
കണ്ണിൽ പൊടിയിട്ടുള്ള പോക്കറ്റടിക്കും കൊള്ളയ്ക്കും വഴങ്ങിത്തരുന്ന മലയാളികളുടെ സൗമ്യോദാര ശീലത്തിൽ കണ്ണുവച്ച പാതിവില തട്ടിപ്പു പദ്ധതിയിൽ 'പേറ്റന്റ്' ഇട്ട അനന്തു കൃഷ്ണനെന്ന യുവാവിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളെ കൂട്ടുപിടിച്ചു രണ്ടു ലക്ഷത്തോളം പേരിൽനിന്നു ചോർത്തിയെടുത്തത് എണ്ണൂറു കോടിയോളം രൂപയെന്ന പ്രാഥമിക നിഗമനം പോലീസ് തിരുത്തിത്തുടങ്ങി. പകുതി വിലയ്ക്ക് ഇലക്ട്രിക്ക് സ്‌കൂട്ടർ, തയ്യൽ മെഷീൻ, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് വൻകിട കമ്പനികളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി.എസ്.ആർ) ഫണ്ടിന്റെ പേരു പറഞ്ഞു തട്ടിക്കൂട്ടിയ പദ്ധതിയിലൂടെ ആയിരം കോടിയിലേറെ രൂപ അനന്തുവും കൂട്ടാളികളും സ്വന്തം അക്കൗണ്ടിലാക്കിയതായാണ് സൂചന.
മൂവാറ്റുപുഴ പോലീസ് അനന്തുവിനെ അറസ്റ്റ് ചെയ്തതോടെയാണു സംസ്ഥാന വ്യാപകമായി തട്ടിപ്പിനിരയായവർ കൂട്ടമായി രംഗത്തുവന്നത്. സായി ഗ്രാം ചെയർമാനും എൻ.ജി.ഒ കോൺഫെഡറേഷൻ ദേശീയ കോ ഓർഡിനേറ്ററുമായ കെ.എൻ. ആനന്ദകുമാർ അനന്തുവിനൊപ്പം കൂട്ടുപ്രതിയാണ്. ഉന്നത രാഷ്ട്രീയ നേതാക്കളും മുൻ ഹൈക്കോടതി ജഡ്ജിയും മുൻ ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രമുഖരുമായും ഇവർക്ക് അടുപ്പമുണ്ടെന്നതിനാൽ ഇതിനകം ആരംഭിച്ചിട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ഇടപെടലുകൾക്കുള്ള സാദ്ധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വയനാടു ജില്ലയിൽ മുണ്ടക്കൈചൂരൽമല ദുരന്തബാധിതരെയടക്കം കബളിപ്പിച്ചതായാണു വിവരം. അനന്തു അപഹരിച്ചെടുത്ത പണത്തിന്റെ സിംഹഭാഗവും അപ്രത്യക്ഷമായ നിലയിലാണ്. ആ മുതൽ വീണ്ടെടുക്കുക അസാധ്യമാകുമെന്നും അക്കാരണത്താൽ തന്നെ നഷ്ടമായ പണം തിരികെക്കിട്ടുമെന്നു പരാതിക്കാർ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ലെന്നും പോലീസ് സൂചിപ്പിക്കുന്നു.
എഴുപത്തഞ്ചിലേറെ ബ്‌ളോക്കുകളിൽ സൊസൈറ്റി രൂപീകരിച്ച് ആളുകളെ അംഗങ്ങളാക്കിയായിരുന്നു അനന്തു കൃഷ്ണൻ തട്ടിപ്പിനു തുടക്കമിട്ടത്. പകുതി വിലയ്ക്ക് രാസവളം നൽകുമെന്ന വാഗ്ദാനത്തിൽ ഒട്ടേറെ കർഷകർ വഞ്ചിതരായിരുന്നു. പണം നഷ്ടമായവരിൽ ഏറെയും സ്ത്രീകളും കർഷകരും സാധാരണക്കാരുമാണ്. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചിട്ടുള്ളത് 2000 പരാതികൾ. എറണാകുളം ജില്ലയിൽ നിന്നു മാത്രം അയ്യായിരത്തിലേറെപ്പേരിൽ നിന്നായി അറുന്നൂറ് കോടിയിലേറെ പിരിച്ചെന്നാണ് കരുതപ്പെടുന്നത്. തട്ടിപ്പിലൂടെ നേടിയ കോടികൾ ഉപയോഗിച്ച് അനന്തു കൃഷ്ണൻ ഇടുക്കിയിലും കർണാടകയിലും ഏക്കർ കണക്കിന് സ്ഥലം വാങ്ങിയെന്ന്് പോലീസ് പറയുന്നു. ഇതു സംബന്ധിച്ച രേഖകൾ ഒളിപ്പിക്കാനും ഇയാൾ ശ്രമം നടത്തി. ഹൈക്കോടതി ജംഗ്ഷനിലെ പ്രതിയുടെ വാടക ഫ്‌ളാറ്റിൽ നിന്ന് രേഖകൾ കടത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.
