02:30pm 12 June 2026
NEWS
പത്താംക്ലാസുകാരന്റെ വിറ്റുവരവ് 50 കോടി; ഉദ്യോഗസ്ഥക്കുടുക്കിൽ വീണ ജോഷി തോമസിന് വഴിതുറന്ന് മുഖ്യമന്ത്രിയുടെ ഇടപെടൽ
12/06/2026  09:29 AM IST
സുരേഷ് വണ്ടന്നൂർ
പത്താംക്ലാസുകാരന്റെ വിറ്റുവരവ് 50 കോടി; ഉദ്യോഗസ്ഥക്കുടുക്കിൽ വീണ ജോഷി തോമസിന് വഴിതുറന്ന് മുഖ്യമന്ത്രിയുടെ ഇടപെടൽ

 

 


​കൊച്ചി/ തിരുവനന്തപുരം: വ്യവസായസംരംഭം ആരംഭിക്കാൻ ഒരുവർഷമായി താലൂക്ക് ഓഫീസ് കയറിയിറങ്ങി പ്രതിസന്ധിയിലായ പാലക്കാട്ടെ സംരംഭകൻ ജോഷി തോമസിന് ഒടുവിൽ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിലൂടെ നീതി. സംരംഭകരുമായി മുഖ്യമന്ത്രി നടത്തിയ ഒരു സംവാദത്തിന്റെ വീഡിയോയ്ക്ക് താഴെ ജോഷി പങ്കുവെച്ച ഫേസ്ബുക്ക് കമന്റാണ് ഒരുവർഷത്തെ ഉദ്യോഗസ്ഥക്കുടുക്ക് ഒറ്റദിവസം കൊണ്ട് അഴിക്കാൻ വഴിതെളിച്ചത്.
​ഒരു സംരംഭകനെയും സർക്കാർ ശത്രുവായി കാണില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ്, പുതിയ പ്ലാന്റിനായുള്ള സ്ഥലത്തിന്റെ സ്കെച്ച് ലഭിക്കാൻ ഉദ്യോഗസ്ഥർ മനഃപൂർവം വൈകിപ്പിക്കുന്ന കാര്യം ജോഷി കമന്റിലൂടെ അറിയിച്ചത്. ഞായറാഴ്ചയിട്ട കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയും തിങ്കളാഴ്ചയോടെ രേഖകൾ ലഭ്യമാക്കുകയും ചെയ്തു.
​പത്താം വയസിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട്, 1991ൽ പത്താം ക്ലാസ് പാസായ ശേഷം കടയിൽ സഹായിയായിട്ടായിരുന്നു ജോഷിയുടെ തുടക്കം. പിന്നീട് സ്വന്തമായി തുടങ്ങിയ യൂണിറ്റ് പൂട്ടേണ്ടി വന്നപ്പോൾ ഡ്രൈവറായും ജോലി നോക്കി. ഒടുവിൽ കേന്ദ്ര സർക്കാരിന്റെ 'സ്റ്റാൻഡപ് ഇന്ത്യ' പദ്ധതി വഴി ഭാര്യ സൗമ്യയുടെ പേരിൽ വായ്പയെടുത്ത് 'സൗമ്യ പോളിമേഴ്സ്' ആരംഭിച്ചു. ഇന്ന് നൂറിലേറെ പെയിന്റ് ഉത്പന്നങ്ങൾ 'ഫ്ലവേഴ്സ്' എന്ന ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന കമ്പനിയുടെ വിറ്റുവരവ് 50 കോടി രൂപയാണ്.
​രണ്ടാമത്തെ യൂണിറ്റ് ആരംഭിക്കാനായി വാങ്ങിയ 70 സെന്റ് സ്ഥലത്തിന്റെ രേഖകളാണ് ഉദ്യോഗസ്ഥരുടെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നത്. തടസ്സങ്ങൾ നീങ്ങിയ സാഹചര്യത്തിൽ, 'അലൻ പോളിമേഴ്സ്' എന്ന പുതിയ പ്ലാന്റ് ആറു മാസത്തിനകം സജ്ജമാക്കുമെന്ന് ജോഷി തോമസ് വ്യക്തമാക്കി. "ബിസിനസുകാർ സർക്കാരിന്റെ മിത്രങ്ങളാണെന്നും, അവരുടെ പ്രശ്നങ്ങൾക്ക് ഏതുസമയത്തും പരിഹാരമുണ്ടാക്കുമെന്നും" മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img