02:58pm 11 November 2026
NEWS
11-ാമത് കതാറ അറബിക് നോവൽ ഫെസ്റ്റിവൽ ദോഹയിൽ ആരംഭിച്ചു
14/10/2025  07:27 PM IST
nila
11-ാമത് കതാറ അറബിക് നോവൽ ഫെസ്റ്റിവൽ ദോഹയിൽ ആരംഭിച്ചു

ദോഹ: സാഹിത്യവും സാംസ്‌കാരിക പൈതൃകവും ആഘോഷിക്കുന്ന 11-ാമത് കതാറ അറബിക് നോവൽ ഫെസ്റ്റിവൽ ദോഹയിലെ കതാറ കൾച്ചറൽ വില്ലേജിൽ  ആരംഭിച്ചു. കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷന്റെ ജനറൽ മാനേജർ പ്രൊഫ. ഡോ. ഖാലിദ് ബിൻ ഇബ്രാഹിം അൽ-സുലൈതിഅറബിക് നോവൽ ഫെസ്റ്റിവൽ ഉൽഘാടനം ചെയ്തു. ഉന്നതാധികാരികളും മാധ്യമപ്രവർത്തകരും സാഹിത്യപ്രേമികളും ചടങ്ങിൽ പങ്കെടുത്തു.
ഉൽഘാടന ചടങ്ങിനോടനുബന്ധിച്ച് സംസാരിച്ച ഡോ. അൽ-സുലൈതി, കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ കതാറ അറബിക് നോവൽ അവാർഡ് നേടിയിട്ടുള്ള നേട്ടങ്ങളെ എടുത്തുകാട്ടി. അറബ് നോവലുകളുടെ കലാരൂപത്തെ ആഗോളതലത്തിൽ എത്തിച്ച ഏറ്റവും പ്രധാനപ്പെട്ട വേദിയായി കതാറ പുരസ്കാരം വളർന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 13 മുതൽ 19 വരെ ആചരിക്കുന്ന ഇന്റർനാഷണൽ നോവൽ വീക്ക് സംരംഭത്തിലൂടെ അറബ് സാഹിത്യത്തിന്റെ ശബ്ദംലോകമെമ്പാടുമെത്തിക്കുന്നതിൽ ഈ അവാർഡ് നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ ഫെസ്റ്റിവലിൽ നിരവധി പുതുമകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അവാർഡിന്റെ രണ്ടാം ദശകത്തിലേക്ക് കടക്കുന്ന വേളയിൽ, പുതിയ പദ്ധതികളും ആശയങ്ങളും പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഉൽഘാടന ചടങ്ങിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരനും നയതന്ത്രജ്ഞനുമായ ഘാസിഅൽ-ഗോസൈബിയുടെ ജീവിതവും കൃതികളും അവതരിപ്പിക്കുന്ന പ്രദർശനവും ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ ഈ വർഷത്തെ “പേഴ്സണാലിറ്റി ഓഫ് ദ ഇയർ” ആയി തിരഞ്ഞെടുത്തു. എഴുത്തുകാരന്റെ ജീവചരിത്രത്തോടൊപ്പം സാഹിത്യം, കവിത, ചിന്ത, വികസനം തുടങ്ങിയ മേഖലകളിൽ പ്രസിദ്ധീകരിച്ച 70-ത്തിലധികം കൃതികളുടെ ഭാഗങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
“സൗദി നോവലിന്റെ യാത്ര: ഉദ്ഭവത്തിൽ നിന്ന് ആഗോളതലത്തിലേക്ക്” എന്ന പ്രദർശനവും ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ അതിഥിരാജ്യമായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പ്രദർശനം സൗദി നോവലിന്റെ വളർച്ചയും പരിണതിയും വിശദമായി അവതരിപ്പിക്കുന്നു.
1959-ൽ ഹമീദ് മൻഹൂരിയുടെ “ദി പ്രൈസ് ഓഫ് സാക്രിഫൈസ്” എന്ന കൃതിയിലൂടെ ആരംഭിച്ച സൗദി നോവലിന്റെ ചരിത്രം സാമൂഹിക രേഖപ്പെടുത്തലിൽ നിന്ന് കലാപരിപാകത്തിലേക്ക് എങ്ങനെ മുന്നേറിയതെന്ന് പ്രദർശനം പ്രതിപാദിക്കുന്നു.
സ്ത്രീ നോവലിസ്റ്റുകളായ സമീര ഖശോഗ്ജി പോലുള്ളവർ തുറന്നുവെച്ച വഴികളും യുവ എഴുത്തുകാരുടെ ധൈര്യപരമായ ശ്രമങ്ങളും പ്രദർശനത്തിന്റെ ആകർഷണങ്ങളായിരുന്നു.അതോടൊപ്പം, മൂന്നാമത് കതാറ ബുക്ക് ഫെയർയും ഫെസ്റ്റിവലിന്റെ ഭാഗമായി ആരംഭിച്ചു, ഏകദേശം 90-ഓളം ഖത്തറി, അറബ് പ്രസാധകർ പങ്കെടുത്തു.
കൂടാതെ, പത്താമത് കതാറ അറബിക് നോവൽ അവാർഡിന്റെയും “ദി സൗദി നോവൽ: ഓറിജിൻസ് ആൻഡ് ഡെവലപ്മെന്റ്” എന്ന സെമിനാറിന്റെയും തുടക്കവും ആദ്യ ദിനത്തിൽ നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img