെ വളർത്തുന്ന ഒരു ശ്രമമായിരുന്നില്ല ഇത്തരത്തിൽ ഒരു ഉദ്യമം കൊണ്ട് ലക്ഷ്യമിട്ടത്. മറിച്ച് സ്‌കൂളുകൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും പ്രചോദനം നൽകുന്ന വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യം,' ഫിറോസ് മീരാൻ വ്യക്തമാക്കി.

'കേരളത്തിൽ ഫുട്‌ബോൾ പ്രതിഭകൾക്ക് ഒരു കുറവുമില്ല. എന്നാൽ അവർക്ക് അടുത്ത ഘട്ടത്തിലേക്ക് വളർന്നുവരുന്നതിനു വേണ്ട സൗകര്യങ്ങളും പരിശീലനങ്ങളും അവസരങ്ങളുമാണ് വേണ്ടത്. ഇത്തരത്തിൽ ഒരു പരിപാടിയുടെ പ്രധാന ലക്ഷ്യം തന്നെ നമ്മുടെ താരങ്ങളെ ലോക താരങ്ങളാക്കുക എന്നതാണ്,' നവാസ് മീരാൻ കൂട്ടിച്ചേർത്തു.

സമഗ്രമായ ഫുട്‌ബോൾ വിദ്യാഭ്യാസത്തിലും ജീവിത നൈപുണ്യ വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് കൂടുതൽ അന്താരാഷ്ട്ര സഹകരണങ്ങളോടും ആഭ്യന്തര യുവജന വികസന പരിപാടികളോടും കൂടി ഈ സംരംഭം വികസിപ്പിക്കാൻ സൂപ്പർ ലീഗ് കേരളയ്ക്ക് പദ്ധതിയുണ്ടെന്നും പത്രസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img