ഇന്ത്യയിലെ സ്ത്രീകളിൽ സാധാരണ പ്രസവത്തോടുള്ള ആഭിമുഖ്യം കുറയുന്നെന്ന് പഠന റിപ്പോർട്ട്. ഇന്ത്യയിലെ അഞ്ചിലൊന്ന് സ്ത്രീകളും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ സിസേറിയനാണ് തെരഞ്ഞെടുക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മുൻകാലങ്ങളിൽ അമ്മയുടെയോ നവജാതശിശുവിന്റെയോ മരണം തടയാനായിരുന്നു ഡോക്ടർമാർ സിസേറിയൻ നിർദേശിച്ചിരുന്നത്.
എന്നാൽ ചില സംസ്ഥാനങ്ങളിൽ ഇങ്ങനെയല്ലാതെയും സിസേറിയൻ നടക്കുന്നതായും ദേശീയ കുടുംബാരോഗ്യ സർവേ കണ്ടെത്തിയിരുന്നു. അരുണാചൽ പ്രദേശിൽ താരതമ്യേന കുറഞ്ഞ സി-സെക്ഷൻ ഡെലിവറി നിരക്ക് 14.5 ശതമാനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിസേറിയനായി ഭൂരിപക്ഷം സ്ത്രീകളും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
ദേശീയ കുടുംബാരോഗ്യ സർവേയുടെ (2019- 2021) യുടെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൽ നിന്നുള്ള ഗവേഷകരാണ് വിശദമായ പഠനം നടത്തിയത്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 15-49 വയസ് പ്രായമുള്ള 7.2 ലക്ഷത്തിലധികം സ്ത്രീകളുടെ ജനന വിവരങ്ങൾ വിശകലനം ചെയ്തു. ഇന്ത്യയിലെ സിസേറിയൻ ഡെലിവറി നിരക്ക് 21.5 ശതമാനമാകണമെന്നാണ് നിബന്ധന.
വയറിലും ഗർഭപാത്രത്തിലും മുറിവുണ്ടാക്കി അതുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ. സങ്കീർണതകളുള്ള ഗർഭധാരണം, സാധാരണ പ്രസവം നടക്കാൻ പ്രയാസം, കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ, കുഞ്ഞിന് അമിതഭാരം, തുടങ്ങിയ വിവിധ സന്ദർഭങ്ങളിളാണ് സിസേറിയൻ ചെയാറുള്ളത്. മുമ്പൊക്കെ കോട്ടൺ നൂലുകളിലുള്ള സ്റ്റിച്ചുകളാണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അബ്സോർബബിൾ സ്റ്റിച്ചുകളാണ് ഉപയോഗിക്കുന്നത്. പുറത്ത് കാണാൻ സാധിക്കാത്ത രീതിയിലാണ് സ്റ്റിച്ച് ചെയ്യുക.