
ദോഹ: ജി സി സി രാജ്യങ്ങളിൽ നിന്നും ഇന്ത്യാ റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് വമ്പൻ ഓഫറുമായി രംഗത്തെത്തി. ഒരു റിയാലിന് 10 കിലോ അധിക ബാഗേജാണ് എയർലൈൻ പ്രഖ്യാപിച്ചത്. ഖത്തറിൽ നിന്നുള്ള യാത്രക്കാർക്ക് 1 റിയാലിന് പത്ത് കിലോ അധിക ബാഗേജ് ലഭിക്കും.
ജിസിസി രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. ഒക്ടോബർ 31നകം ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2025 നവംബർ 30നകം യാത്രചെയ്യുന്നവർക്കായിരിക്കും ഇളവ് ബാധകം.
ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇളവ് തിരഞ്ഞെടുക്കണമെന്ന് എയർലൈൻ അറിയിച്ചു. ഒരിക്കൽ ഇഷ്യൂ ചെയ്ത ടിക്കറ്റിന് ശേഷം ഓഫർ ചേർക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ഈ പദ്ധതി യാത്രക്കാർക്ക് എളുപ്പത്തിൽ അധിക ബാഗേജ് ഉൾപ്പെടുത്താനും യാത്ര കൂടുതൽ സുഖകരമാക്കാനുമുള്ള സഹായമായിരിക്കും എന്നും അധികൃതർ അറിയിച്ചു.