ആട്, തേക്ക്, മാഞ്ചിയം മുതൽ ടോട്ടൽ ഫോർ യു, പോപ്പുലർ ഫിനാൻസ് എന്നിങ്ങനെ നീളുന്ന തട്ടിപ്പ് പരമ്പരകളിൽനിന്നു കേരളം ഒന്നും പഠിക്കാത്തതെന്തെന്ന ചോദ്യം വീണ്ടുമുയരുന്നു. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടർ, തയ്യൽ മെഷീൻ, ലാപ്‌ടോപ് തുടങ്ങിയവയാണ് തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണൻ(26) വാഗ്ദാനം ചെയ്തത്. പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും മുന്നിൽനിർത്തിയായിരുന്നു തട്ടിപ്പിന്റെ വിദഗ്ധമായ ആസൂത്രണം. ആളുകളുടെ പണത്തോടുള്ള ആർത്തിയും സാമ്പത്തിക സാക്ഷരതയില്ലായ്മയും അനന്തു കൃഷ്ണനും സംഘവും ചൂഷണവിധേയമാക്കി. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷന്റെ കീഴിൽ സീഡ് എന്ന സൊസൈറ്റി രൂപവത്കരിച്ച് സംസ്ഥാന വ്യാപകമായി തട്ടിപ്പ് അരങ്ങേറി. സംഘടനയുടെ ദേശീയ കോഓർഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആർ. ഫണ്ട് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തി യിട്ടുണ്ടെന്നും അനന്തു എല്ലാവരെയും വിശ്വസിപ്പിച്ചു. തിരുവനന്തപുരത്തെ വഞ്ചിയൂർ കേന്ദ്രീകരിച്ചാണ് സൊസൈറ്റിയുടെ ആസ്ഥാനമന്ദിരം പ്രവർത്തിച്ചിരുന്നത്.
പദ്ധതിയിൽ ഗുണഭോക്താക്കളാകണമെങ്കിൽ 300 രൂപ അടച്ച് സീഡ് സൊസൈറ്റിയിൽ അംഗത്വമെടുക്കണം എന്ന് നിബന്ധനയുണ്ടായിരുന്നു. ഇരുചക്ര വാഹനം, കാർഷിക ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയുടേതായിരുന്നു വാഗ്്ദാനപ്പട്ടിക. എന്താണോ വേണ്ടത് അതിന്റെ പകുതി പണം മാത്രം നൽകിയാൽ മതിയെന്ന വാഗ്ദാനത്തിൽ ആളുകൾ വീണു. പദ്ധതിയുടെ പ്രചാരണത്തിന് ഏജന്റുമാരെയും സന്നദ്ധ സംഘടനകളെയും പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകരെയും കൗശലപൂർവം ഉപയോഗിച്ചു. പറഞ്ഞതുപോലെ ആദ്യഘട്ടത്തിൽ പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും മറ്റും സ്ത്രീകൾക്കു വിതരണം ചെയ്ത് പൊതുജന വിശ്വാസം നേടിയെടുത്തു. പ്രമുഖർ പദ്ധതിയുടെ മുഖമായതോടെ സാധാരണക്കാർക്കു വിശ്വാസമേറുകയും കൂടുതൽ ഇരകളുണ്ടാകുകയും ചെയ്തു. വിതരണത്തിനു പ്രമുഖ രാഷ്ട്രീയ നേതാക്കളെത്തന്നെ രംഗത്തിറക്കിയതു ജനപ്രീതി നേടാൻ കാരണമായി. പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പമുള്ള ചിത്രങ്ങൾ അനന്തു തട്ടിപ്പിന് ഉപയോഗിച്ചു.
