
കൊച്ചി: ദക്ഷിണ നാവിക സേനയ്ക്ക് ഇത് അഭിമാന മുഹൂർത്തം. 65 വർഷം പഴക്കമുള്ള നേവൽ എയർ ഓപ്പറേഷൻസ് (എൻഎഒ ) സ്കൂളിൽ നിന്ന് റെഗുലർ എയർ ഓപ്പറേഷൻസ് കോഴ്സ് പാസായ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് വർണ്ണാഭമായി.
കോഴ്സിൻ്റെ നൂറാമത് ബാച്ചിൽ പങ്കെടുത്ത് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയ്നികളാണ് ഗോൾഡൻ വിംഗ്സ് ഏറ്റു വാങ്ങി രാജ്യ സേവനത്തിന് തയ്യാറായിരിക്കുന്നത്.

പാസ്സിംഗ് ഔട്ട് പരേഡിൽ നേവൽ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ വൈസ് അഡ്മിറൽ എ.എൻ.പ്രമോദ് മുഖ്യ അതിഥിയായിരുന്നു. റിട്ട. വൈസ് അഡ്മിറൽ വി.ഭരതൻ, നേവൽ ഹെഡ്ക്വാർട്ടേഴ്സ് (എയർ ) റിയർ അഡ്മിറൽ ജാനക്ക് ബെവ് ലി, കോമഡോർ ബി.എസ്. സോത്തി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കേഡറ്റുകൾക്ക് വിംഗ്സ് ഓഫ് ഗോൾഡ് മുഖ്യാതിഥി സമ്മാനിച്ചു. മികച്ച രീതിയിൽ പാസ്സിംഗ് ഔട്ട് പരേഡ് നടത്തിയ ട്രെയ്നികളെ അദ്ദേഹം അഭിനന്ദിച്ചു.

പരിശീലന കാലയളവിൽ മികവ് തെളിയിച്ചവർക്കുള്ള ട്രോഫികളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഓൾ റൗണ്ട് പെർഫോമൻസിനുള്ള ഉത്തർപ്രദേശ് ട്രോഫിയ്ക്ക് ലെഫ്റ്റനൻ്റ് ശ്രീറാംദാസ് നിതീഷും ഫ്ലൈയിംഗ് മെറിറ്റിനുള്ള ഈസ്റ്റേൺ നേവൽ കമാൻഡ് റോളിംഗ് ട്രോഫി ലെഫ്റ്റനൻ്റ് ആദിത്യ പാണ്ടേയ്ക്കും ഗ്രൗണ്ട് സബ്ജക്റ്റുകളിലെ മെറിറ്റിനുള്ള ദക്ഷിണ നേവൽ കമാൻഡിൻ്റെ കുണ്ടേ മെമ്മോറിയൽ ബുക്ക് പ്രൈസ് ലെഫ്റ്റനൻ്റ് ശ്രീരാംദാസ് നിതീഷിനും ലഭിച്ചു.
1960 ലാണ് ദക്ഷിണ നാവിക സേനയുടെ കീഴിൽ ഐഎൻഎസ് ഗരുഡയിൽ എൻ ഒ എ ആരംഭിക്കുന്നത്. ഇന്നിപ്പോൾ രാജ്യാന്തര തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ പരിശീലന സ്ഥാപനമാണിത്. ആധുനിക ഡോണിയർ എയർക്രാഫ്റ്റിലാണ് ട്രെയ്നികൾക്ക് പരിശീലനം നൽകുന്നത്. ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെ നേരിടാനും സെർച്ച് ആൻഡ് റെസ്ക്യു പ്രവർത്തനങ്ങൾ നടത്താനും ട്രെയ്നികളെ പ്രാപ്തരാക്കുന്ന മികവുറ്റ പരിശീലനമാണ് ഇവിടെ നൽകുന്നത്. പാസ്സിംഗ് ഔട്ട് പരേഡ് പൂർത്തിയാക്കിയ ഓഫീസർമാർ നാവികസേനയുടെ വിവിധ എയർ സ്ക്വാഡ്രനുകളുടെ ഭാഗമാകും.









