
ന്യൂഡൽഹി: പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ നടത്തിയ ജെബി മേത്തർ എംപിയെയും എൻഎസ്യുഐ പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ 4.30ഓടെയായിരുന്നു നടപടി. പത്ത് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് നടപടി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഒക്ടോബർ 13ന് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് മർദനമേറ്റെന്ന് ആരോപിച്ച ആതിര വിജയൻ, ഋതു തുടങ്ങിയ വിദ്യാർഥികളാണ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. സംഭവത്തിൽ പരാതി നൽകിയിട്ടും ഡൽഹി പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നീതി ലഭിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ.
ഒരു വരി എഴുതിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും പകരം വിദ്യാർഥികളെ കൈയേറ്റം ചെയ്യുകയാണെന്നും ജെബി മേത്തർ എംപി ആരോപിച്ചു. ശാരീരികമായി തീർത്തും അവശയായ ആതിരയെ പൊലീസ് വലിച്ചിഴച്ചതായും എംപി വിമർശിച്ചു. പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് ഉൾപ്പെടെയുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
കേരളത്തിൽ കേസെടുത്തിട്ടുണ്ടെന്ന കാരണമാണ് ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരിക്കാൻ ചൂണ്ടിക്കാട്ടുന്നതെന്ന് ആതിര വിജയൻ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ വ്യക്തമാക്കി. പൊലീസ് മർദനത്തെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴും മാറിയിട്ടില്ലെന്നും കണ്ണിൽ രക്തം കട്ടപിടിച്ചതായും കേൾവിക്ക് ബുദ്ധിമുട്ടും അടിവയറ്റിൽ വേദനയും അനുഭവപ്പെടുന്നുണ്ടെന്നും ആതിര നേരത്തേ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, പ്രതിഷേധത്തിനിടെ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. മഫ്തിയിലെത്തിയ പൊലീസുകാർ പ്രവർത്തകരെ ക്രൂരമായി മർദിച്ചെന്നും പരാതിയുണ്ട്. പൊലീസ് സ്റ്റേഷന് മുന്നിൽനിന്ന് പിന്മാറാൻ തയ്യാറാകാതിരുന്ന ആതിരയുൾപ്പെടെയുള്ള വിദ്യാർഥികളെ പുലർച്ചെയാണ് കസ്റ്റഡിയിലെടുത്ത് നീക്കിയത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു ആതിരയ്ക്ക് മർദനമേറ്റതെന്നാണ് ആരോപണം. സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് പൊലീസ് അതിക്രമം നടത്തിയതെന്ന് ആതിര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ, ആതിരയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പോലും തെളിവില്ലെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. ഡൽഹി പൊലീസ് കേസെടുക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും ആതിര വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, സംഭവത്തിൽ ആതിര വിജയന്റെ പരാതിയിൽ കേരളത്തിലും കേസെടുത്തിട്ടുണ്ട്. ഡിജിപിക്ക് ലഭിച്ച പരാതി മ്യൂസിയം പൊലീസിന് കൈമാറിയതിനെത്തുടർന്നാണ് നടപടി. സീറോ എഫ്ഐആറാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ പ്രതികളായി ആരുടെയും പേര് പ്രത്യേകമായി പരാമർശിച്ചിട്ടില്ല.