വിശ്വാസവഞ്ചന നടത്തി അഞ്ചു ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു നടത്തിയതിനു തൊടുപുഴ സ്വദേശിനിയുടെ പരാതിയിൽ 2019-ൽ അനന്തുവിനെതിരേ കേസെടുത്തിരുന്നു. ഇത്തരത്തിൽ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ചരിത്രമുള്ള ആളിനൊപ്പമാണ് പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം ചേർന്നു പ്രവർത്തിച്ചത്.സാമൂഹിക ബന്ധം ഏറെയുള്ള ആളുകളെ ഒപ്പംകൂട്ടാൻ അനന്തുവിനു കഴിഞ്ഞപ്പോൾ സാധാരണക്കാർ എളുപ്പം കരുക്കളായി. കോൺഗ്രസ് നേതാവ് ലാലി വിൻസന്റ്, ബി.ജെ.പി. നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, ജെ. പ്രമീളാദേവി, ഡീൻ കുര്യാക്കോസ് എം പി, ഫ്രാൻസിസ് ജോർജ് എം പി, മാത്യു കുഴൽനാടൻ എം എൽ എ, സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് എന്നിവരടക്കം ആരോപണവിധേയരാണ്. വാഗ്ദാനങ്ങളിൽ വിശ്വസിച്ചു പണം നഷ്ടപ്പെടുത്തുന്നതിനുമുമ്പായി യുക്തിയോടെ ചിന്തിച്ചു തീരുമാനമെടുക്കാനുള്ള വിദ്യാഭ്യാസം മലയാളികൾ നേടാത്തിടത്തോളംകാലം അധ്വാനിച്ചുണ്ടാക്കുന്ന പണം ഇതുപോലുള്ള തട്ടിപ്പുകാർ ചോർത്തുകതന്നെ ചെയ്യുമെന്നു പോലീസ് പറയുന്നു. ഓഹരി, ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ സാമ്പത്തികരംഗത്തു വർഷങ്ങളുടെ പരിചയമുള്ളവരടക്കം ഉൾപ്പെടുന്നു.
സ്‌കൂട്ടറും തയ്യൽമെഷീനും അതുപോലുള്ള ഉപകരണങ്ങളും മറ്റും കമ്പനികൾ നിർമ്മിച്ച് വിൽക്കുന്നത് അവർക്കുള്ള ലാഭം കൂടി എടുത്തിട്ടാണെന്നത് മറന്നാണ് ജനങ്ങൾ തട്ടിപ്പുകാരുടെ ലാവണത്തിലേക്കൊഴുകിയത്. കമ്പനികൾ ലാഭത്തിൽ ചെറിയ കിഴിവുകളൊക്കെ അംഗീകൃത വിൽപ്പനശാലകൾക്ക് നൽകാറുണ്ടെന്നതു വസ്തുത. ഓണത്തിനും ക്രിസ്മസിനും റംസാനുമൊക്കെ ഇത്തരം ഓഫറുകൾ പതിവാണ്. എന്നാൽ പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് ഒരു ഷോറൂമിനും വാഗ്ദാനം നൽകാനാകില്ല. അങ്ങനെ ചെയ്താൽ കമ്പനിക്കു നിലനിൽപ്പുണ്ടാകില്ല. എന്നാൽ, ഒരു സ്വകാര്യ ഏജൻസി പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്നു പറഞ്ഞപ്പോൾ സാമാന്യബുദ്ധിയുള്ള ആരും അതിൽ തട്ടിപ്പ് മണക്കേണ്ടിയിരുന്നു. പക്ഷേ ഉന്നത രാഷ്ട്രീയ നേതാക്കളും മുൻ ഹൈക്കോടതി ജഡ്ജിയും മുൻ ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ള പ്രമുഖരാരും ആ നിലയ്ക്കു ചിന്തിച്ചില്ലെന്നതു ദുരൂഹത വർദ്ധിപ്പിക്കുന്നു.
അനന്തുവിന്റെ അറസ്റ്റിനു പിന്നാലെ വിവിധ സ്റ്റേഷനുകളിലായി 1200-ഓളം സ്ത്രീകൾ തന്നെ പരാതി നൽകി. സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ മൂടുപടമിട്ടാണ് തട്ടിപ്പ് നടന്നത്. ആറായിരം രൂപ വരെ രജിസ്‌ട്രേഷൻ ഫീസായി വാങ്ങിയിരുന്നു. ഈ ഇനത്തിൽത്തന്നെ കോടികളാണ് കോൺഫെഡറേഷന്റെ അക്കൗണ്ടുകളിലെത്തിയത്. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുൻകൂറായി നൽകണം. ബാക്കി തുക വൻകിട കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്ന് ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. ഒരു ബാങ്ക് അക്കൗണ്ടിൽ മാത്രം 400 കോടി രൂപ അനന്തു കൃഷ്ണനായി എത്തിയിരുന്നെന്നും ഇതിൽ മൂന്നു കോടി മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നതെന്നും പ്രാഥമിക പരിശോധനയിൽ പോലീസ് കണ്ടെത്തി. ഇതാണ് അക്കൗണ്ടുകളുടെ അവസ്ഥയെന്നിരിക്കേ ഈ തട്ടിപ്പ് തുകകൾ എങ്ങോട്ടാണ് കടത്തിയതെന്ന അന്വേഷണം അതിസങ്കീർണ്ണമാകുമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു. അന്യസംസ്ഥാനത്തേക്കോ വിദേശത്തേക്കോ പണം കടത്തിയിട്ടുണ്ടെങ്കിൽ അത് കണ്ടെത്താനും തിരികെ പിടിക്കാനും സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാലേ സാധ്യമാകൂ. സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികളും ഈ തട്ടിപ്പ് അന്വേഷിക്കുമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ കരുതുന്നു.
