
റായ്പൂർ: ഛത്തീസ്‌ഗഡിലെ ബസ്‌തറിൽ 108 മാവോയിസ്റ്റുകൾ സുരക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങി. 44 സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ഇന്നലെ ആയുധംവെച്ച് കീഴടങ്ങിയത്. സംഘത്തിന്റെ പക്കൽ നിന്ന് എകെ-47, ഇൻസാസ് റൈഫിൾ, കാർബൈൻ, വിവിധ തരം റൈഫിളുകൾ, ബിജിഎൽ ഉൾപ്പെടെ 101 ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു. കൂടാതെ 3.61 കോടി രൂപയുടെ കറൻസിയും ഏകദേശം 1.64 കോടി രൂപ വിലമതിക്കുന്ന സ്വർണവും കണ്ടെത്തി. ഏകദേശം 125 പവൻ സ്വർണമാണ് സംഘത്തിൽ നിന്ന് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു.
കീഴടങ്ങിയവരിൽ 6 ഡിവിസിഎം ലെവൽ നക്സലൈറ്റുകൾ, 3 കമ്പനി പ്ലാറ്റൂൺ അംഗങ്ങൾ, 18 പിപിസിഎം അംഗങ്ങൾ, 23 ഏരിയ കമ്മിറ്റി അംഗങ്ങൾ, 56 പാർട്ടി അംഗങ്ങൾ എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. വലിയ തോതിലുള്ള ആയുധ ശേഖരവുമായാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കുന്നു.
കീഴടങ്ങിയ സംഘത്തിലെ ആറുപേരുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഏറ്റവും വലിയ കീഴടങ്ങലുകളിൽ ഒന്നാണിതെന്നാണ് റിപ്പോർട്ടുകൾ.
സംസ്ഥാനത്തെ നക്സലിസത്തിൽ നിന്ന് പൂർണമായും മുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ കൂട്ടക്കീഴടങ്ങൽ നടന്നതെന്ന് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ പറഞ്ഞു. “പുനർജന്മത്തിലൂടെ പുനരധിവാസം” എന്നർത്ഥമുള്ള ‘പൂന മാർദം’ സർക്കാർ പദ്ധതിയുടെ കീഴിലാണ് മാവോയിസ്റ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











