
കളമശേരി സർക്കാർ പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി. 10 കിലോഗ്രാം കഞ്ചാവാണ് പൊലീസിന്റെ മിന്നൽപരിശോധനയിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വിദ്യാർത്ഥികൾ ഓടി രക്ഷപെട്ടു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപള്ളി സ്വദേശി അഭിരാജ്, എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രിയിലാണ് ഹോസ്റ്റലിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടു. റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വിൽപ്പനക്കുള്ള ത്രാസും മൊബൈൽ ഫോണുകളും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.