പാതിവില തട്ടിപ്പുകേസിൽ രണ്ടാംപ്രതി അനന്തുകൃഷ്ണനെതിരെ വയനാട്ടിൽ നിന്ന് ഒക്ടോബർ മാസത്തിൽ തന്നെ പരാതി ലഭിച്ചതായുള്ള വിവരം ഇതിനിടെ പുറത്തുവന്നു. പകുതിവിലയ്ക്ക് സാധനങ്ങൾ നൽകുന്നതിൽ അഴിമതി ഉണ്ടോയെന്ന് സംശയിക്കുന്നതായി 2024 ഒക്ടോബറിൽ ബത്തേരി സ്വദേശി സിറാജുദ്ദീനാണ് പൊലീസിൽ പരാതിപ്പെട്ടത്. വയനാട് എസ്.പിയ്ക്കാണ് അന്ന് പരാതി നൽകിയിരുന്നത്. എന്നാൽ ഉൽപ്പന്നങ്ങൾ ലഭിച്ചില്ല എന്ന് എവിടെയും പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അന്ന് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യം പൊലീസ് പരാതിക്കാരനെ അറിയിച്ചു.
അനന്തു കൃഷ്ണൻ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണനെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ രംഗത്തുവന്നു. രാധാകൃഷ്ണൻ ഒന്നാംതരം കച്ചവടക്കാരൻ ആണെന്നും, എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന മിക്ക ഡീലുകൾക്ക് പിറകിലും എ.എൻ രാധാകൃഷ്ണനുണ്ടെന്നും മുമ്പ് രാധാകൃഷ്ണനൊപ്പം ബിജെപി നേതാവായിരുന്ന സന്ദീപ് വാര്യർ ആരോപിച്ചു. അനന്തു കൃഷ്ണനും സംഘവും പറഞ്ഞു പറ്റിച്ചത് നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതി എന്ന പേരിലാണ്.
സന്ദീപ് വാര്യർ ആരാപണമുന്നയിച്ചതോടെ സംഭവത്തിൽ പ്രതികരണവുമായി എ. എൻ. രാധാകൃഷ്ണൻ രംഗത്തെത്തി. സായി ഗ്രാം ചെയർമാൻ അനന്തകുമാറാണ് സിഎസ്ആർ പദ്ധതി തനിക്ക് പരിചയപ്പെടുത്തി തന്നതെന്ന് എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായത് ജനസേവനത്തിനുവേണ്ടിയാണ്. പദ്ധതിയുടെ പേരിൽ താൻ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. താനും ഒരു ഇരയാണ്. മൂവാറ്റുപുഴയിൽ അനന്തുവിനെതിരെ കേസെടുത്ത ശേഷവും കോഴിക്കോട് ഐജി ഓഫീസ് ആസ്ഥാനത്ത് നാഷണൽ എൻജിഒ കോൺഫെഡറേഷൻ പരിപാടി നടത്തി. ഒക്ടോബർ 30 നായിരുന്നു പരാതി. ഐജി സേതുരാമനായിരുന്നു ഉദ്ഘാടകൻ. ആ പരിപാടിയിലും അനന്തു പങ്കെടുത്തിരുന്നെന്ന് എ.എൻ രാധാകൃഷ്ണൻ പ്രതികരിച്ചു.
