09:09am 26 October 2026
NEWS
10 ലക്ഷം വീതം നൽകാൻ 10,000 പേർ; ലക്ഷ്യം 1000 കോടിയുടെ ആരോഗ്യ ഫണ്ട്
26/10/2026  08:02 AM IST
nila
10 ലക്ഷം വീതം നൽകാൻ 10,000 പേർ; ലക്ഷ്യം 1000 കോടിയുടെ ആരോഗ്യ ഫണ്ട്

തിരുവനന്തപുരം: കേരളത്തിൽ 1000 കോടി രൂപയുടെ ആരോഗ്യ ഫണ്ട് രൂപീകരിക്കാൻ പുതിയ നിർദേശം. 10,000 പേരിൽനിന്ന് 10 ലക്ഷം രൂപ വീതം സമാഹരിച്ച് ‘നോർക്ക ഗ്ലോബൽ കേരള ഹെൽത്ത് ഫണ്ട്’ രൂപീകരിക്കാനാണ് ആലോചന. മുഖ്യമന്ത്രി അധ്യക്ഷനായ ആരോഗ്യ ടാസ്ക് ഫോഴ്‌സിനായി തയാറാക്കിയ പശ്ചാത്തലരേഖയിലാണ് നിർദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.

ആഗോളതലത്തിൽ ആരോഗ്യരംഗത്തെ നിക്ഷേപവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദാവോസിലെ വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ മാതൃകയിൽ കേരളത്തിൽ വർഷംതോറും ആഗോള ആരോഗ്യസമ്മേളനം നടത്താനും രേഖ ശുപാർശ ചെയ്യുന്നു.

ഫണ്ടിലേക്ക് ലഭിക്കുന്ന പണം ആവശ്യാനുസരണം വിനിയോഗിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സംഭാവന നൽകുന്നവർക്ക് തുക ഏതെങ്കിലും പ്രത്യേക ജില്ലയ്ക്കോ കരാറുകാരനോ വേണ്ടി മാറ്റിവയ്ക്കാൻ കഴിയില്ല. ഇൻഷുറൻസ് കമ്പനികൾ, ആഗോള ബാങ്കുകൾ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ നിധികൾ എന്നിവയിൽനിന്നും സാമ്പത്തിക സഹായം സമാഹരിക്കാനും പദ്ധതിയുണ്ട്.

ഫണ്ടിന്റെ നിയന്ത്രണം 15 അംഗ ഡോണേഴ്‌സ് കൗൺസിലിനായിരിക്കും. ഇതിൽ 10 പേർ സംഭാവന നൽകിയവരായിരിക്കും. ആരോഗ്യസമ്മേളനത്തിന്റെ നടത്തിപ്പിനായി ‘വേൾഡ് ഹോളിസ്റ്റിക് ഹെൽത്ത് ഫോറം’ എന്ന പേരിൽ സന്നദ്ധസംഘടന രൂപീകരിക്കാനും നിർദേശമുണ്ട്. സംഘടനയ്ക്ക് സർക്കാർ പിന്തുണ നൽകണമെന്നാണ് ശുപാർശ.

പദ്ധതിക്കായി ഏതാനും സംരംഭകർ മൂലധനം നിക്ഷേപിക്കുമെന്നും പശ്ചാത്തലരേഖ വ്യക്തമാക്കുന്നു. എന്നാൽ, നിക്ഷേപകരുടെ പേരുകൾ രേഖയിൽ പരാമർശിച്ചിട്ടില്ല.

അതേസമയം, ആരോഗ്യ ടാസ്ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങളും ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളും തിങ്കളാഴ്ച നിയമസഭയിൽ സിപിഎം ചോദ്യം ചെയ്യുമെന്നാണ് വിവരം.

ടാസ്‌ക് ഫോഴ്‌സ് ഘടന

മുഖ്യമന്ത്രി വി.ഡി. സതീശൻ (ചെയർമാൻ) ആരോഗ്യമന്ത്രി കെ. മുരളീധരൻ (വൈസ് ചെയർമാൻ) അംഗങ്ങൾ: ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി (കോഡിനേറ്റർ) ഡോ. ഷർമിള മേരി ജോസഫ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, യു.പി. മുൻ ചീഫ് സെക്രട്ടറി ദീപക് സിംഘൽ, ഐ.എൽ.ബി.എസ്. ചാൻസലർ ഡോ. ശിവ്കുമാർ സരിൻ, കെ.ഇ.എഫ്. ഹോൾഡിങ്‌സ് ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കോളൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എം.ഡി. സി. ദേവീദാസ് വാരിയർ, കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ, മഹാജൻ ഇമേജിങ് ആൻഡ് ലാബ്‌സ് ചെയർമാൻ ഡോ. ഹർഷ് മഹാജൻ, ജീവ ആയുർവേദ ചെയർമാൻ ഡോ. പ്രതാപ് ചൗഹാൻ, ഗ്ലോബൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. കഞ്ചർല രവീന്ദ്രനാഥ്, റിയാക്ട് ഏഷ്യ പസഫിക് ഡയറക്ടർ ഡോ. എസ്.എസ്. ലാൽ, ഇന്റർനാഷണൽ കാൻസർ കെയർ നെറ്റ്‌വർക്ക് ചെയർമാൻ ഡോ. എം.വി. പിള്ള, അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്‌സ് (വടക്കേ അമേരിക്ക) പ്രസിഡന്റ് ഡോ. നിഷ നിഗിൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img