11:55pm 12 November 2026
NEWS
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ അടച്ചുപൂട്ടിയത് 1,750 സ്വകാര്യ ആശുപത്രികൾ
13/02/2026  04:27 PM IST
nila
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിൽ അടച്ചുപൂട്ടിയത് 1,750 സ്വകാര്യ ആശുപത്രികൾ

തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 1,750 സ്വകാര്യ ആശുപത്രികൾ പ്രവർത്തനം നിർത്തിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 1,306 ഒ.പി മാത്രമുള്ള ക്ലിനിക്കുകളാണ്. കിടത്തി ചികിത്സാ സംവിധാനങ്ങളുള്ള 444 ആശുപത്രികളും ഈ കാലയളവിൽ അടച്ചുപൂട്ടി.

2021ന് മുമ്പുള്ള അഞ്ച് വർഷത്തിനിടെ 148 ഒ.പി കേന്ദ്രങ്ങളും 262 കിടത്തി ചികിത്സാ ആശുപത്രികളും മാത്രമാണ് പ്രവർത്തനം അവസാനിപ്പിച്ചത്. പുതിയ കണക്കുകൾ പ്രകാരം അടുത്തിടെ അടച്ചുപൂട്ടലുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംസ്ഥാനത്ത് മൊത്തം ആശുപത്രികളുടെ എണ്ണം എണ്ണം 3,677ൽ നിന്ന് 5,402 ആയി ഉയർന്നിട്ടുണ്ട്. ആശുപത്രി കിടക്കകളുടെ എണ്ണം 80,267ൽ നിന്ന് 82,557 ആയി വർധിച്ചു. കിടത്തി ചികിത്സ നടത്തുന്ന 1,708 സ്ഥാപനങ്ങളിൽ 39 എണ്ണം 300-ലധികം കിടക്കകളുള്ളവയും 312 എണ്ണം 50 മുതൽ 300 വരെ കിടക്കകളുള്ളവയുമാണ്. 1,357 ആശുപത്രികളിൽ 50ൽ താഴെ കിടക്കകളാണ് ഉള്ളത്; ഇതിൽ 1,011 ആശുപത്രികളിൽ 20ൽ താഴെ കിടക്കകൾ മാത്രമാണ്.

സാധാരണ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്നത് ചെറുകിട ആശുപത്രികളാണെന്നും അവ നിലനിൽക്കുന്നത് അത്യാവശ്യമാണെന്നും ഐ.എം.എ വ്യക്തമാക്കി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ പ്രായോഗികമല്ലാത്ത വ്യവസ്ഥകളാണ് ചെറുകിട ആശുപത്രികൾ അടയാൻ കാരണമെന്നാണ് സംഘടനയുടെ ആരോപണം.

ചെറുകിട സ്ഥാപനങ്ങളെ നിയമത്തിൽ നിന്ന് ഒഴിവാക്കി സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ ഇന്ന് സംസ്ഥാനവ്യാപകമായി ‘പൊതുജന ആരോഗ്യ സംരക്ഷണ ദിനം’ ആചരിക്കുകയാണ്. ജില്ലാ മെഡിക്കൽ ഓഫീസുകൾക്കും തിരുവനന്തപുരത്തെ ഡി.എച്ച്.എസ് ഓഫീസിനുമുന്നിൽ ഡോക്ടർമാർ പ്രതിഷേധം സംഘടിപ്പിച്ച് സർക്കാരിന് അവകാശപത്രിക സമർപ്പിക്കുമെന്നും സംഘടന അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img