സി.എസ്.ആർ ഫണ്ട് കമ്പനികളിൽ നിന്ന് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് ആയിരത്തോളം സന്നദ്ധ സംഘടനകളെയാണ് എൻ.ജി.ഒ കോൺഫെഡറേഷനിൽ അംഗമാക്കിയതെന്ന് വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ വെളിപ്പെടുത്തി. 2023-ലെ കോൺഫെഡറേഷൻ യോഗത്തിൽ ദേശീയ കോ-ഓർഡിനേറ്റർ എന്ന നിലയിലാണ് കെ.എൻ. ആനന്ദ കുമാർ, അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്റെ സൈൻ എന്ന സംഘടന രാഷ്ട്രീയ താത്പര്യങ്ങൾക്കായി സഹായം നൽകുന്നുണ്ടെന്ന് കോൺഫെഡറേഷൻ യോഗത്തിൽ മറ്റു സന്നദ്ധ സംഘടന ഭാരവാഹികൾ പരാതി പറഞ്ഞിരുന്നു. അന്ന് എ.എൻ. രാധാ കൃഷ്ണനെ അനുകൂലിക്കുന്ന നിലപാടാണ് ആനന്ദകുമാർ സ്വീകരിച്ചതെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.
പിരിച്ചുനൽകുന്ന പണത്തിന് ഉത്പന്നങ്ങൾ ലഭിച്ചില്ലെങ്കിൽ താൻ പണം തിരിച്ച് നൽകുമെന്ന് കോൺഫെഡറേഷൻ ആജീവനാന്ത ചെയർമാൻ കൂടിയായ കെ.എൻ.ആനന്ദകുമാർ പറഞ്ഞെന്ന് സന്നദ്ധസംഘടനാ ഭാരവാഹികൾ അറിയിച്ചു. ഈ ഉറപ്പിന്റെ ബലത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തി കോടിക്കണക്കിന് രൂപ തങ്ങൾ പിരിച്ചുനൽകിയത്. ഉപഭോക്താക്കളെ ചേർക്കുന്നതിന് ആനുപാതികമായി പ്രതിവർഷം ചെറിയൊരു വിഹിതം കമ്മീഷനായി സന്നദ്ധ സംഘടനകൾക്ക് വാഗ്ദാനം ചെയ്തിരുന്നു.
സത്യസായി ഓർഫനേജ് ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറും അനന്തുകൃഷ്ണനും തമ്മിൽ കരാറുകളുണ്ടായിരുന്നെന്നും പദ്ധതികൾ രൂപീകരിച്ചതും നടപ്പിലാക്കിയതും ഇരുവരും ചേർന്നാണെന്നുമാണ് എൻ.ജി.ഒ കോൺഫെഡറേഷൻ ട്രസ്റ്റി ബീന സെബാസ്റ്റ്യൻ പറയുന്നത്. കണക്കുകൾ പല തവണ ചോദിച്ചിട്ടും ഇരുവരും ബോർഡിന് കൈമാറിയില്ല. ആനന്ദകുമാർ എൻ.ജി.ഒ കോൺഫെഡറേഷനിൽനിന്ന് വാട്‌സാപ്പിലൂടെയാണ് രാജി വെച്ചത്. അനന്തുവിനെ പരിചയപ്പെടുന്നത് ആനന്ദകുമാർ വഴിയാണെന്നും ബീന പറയുന്നു. പദ്ധതിയുടെ നടത്തിപ്പ് ബൾക്ക് പർച്ചേസിലെ ഡിസ്‌കൗണ്ട് വഴിയാണെന്നായിരുന്നു ഇരുവരും ബീന ഉൾപ്പെടെയുള്ള ട്രസ്റ്റികളോട് പറഞ്ഞിരുന്നത്.
കമ്പനികളിൽ നിന്ന് ബൾക്ക് പർച്ചേസ് വരുമ്പോൾ ഒരു മാർജിൻ ഡിസ്‌കൗണ്ട് കിട്ടുമെന്നും ഡീലർമാർ അവരുടെ കമ്മീഷന്റെ ഒരു ശതമാനം കുറച്ചിട്ടുണ്ടെന്നും അനന്തു പറഞ്ഞു. ബൾക്ക് പർച്ചേസിന്റെ ഡിസ്‌കൗണ്ടും കമ്മീഷനിലെ ഇളവും കഴിഞ്ഞാലും പാതിവിലയ്ക്ക് സ്‌കൂട്ടർ കൊടുക്കാൻ കഴിയില്ലെന്ന് തങ്ങൾക്ക് അറിയാമായിരുന്നു. ഇക്കാര്യം പലതവണ അനന്തുവിനോട് ചോദിച്ചതാണ്. ഈ സംശയത്തിന് അനന്തു ഒരിക്കലും മറുപടി തന്നിരുന്നില്ലെന്നും ബീന വ്യക്തമാക്കി.
