
ഇന്ത്യൻ ഓഹരി വിപണികളിൽ ഒരു ലക്ഷം കോടി രൂപയിലേറെ വിപണി മൂല്യമുള്ള കമ്പനികളുടെ എണ്ണം ചരിത്രപരമായ ഉയർച്ചയിൽ. നിലവിൽ 110 കമ്പനികളാണ് ഈ പട്ടികയിലുള്ളത്. 2024ൽ 97 കമ്പനികളായിരുന്ന സ്ഥാനത്താണ് 2025 ആയപ്പോഴേക്കും ഈ എണ്ണം 110 ആയി ഉയർന്നിരിക്കുന്നത്. ഇന്ത്യയുടെ കോർപ്പറേറ്റ് മേഖലയിലെ ശക്തിയും വിപണിയുടെ വ്യാപ്തിയും വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
കേരളത്തിൽ നിന്നും ഈ പട്ടികയിൽ ഒരു കമ്പനി മാത്രമാണുള്ളത്. മുത്തൂറ്റ് ഫിനാൻസ് ഈ വർഷമാണ് ലക്ഷം കോടി ക്ലബിൽ ഇടം നേടിയത്.
ഒരു ലക്ഷം കോടി കമ്പനികളുടെ വളർച്ചാ യാത്ര
കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വളർച്ച ഇങ്ങനെ:
2019 – 31
2020 – 29
2021 – 49
2022 – 54
2023 – 75
2024 – 97
2025 – 110
പാൻഡമിക് ശേഷമുള്ള സാമ്പത്തിക പുനരുജ്ജീവനം വിപണി മൂല്യങ്ങളിൽ എങ്ങനെ പ്രതിഫലിച്ചുവെന്ന് ഈ ഗ്രാഫ് വ്യക്തമാക്കുന്നു.
2025ൽ ഒരു ലക്ഷം കോടി ക്ലബിൽ ചേർന്ന പുതുമുഖങ്ങൾ
എൽ.ജി ഇലക്ട്രോണിക്സ് ഇന്ത്യ, ടാറ്റ ക്യാപിറ്റൽ, ഗ്രോ, മീഷോ, മുത്തൂറ്റ് ഫിനാൻസ്, ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് & ഫിനാൻസ്, കാനറ ബാങ്ക്, വോഡഫോൺ ഐഡിയ, കമിൻസ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി എ.എം.സി, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, ബി.എസ്.ഇ, ജി.എം.ആർ എയർപോർട്ട്സ്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവയാണ് ഈ വർഷം ആദ്യമായി ക്ലബിൽ പ്രവേശിച്ച പ്രമുഖ സ്ഥാപനങ്ങൾ.
ക്ലബിൽ നിന്ന് പുറത്തായവർ
അതേസമയം, വിപണി മൂല്യം താഴ്ന്നതിനെ തുടർന്ന് ചില കമ്പനികൾ ക്ലബിന് പുറത്തായി. ആർ.ഇ.സി, മാൻകൈൻഡ് ഫാർമ, ഇൻഫോ എഡ്ജ് ഇന്ത്യ, ജെ.എസ്.ഡബ്ല്യു എനർജി, ഡിക്‌സൺ ടെക്നോളജീസ്, ലുപിൻ, എൻ.ടി.പി.സി ഗ്രീൻ എനർജി, ബജാജ് ഹൗസിംഗ് ഫിനാൻസ്, ഹാവൽസ് ഇന്ത്യ, അപ്പോളോ ഹോസ്പിറ്റൽസ്, പെഴ്‌സിസ്റ്റന്റ് സിസ്റ്റംസ് എന്നിവയാണ് ഓഹരിവിപണിയിൽ തിരിച്ചടി നേരിട്ട സ്ഥാപനങ്ങൾ.
ഒരു ലക്ഷം കോടി മാർക്കിന് തൊട്ടരികെ
എച്ച്.പി.സി.എൽ, ഐ.സി.ഐ.സി.ഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ്, മാരികോ, പി.ബി ഫിൻടെക്, ഭെൽ, മസഗൺ ഡോക് ഷിപ്പ് ബിൽഡേഴ്സ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ശ്രീ സിമന്റ്, സൈഡസ് ലൈഫ് സയൻസസ്, എസ്.ആർ.എഫ് എന്നിവ അൽപ്പം കൂടി മുന്നേറുകയാണെങ്കിൽ ക്ലബിൽ എത്താൻ സാധ്യതയുള്ള കമ്പനികളാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ വിപണി മൂല്യമുള്ള കമ്പനികൾ ഇവയാണ്:
റിലയൻസ് ഇൻഡസ്ട്രീസ് – 20.89 ലക്ഷം കോടി
എച്ച്.ഡി.എഫ്.സി ബാങ്ക് – 15.07 ലക്ഷം കോടി
ഭാരതി എയർടെൽ – 12.75 ലക്ഷം കോടി