സ്‌കൂട്ടർ വിതരണം നിലച്ചപ്പോൾ അക്കാര്യവും അനന്തുവിനോട് ചോദിച്ചു. 'അക്കൗണ്ട് ഫ്രീസായിപ്പോയി' എന്നായിരുന്നു മറുപടി. ഇത് ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ലെന്നും എത്രയും വേഗം കൊടുത്തു തീർക്കണമെന്നും തങ്ങൾ അനന്തുവിനോട് പറഞ്ഞു. ആളുകൾ പരാതി ഉന്നയിച്ചപ്പോൾ ആനന്ദകുമാറിനെ വിവരം അറിയിച്ചു. തനിക്കറിയില്ലെന്നും അയാളൊന്നും തന്നില്ലെന്നുമുള്ള മട്ടിലാണ് ആനന്ദകുമാർ മറുപടി പറഞ്ഞത്. എന്നാൽ ആ സമയത്തും അനന്തു പണപ്പിരിവ് തുടർന്നിരുന്നു. വിഷയം ഗുരുതരമാകുമെന്ന് കണ്ടതോടെ ആനന്ദകുമാർ രാജിവെച്ചു. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇതിൽ നിന്ന് മാറുകയാണെന്നും അറിയിച്ചു. പക്ഷേ തങ്ങൾ അത് അംഗീകരിച്ചിട്ടില്ല. സംശയം ഉയർന്നപ്പോൾ കണക്ക് പലപ്പോഴും ചോദിച്ചിരുന്നു. അതിനൊന്നും ഉത്തരമില്ലായിരുന്നു.ബീനയുടെ വാക്കുകൾ.
തിരുവനന്തപുരം പ്രസ് ക്ലബിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകിയെന്ന് അനന്തു കൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ മുൻ സെക്രട്ടറി കെ.എൻ. സാനു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.
പകുതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന കരാറിൽ പ്രസ് ക്ലബും അനന്തു കൃഷ്ണയും ഒപ്പിട്ടെന്ന വിവരവും പരാതിയിൽ പറയുന്നു. 2024 മാർച്ച് 20നാണ് ഇരുഭാഗവും കരാറിൽ ഒപ്പിട്ടത്. പരാതിയിൽ പ്രസ് ക്ലബ് ഭാരവാഹികളെ പൊലീസ് ചോദ്യം ചെയ്യും.
പോലീസിന് നൽകിയ മൊഴിയിലാണ് അനന്തു കൃഷ്ണൻ ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ ഒരു എം.എൽ.എക്ക് ഏഴ് ലക്ഷം രൂപ നൽകിയത്രേ. കൂടാതെ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപയും, സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗ്ഗീസിന് 25 ലക്ഷം രൂപയും, കോട്ടയം എം.പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപയും കൈമാറിയെന്നുമാണ് മൊഴി. മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. അതേസമയം മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ പറഞ്ഞു.
ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് അനന്തു കൃഷ്ണന്റെ മൊഴി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. കൂടാതെ തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നും മൊഴിയുണ്ട്. അവിടേക്ക് അയച്ചാൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റിയെടുക്കാമെന്ന് സി.വി. വർഗീസ് പറഞ്ഞത്രേ. പ്രമുഖരെ കുടുക്കുന്ന ചില ഫോൺ കോൾ റെക്കോർഡിംഗുകളും വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളും പൊലീസ് കണ്ടെടുത്തതായാണ് സൂചന. എല്ലാ ഉന്നതരും പെടട്ടെയെന്ന് അനന്തു തങ്ങളോട് പറഞ്ഞതായും പൊലീസ് അറിയിച്ചു.
അറസ്റ്റിലായി പോലീസിന്റെ കസ്റ്റഡിയിലുള്ള അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇതിനിടെ കോടതി തള്ളി. മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. അനന്തുകൃഷ്ണൻ പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ ആണെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. പാതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത കേസിൽ പ്രതി അനന്തു കൃഷ്ണന് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് തന്റേതെന്നായിരുന്നു അനന്തു കൃഷ്ണന്റെ വാദം. മൂവാറ്റുപുഴ പൊലീസ് പറയുന്നത് പോലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടില്ലെന്നും അനന്തു കൃഷ്ണന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രതിക്ക് ഉന്നത ബന്ധങ്ങൾ ഉണ്ടെന്നും ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. കോടികളുടെ ഇടപാട് നടന്ന വലിയ തട്ടിപ്പ് ആണിതെന്നും പ്രോസിക്യൂഷൻ വാദം ഉന്നയിച്ചിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് നിലവിൽ അനന്തു കൃഷ്ണൻ റിമാൻഡിൽ കഴിയുന്നത്. അനന്തുവിന്റെ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 385 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 33,000 പേരാണ് പരാതികളുമായി എത്തിയതെന്നും പൊലീസ് വ്യക്തമാക്കുന്നു. നിലവിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് വിവിധ യൂണിറ്റുകളായി തിരിഞ്ഞ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, പാതിവില തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രതി അനന്തു കൃഷ്ണന്റെ പേഴ്‌സണൽ ഡയറിയിൽ എല്ലാ വിവരങ്ങളും ഉണ്ടെന്ന് കോൺഗ്രസ് നേതാവും അനന്തുവിന്റെ നിയമോപദേശകയുമായ ലാലി വിൻസെന്റ് പറഞ്ഞു. മൂവാറ്റുപുഴയിലെ കേസ് വ്യാജമാണത്രേ. ഏഴരക്കോടിയെന്ന കണക്ക് എങ്ങനെ വന്നുവെന്നതും പണം നൽകിയവരെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും അനന്തു കൃഷ്ണൻ സൂക്ഷിച്ചിട്ടുണ്ടെന്നും ലാലി വിൻസെന്റ് പറഞ്ഞു. 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിനു വേണ്ടി ലാലി വിൻസെന്റ് വാദിച്ചത്.
'അനന്തുവിന്റെ അക്കൗണ്ടിലേക്ക് പൈസയിട്ടുവെന്ന് യാതൊരു തെളിവുമില്ലാതെ കളവായി പറഞ്ഞ ഒരു എഫ്‌ഐആർ ആണ് ഇത്. പൊലീസ് എടുത്ത കേസിൽ വലിയ അപാകതകളുണ്ട്. പ്രമീളയും റെജിയും പറയുന്ന സൊസൈറ്റിയുടെ കണക്ക് നോക്കുമ്പോൾ അവർക്ക് ആകെ തിരിച്ചുകൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണ്. ഏഴരക്കോടിയുടെ കണക്ക് എവിടെ നിന്നാണ് വന്നതെന്ന് അവർ തന്നെ തെളിയിക്കേണ്ടി വരും. അനന്തുകൃഷ്ണന്റെ അക്കൗണ്ട് വളരെ സുതാര്യവും സത്യസന്ധവുമാണ്. കിട്ടിയ പണത്തിൽ നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്ക് ഉണ്ട്'. ലാലി വിൻസെന്റിന്റെ വാദം ഇങ്ങനെ. 'അനന്തുകൃഷ്ണൻ പുറത്തിറങ്ങിയാൽ വലിയ കമ്പനികളുമായി ബന്ധപ്പെട്ട് സിഎസ്ആർ ഫണ്ട് കൊണ്ടുവരാൻ ശ്രമിക്കും. അയാൾ ഇത് നന്നായി പഠിച്ചിട്ടുണ്ട്. സിഎസ്ആർ ഫണ്ടിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരാൾ അനന്തുവാണ്.'
'അനന്തുകൃഷ്ണന് എല്ലാ രാഷ്ട്രീയ പാർട്ടിക്കാരുമായും ബന്ധമുണ്ടെന്നും സിപിഎമ്മിലെ നേതാക്കൾക്കും പണം നൽകിയിട്ടുണ്ടെന്നും ലാലി പറയുന്നു.' അനന്തു നവകേരള സദസിന് പണം നൽകിയതായി അക്കൗണ്ടിൽ കാണാം.അത് പൊലീസിനോടും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് പ്രശ്‌നത്തിൽ ഇടപെടാൻ അപ്പോയൻമെന്റ് എടുത്തു കൊടുത്തത്. കെ.എം. എബ്രഹാമിന്റെ ബന്ധുവാണ് കോഴിക്കോട് സ്വദേശി ബേബി. ബേബി നാഷണൽ എൻജിഒ കോൺഫഡറേഷന്റെ ട്രസ്റ്റിന്റെ ഭാഗമാണ്. ഇവരുടെയെല്ലാം അക്കൗണ്ടിലേക്ക് കോടികൾ പോയിട്ടുണ്ട്. നവകേരള സദസിന് വേണ്ടി പ്രിന്റഡ് ഷോപ്പിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഏഴ് ലക്ഷം രൂപയിട്ടു എന്നും എന്നോട് പറഞ്ഞിട്ടുണ്ട്'. ലാലി പറഞ്ഞു.
ഒക്ടോബർ മൂന്നിനാണ് അനന്തുവിനെതിരെ ആദ്യമായി പരാതി വരുന്നത്. മൂവാറ്റുപുഴയിൽ നിന്നുമായിരുന്നു പരാതി. തുടർന്ന് അനന്തു കൃഷ്ണന്റെ ഐസിഐസിഐ ബാങ്കിന്റെ അക്കൗണ്ട് മരവിപ്പിച്ചു. ഇതിനെതിരെ പരാതി നൽകുന്നതിനാണ് അനന്തു കൃഷ്ണനും ബേബിയും പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇതിനുവേണ്ടി ഡിഐജിയെ പരിചയപ്പെടുത്തുന്നത് എബ്രഹാമാണെന്നാണ് ലാലി ആരോപിക്കുന്നത്. സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ അനന്തുകൃഷ്ണനെ സാമ്പത്തികമായി ഉപയോഗിച്ചെന്നും ലാലി പറഞ്ഞു. സ്‌കൂട്ടറുകൾ വിതരണം ചെയ്യുമ്പോൾ ഓരോ വാഹനത്തിനും ആനുപാതികമായിട്ടുള്ള പണം സർവീസ് ചാർജിനത്തിൽ തനിക്ക് നൽകണമെന്ന് ആനന്ദകുമാർ ആവശ്യപ്പെട്ടെന്നും അത് അനന്തു കൃഷ്ണനോട് രേഖയില്ലാതെ കൊടുക്കരുതെന്ന് പറഞ്ഞ് തടഞ്ഞത് താനാണെന്നും ലാലി കൂട്ടിച്ചേർത്തു. തന്റെ വാക്ക് കേട്ട് പണം കൊടുക്കാതിരുന്നപ്പോൾ ആനന്ദകുമാർ ക്ഷുഭിതനായെന്നും ലാലി പറയുന്നു. ടെക്‌നോപാർക്കിൽ ആനന്ദകുമാർ ചെയ്യുന്ന പുതിയ പ്രൊജക്ടുകളുടെ വലിയ ഷെയർ അനന്തുവിന്റേതാണ്.
പരാതിക്കാർക്കു മുഴുവൻ പണം തിരിച്ചു നൽകണമെങ്കിൽ 300 കോടി രൂപയെങ്കിലും പ്രതികൾ കണ്ടെത്തേണ്ടി വരുമെന്നാണു പൊലീസ് പറയുന്നത്. 2 കോടിയിലേറെ രൂപ കിട്ടാനുണ്ടെന്ന് ഇലക്ട്രിക് സ്‌കൂട്ടർ വിതരണക്കമ്പനിയും അറിയിച്ചിട്ടുണ്ട്. അതേസമയം നേതാക്കളടക്കമുള്ള ഉന്നതർ പണം ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും രേഖകളും സ്വന്തം ഐക്ലൗഡിൽ സൂക്ഷിച്ചതിന്റെ പാസ്വേഡും അനന്തു കൃഷ്ണൻ പൊലീസിനു നൽകിയിട്ടുണ്ട്. ഇതു പരിശോധിക്കപ്പെടുന്നതോടെ ഏതൊക്കെ രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നേക്കും.
ആദ്യഘട്ടത്തിൽ റജിസ്റ്റർ ചെയ്ത 34 കേസുകൾ ഏറ്റെടുത്ത ക്രൈംബ്രാഞ്ച് മുഴുവൻ ഗുണഭോക്താക്കളുടെയും മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. സാധനങ്ങൾ കിട്ടിയവരുടെയും തട്ടിപ്പിന് ഇരയായവരുടെയും മൊഴി എടുക്കാനാണ് തീരുമാനം. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 11 സംഘങ്ങളായാണ് അന്വേഷിക്കുന്നത്. ഏകദേശം 37 കോടി രൂപയുടെ തട്ടിപ്പാണ് ഈ 34 കേസുകളിൽ ഉള്ളത്. അനന്തുകൃഷ്ണനിൽനിന്നു സംഭാവനയായി പണം സ്വീകരിച്ചവരുടെയും മൊഴി എടുക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഓരോ ദിവസം കഴിയും തോറും കേസുകളിലെ എണ്ണം വർധിക്കുകയാണ്. ഇതോടെ വ്യാപകമായ അന്വേഷണമാകും ക്രൈംബ്രാഞ്ച് സംഘത്തിനു നടത്തേണ്ടിവരിക. അനന്തുകൃഷ്ണനും ആനന്ദകുമാറുമാണു മുഖ്യ പ്രതികൾ. ഓരോ ജില്ലയിലും പദ്ധതിക്കു കളമൊരുക്കിയ സന്നദ്ധസംഘടനകളുടെ പ്രതിനിധികളും പ്രതികളാകും.
(9447725649)